മുംബൈ: ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനം നാളെ ആരംഭിക്കുകയാണ്. രണ്ട് മത്സര ടെസ്റ്റ് പരമ്പരയാണ് ആദ്യം നടക്കുന്നത്. ഒരാഴ്ചക്ക് മുമ്പ് വെസ്റ്റ് ഇന്‍ഡീസിലെത്തിയ ഇന്ത്യന്‍ ടീം മികച്ച പരിശീലനം നടത്തിയാണ് വിന്‍ഡീസ് മണ്ണിലിറങ്ങുന്നത്. വെസ്റ്റ് ഇന്‍ഡീസിന്റെ സമീപകാല പ്രകടനങ്ങള്‍ മോശമാണെങ്കിലും തട്ടകത്തില്‍ അവരെ വിലകുറച്ചുകാണാനാവില്ല. പേസിനെ പിന്തുണക്കുന്ന പിച്ചാണ് വെസ്റ്റ് ഇന്‍ഡീസിലേത്. ഇന്ത്യയുടെ പല യുവതാരങ്ങളും ഇതിന് മുമ്പ് വെസ്റ്റ് ഇന്‍ഡീസില്‍ കളിച്ചിട്ടുമില്ല.
ചേതേശ്വര്‍ പുജാരയെ ഒഴിവാക്കി ഇറങ്ങുന്ന ഇന്ത്യക്ക് ബാറ്റിങ്ങില്‍ ആശങ്കപ്പെടേണ്ടതായുണ്ട്. വിരാട് കോലി, രോഹിത് ശര്‍മ എന്നിവരുടെ ഫോം പ്രശ്‌നമാണ്. ശുബ്മാന്‍ ഗില്ലിന് ഡബ്ല്യുറ്റിസി ഫൈനലില്‍ തിളങ്ങാനായിരുന്നില്ല. റുതുരാജ് ഗെയ്ക്‌വാദ്, യശ്വസി ജയ്‌സ്വാള്‍ എന്നീ യുവതാരങ്ങളില്‍ നിന്നും അത്ഭുതം പ്രതീക്ഷിക്കാനാവില്ല. വെസ്റ്റ് ഇന്‍ഡീസ് പിച്ചില്‍ എങ്ങനെ നന്നായി ബാറ്റുചെയ്യണമെന്നതിനുള്ള ഏറ്റവും വലിയ ഉദാഹരണം രാഹുല്‍ ദ്രാവിഡ്.
വിന്‍ഡീസില്‍ മികച്ച ബാറ്റിങ് റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് നിലവിലെ ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ കൂടിയായ ദ്രാവിഡ്. കരീബിയന്‍ മണ്ണില്‍ 17 ടെസ്റ്റ് കളിച്ച അദ്ദേഹം 65.70 ശരാശരിയില്‍ 1511 റണ്‍സാണ് നേടിയിട്ടുള്ളത്. വെസ്റ്റ് ഇന്‍ഡീസില്‍ ടെസ്റ്റ് ടീമിനെ നയിക്കുകയും ചെയ്തിട്ടുള്ള താരമാണ് ദ്രാവിഡ്. ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ ദ്രാവിഡില്‍ നിന്ന് മാതൃകയാക്കേണ്ട മൂന്നുകാര്യങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
ഒന്നാമത്തെ കാര്യം ഫ്രണ്ട് ഫൂട്ട് ഷോട്ട് കളിക്കുകയെന്നതാണ്. ദ്രാവിഡ് വെസ്റ്റ് ഇന്‍ഡീസില്‍ കളിച്ചപ്പോഴെല്ലാം കൂടുതലും ഉപയോഗിച്ചത് ഫ്രണ്ട് ഫൂട്ട് ഷോട്ടുകളാണ്. ബൗളറുടെ ലൈനും ലെങ്തും അനുസരിച്ച് നന്നായി ബാറ്റുചെയ്യാന്‍ ഫ്രണ്ട്ഫൂട്ട് ഷോട്ടുകള്‍ സഹായിക്കും. വിരാട് കോലി സമീപകാലത്ത് കൂടുതല്‍ പുറത്തായിട്ടുള്ളത് അനാവശ്യമായ കവര്‍ഡ്രൈവുകള്‍ക്ക് ശ്രമിച്ചാണ്. ഓഫ് സ്റ്റംപിന് പുറത്തേക്ക് വരുന്ന പന്തുകളില്‍ കോലി പതറുന്നു.

വിന്‍ഡീസ് പിച്ചില്‍ അതിവേഗത്തിലെത്തുന്ന പന്തുകളോടൊപ്പം പിച്ച് ചെയ്ത ശേഷം വേഗം കുറയുന്ന പന്തുകളും കാണാനാവും. അതുകൊണ്ടുതന്നെ വളരെ ശ്രദ്ധ ബാറ്റ്‌സ്മാന്‍മാര്‍ക്ക് അത്യാവശ്യമാണ്. രാഹുല്‍ ദ്രാവിഡിന്റെ ക്ഷമയാണ് രണ്ടാമതായി കണ്ടുപഠിക്കേണ്ടത്. വെസ്റ്റ് ഇന്‍ഡീസ് പിച്ചില്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്തുകയെന്നത് പ്രയാസമുള്ള കാര്യമാണ്. ക്ഷമയോടെ ഏറെ നേരം പിടിച്ചുനിന്ന് പതിയെ റണ്‍സുയര്‍ത്തുകയെന്നതാണ് പ്രധാനപ്പെട്ട കാര്യം.
ദ്രാവിഡ് മികച്ച പ്രകടനം കാഴ്ചവെച്ചത് അതേ തന്ത്രത്തിലൂന്നിയാണ്. പുജാര ടീമിലില്ലാത്തതിനാല്‍ അന്ന് ദ്രാവിഡ് ചെയ്തത് ഇപ്പോള്‍ അജിന്‍ക്യ രഹാനെ ചെയ്യേണ്ടി വരും. രോഹിത് ശര്‍മയും വിരാട് കോലിയും ക്ഷമ കാട്ടില്ലെന്ന കാര്യം ഉറപ്പാണ്. ഇരുവരും അവരുടെ തനത് ശൈലിയില്‍ മുന്നോട്ട് പോകുമ്പോള്‍ ക്ഷമയോടെ പിടിച്ചുനില്‍ക്കാന്‍ ആര്‍ക്ക് സാധിക്കുമെന്നതാണ് കണ്ടറിയേണ്ടത്. കടന്നാക്രമിച്ച് കളിക്കാന്‍ പദ്ധതിയിട്ടാല്‍ കൂട്ടത്തകര്‍ച്ചയുറപ്പ്.
മൂന്നാമത്തെ കാര്യം 'വി' മാതൃകയില്‍ ഷോട്ടുകള്‍ കളിക്കുകയെന്നതാണ്. നിലയുറപ്പിക്കുന്നതുവരെ ദ്രാവിഡ് റണ്‍സുയര്‍ത്തിയിരുന്നത് ഈ ശൈലിയിലാണ്. മിഡ് ഓഫ്, മിഡ് ഓണ്‍ ഭാഗത്തേക്ക് ഷോട്ട് കളിച്ച് പതിയെ റണ്‍സുയര്‍ത്തുന്ന രീതിയാണിത്. രോഹിത് ശര്‍മ, വിരാട് കോലി, ശുബ്മാന്‍ ഗില്‍, അജിന്‍ക്യ രഹാനെ എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടത്. ഇവര്‍ നിലയുറപ്പിക്കുന്നതുവരെ വി ഫോര്‍മാറ്റ് ശൈലി പിന്തുടരുന്നതാണ് നല്ലത്.
ദ്രാവിഡിന്റെ ഈ വിജയ രഹസ്യം താരങ്ങളുമായി പങ്കുവെച്ചിട്ടുണ്ടാവുമെന്നുറപ്പ്. എന്നാല്‍ ദ്രാവിഡിന്റെ നേട്ടം ആവര്‍ത്തിക്കുക വളരെ പ്രയാസമാവും. അദ്ദേഹത്തെപ്പോലെ ശ്രദ്ധയോടെ കളിക്കുന്ന താരങ്ങള്‍ ഇന്നത്തെ ടീമിലില്ലെന്നതാണ് വസ്തുത. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം സീസണില്‍ ജയത്തോടെ തുടങ്ങാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. പക്ഷെ ബ്രയാന്‍ ലാറയെ പരിശീലക സംഘത്തില്‍ക്കൂട്ടി വിന്‍ഡീസും ശക്തമായ മുന്നൊരുക്കം നടത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പോരാട്ടം കടുക്കുമെന്ന കാര്യം ഉറപ്പാണ്.