ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടി20യിലെ തോല്‍വി ഇന്ത്യക്ക് വലിയ നാണക്കേടായിരിക്കുകയാണ്. നാല് റണ്‍സിനാണ് ഇന്ത്യ ആതിഥേയര്‍ക്ക് മുന്നില്‍ നാണംകെട്ടത്. അപ്രതീക്ഷിത ബാറ്റിങ് തകര്‍ച്ച നേരിട്ടതാണ് ആദ്യ മത്സരത്തിലെ ഇന്ത്യയുടെ തോല്‍വിയുടെ കാരണം. രണ്ടാം മത്സരത്തില്‍ വിജയ വഴിയില്‍ തിരിച്ചെത്തേണ്ടത് ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. ആദ്യ മത്സരത്തിലെ നാണക്കേട് മായ്ക്കാന്‍ വമ്പന്‍ ജയം തന്നെ ഇന്ത്യക്ക് ആവശ്യമാണ്.
എന്നാല്‍ വിജയം നേടുക ഇന്ത്യയെ സംബന്ധിച്ച് ഒട്ടും എളുപ്പമാവില്ല. ചില പ്രധാന കാര്യങ്ങള്‍ ശ്രദ്ധിച്ചാലെ ഇന്ത്യക്ക് വിജയ വഴിയിലേക്ക് തിരിച്ചെത്താനാവൂ. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ കാര്യം ഓപ്പണിങ് കൂട്ടുകെട്ടില്‍ മാറ്റം വരുത്തണം. ശുബ്മാന്‍ ഗില്ലും ഇഷാന്‍ കിഷനും സമീപകാലത്തെ ടി20കളില്‍ വലിയ പ്രകടനം കാഴ്ചവെച്ചിട്ടില്ല. അതുകൊണ്ടുതന്നെ മികച്ച തുടക്കം ഇന്ത്യക്ക് ലഭിക്കുന്നില്ല. ആദ്യ ടി20യില്‍ ഇന്ത്യയെ ചതിച്ചത് ഓപ്പണര്‍മാരുടെ നിറം മങ്ങിയ പ്രകടനമാണ്.
അവസാന 15 ഇന്നിങ്‌സില്‍ ഒരു തവണ മാത്രമാണ് ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ട് 30 പ്ലസ് റണ്‍സ് നേടിയത്. അതുകൊണ്ടുതന്നെ ഇഷാന്‍ കിഷന് വിശ്രമം നല്‍കി ഇന്ത്യ യശ്വസി ജയ്‌സ്വാളിന് അരങ്ങേറാന്‍ അവസരമൊരുക്കേണ്ടതാണ്. ടെസ്റ്റ് പരമ്പരയില്‍ മിന്നിച്ച ജയ്‌സ്വാള്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായും തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. അതുകൊണ്ടുതന്നെ ടി20യില്‍ ജയ്‌സ്വാളിന് ഇന്ത്യ അവസരം നല്‍കാവുന്നതാണ്.
രണ്ടാമത്തെ കാര്യം ബാറ്റിങ് കരുത്ത് ഉയര്‍ത്തണമെന്നതാണ്. ഇന്ത്യക്ക് ബൗളിങ് വലിയ തലവേദനയല്ല. സ്പിന്നര്‍മാരായ യുസ്‌വേന്ദ്ര ചഹാലും കുല്‍ദീപ് യാദവും അക്ഷര്‍ പട്ടേലും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. അര്‍ഷദീപ് സിങ്, മുകേഷ് കുമാര്‍, ഹാര്‍ദിക് പാണ്ഡ്യ കൂട്ടുകെട്ടും മോശമാക്കുന്നില്ല. ഡെത്തോവറിലെല്ലാം ഇന്ത്യയുടെ ബൗളര്‍മാര്‍ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. അതുകൊണ്ടുതന്നെ ഇന്ത്യ ശ്രദ്ധിക്കേണ്ടത് ബാറ്റിങ്ങിലാണ്.

ഇന്ത്യ ഒരു പേസറെയോ സ്പിന്നറയോ പുറത്തിരുത്തി അധികം ഒരു ബാറ്റ്‌സ്മാനെ കളിപ്പിക്കണം. മറ്റൊരു കാര്യം കൃത്യമായ ബാറ്റിങ് ഓഡര്‍ കൊണ്ടുവരണം. സഞ്ജു സാംസണിനെ ഫിനിഷര്‍ റോളില്‍ കളിപ്പിക്കുന്നത് മണ്ടത്തരമാണ്. അദ്ദേഹത്തിന് മധ്യനിരയില്‍ നാലാം നമ്പറിലോ അഞ്ചാം നമ്പറിലോ അവസരം നല്‍കണം. ഹാര്‍ദിക് പാണ്ഡ്യക്കൊപ്പം തിലക് വര്‍മയെ ഫിനിഷറാക്കേണ്ടതാണ്. ഫിനിഷര്‍ റോളില്‍ നേരത്തെ തിളങ്ങിയിട്ടുള്ള താരമാണ് തിലക്.
മൂന്നാമത്തെ കാര്യം ഇന്ത്യയുടെ ഗെയിം പ്ലാന്‍ മാറണം. ഇന്ത്യ അവസാന 10 ഓവറില്‍ അടിച്ച് ജയിക്കുകയെന്ന പഴഞ്ചന്‍ തന്ത്രത്തെയാണ് ഇപ്പോഴും പിന്തുടരുന്നത്. ധോണിയുണ്ടായിരുന്ന സമയത്ത് അവസാന അഞ്ചോവറില്‍ മത്സരം വിജയ വഴിയിലേക്കെത്തിച്ചിരുന്നു. ധോണി വിരമിച്ച ശേഷം അത്തരമൊരു മികച്ച ഫിനിഷര്‍ ഇന്ത്യക്കില്ല. അതുകൊണ്ടുതന്നെ ഇന്ത്യ തുടക്കം മുതല്‍ വിജയത്തിനായുള്ള ബാറ്റിങ് കാഴ്ചവെക്കണം. പവര്‍പ്ലേയില്‍ ഇന്ത്യക്ക് കൂടുതല്‍ റണ്‍സ് നേടേണ്ടതായുണ്ട്.
തിലക് വര്‍മ ആദ്യ ടി20യില്‍ കാഴ്ചവെച്ചതുപോലെ അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ഇന്ത്യയുടെ മറ്റ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് സാധിക്കണം. സൂര്യകുമാര്‍ യാദവ് ടോപ് ഓഡറില്‍ കളിച്ചാല്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്തണം. പ്രതിരോധിച്ച് ഇന്നിങ്‌സ് കെട്ടിപ്പടുക്കാന്‍ സൂര്യ ശ്രമിക്കുന്നത് ടീമിന് ഗുണം ചെയ്യുന്നില്ല. ഇന്ത്യയുടെ തന്ത്രം മെച്ചപ്പെടുത്താത്ത പക്ഷം വിജയ വഴിയില്‍ തിരിച്ചെത്തുക പ്രയാസമായിരിക്കും.