ഇന്ത്യന്‍ ടി20 ടീമിന്റെ പുതിയ കോച്ചെന്ന നിലയില്‍ തുടക്കം ഗംഭീരമാക്കിയിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. പുതിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും ഗംഭീറും ചേര്‍ന്നുള്ള കോമ്പിനേഷന്‍ ക്ലിക്കായിക്കഴിഞ്ഞു. ശ്രീലങ്കയുമായുള്ള പരമ്പരയിലെ ആദ്യ രണ്ടു മല്‍സരങ്ങളിലും ജയിച്ച് ഇന്ത്യ അപരാജിത ലീഡ് നേടിക്കഴിഞ്ഞു. ഇനി പരമ്പര തൂത്തുവാരുകയാവും ടി20 ലോക ചാംപ്യന്‍മാരുടെ ലക്ഷ്യം. ഇനി മുഴുവന്‍ ശ്രദ്ധയും ഏകദിന പരമ്പരയിലേക്കാണ്.
വെള്ളിയാഴ്ചയാണ് ഇന്ത്യയും ലങ്കയും തമ്മിലുള്ള മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയ്ക്കു തുടക്കമാവുക. ആഗസ്റ്റ് 4, 7 തിയ്യതികളിലാണ് തുടര്‍ന്നുള്ള മല്‍സരങ്ങള്‍. ടി20യില്‍ കണ്ടതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ടീമിനെയാണ് ഏകദിനത്തില്‍ ഇന്ത്യയിറക്കുക. ക്യാപ്റ്റനായി രോഹിത് ശര്‍മ തിരിച്ചെത്തുമ്പോള്‍ മുന്‍ നായകന്‍ വിരാട് കോലിയും ടീമിനൊപ്പമുണ്ട്. കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, കുല്‍ദീപ് യാദവ് തുടങ്ങിയവരെല്ലാം ഏകദിനത്തില്‍ പോരിനിറങ്ങും.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിസിയുടെ ചാംപ്യന്‍സ് ട്രോഫിക്കുള്ള തയ്യാറെടുപ്പ് കൂടിയാണ് ഈ പരമ്പര. ടൂര്‍ണമെന്റിനു മുമ്പ് രണ്ട് ഏകദിന പരമ്പരകള്‍ മാത്രമേ ഇന്ത്യക്കുള്ളൂ. ഇവയിലൊന്നാണ് ലങ്കയ്‌ക്കെതിരേ ആരംഭിക്കാനിരിക്കുന്നത്. ചാംപ്യന്‍സ് ട്രോഫിക്കുള്ള ഏറ്റവും മികച്ച ടീം കോമ്പിനേഷന്‍ കണ്ടെത്താന്‍ ഗംഭീറിനു ലഭിക്കുന്ന അവസരമാണ് ഇനിയുള്ള ഓരോ ഏകദിന മല്‍സരവും.
പക്ഷെ ഏകദിന പരമ്പരയില്‍ എല്ലാവരും ഉറ്റുനോക്കുന്നത് ഗംഭീറും കോലിയിലേക്കുമായിരിക്കും. ഇരുവരും തമ്മില്‍ നേരത്തേയുണ്ടായിരുന്ന തര്‍ക്കങ്ങളും വാക്‌പോരുമെല്ലാം ഇന്ത്യന്‍ ഡ്രസിങ് റൂമിനെയും അസ്വസ്ഥമാക്കുമോയെന്നതാണ് പ്രധാന ചോദ്യം. ഐപിഎല്ലിനിടെ ഒന്നിലേറെ തവണ രണ്ടു പേരും തമ്മില്‍ കൊമ്പുകോര്‍ത്തിട്ടുണ്ട്.
ഏറ്റവും അവസാനമായി 2023ലെ ഐപിഎല്ലിനിടെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ഉപദേശകനായിരിക്കെ ഗംഭീറുമായി കോലി ഏറ്റുമുട്ടിയിരുന്നു. പക്ഷെ കഴിഞ്ഞ സീസണില്‍ ഗംഭീര്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനൊപ്പമുണ്ടായിരുന്നപ്പോള്‍ ഇരുവരും തമ്മിലുള്ള മഞ്ഞുരുകിയിരുന്നു. ഇരുവരും തമ്മില്‍ സൗഹൃദം പങ്കിടുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കോലിയുമായി തനിക്കു നല്ല ബന്ധം തന്നെയാണുള്ളതെന്നു പിന്നീട് ഇന്ത്യന്‍ കോച്ചായി വന്നപ്പോള്‍ ഗംഭീറും വ്യക്തകമാക്കിയിരുന്നു.

എങ്കിലും ഇന്ത്യന്‍ ഡ്രസിങ് റൂമില്‍ ഗംഭീറും കോലിയും എത്ര കാലം ഒത്തുപോവുമെന്നത് കണ്ടുതന്നെ അറിയണം. ഇരുവരും ഒരുപോലെ അഗ്രസീവായ വ്യക്തികള്‍ ആയതിനാല്‍ തന്നെ ഒരു പൊട്ടിത്തെറി എപ്പോള്‍ വേണമെങ്കിലും സംഭവിച്ചേക്കാം. അങ്ങനെ വന്നാല്‍ രണ്ടിലൊരാളെ അതു ദോഷകരമായി ബാധിക്കുകയും ചെയ്യും. ഒരു പക്ഷെ കോലി ദേശീയ ടീമിനു പുറത്തു പോവാനും അദ്ദേഹത്തിന്റെ കരിയര്‍ തന്നെ അതോടെ അവസാനിക്കാന്‍ ഇടയായേക്കുകയും ചെയ്യും.
കോലി നേരത്തേ ഇന്ത്യയുടെ ക്യാപ്റ്റനായിരിക്കെ അന്നത്തെ കോച്ചായിരുന്ന മുന്‍ സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെയുമായി ഉടക്കിയിരുന്നു. ഇതേ തുടര്‍ന്നു കുംബ്ലെയ്ക്കു രാജി വയ്‌ക്കേണ്ടി വരികയും ചെയ്തിരുന്നു. അതിനു ശേഷമാണ് രവി ശാസ്ത്രി കോച്ചായി എത്തിയത്.
എന്നാല്‍ ക്യാപ്റ്റന്‍ രോഹിത്തിന്റെ സാന്നിധ്യം ഗംഭീറും കോലിയും തമ്മിലുള്ള ബത്തെ നല്ല രീതിയില്‍ കൊണ്ടു പോവാന്‍ സഹായിച്ചേക്കും. ഗംഭീറുമായി വളരെ നല്ല സൗഹൃദമാണ് രോഹിത്തിനുള്ളത്. അതിനാല്‍ തന്നെ ഗംഭീറിനെയും കോലിയെയും ഒത്തിണക്കത്തോടെ ടീമില്‍ നിലനിര്‍ത്തി കൊണ്ടുപോവാന്‍ തന്നെയായിരിക്കും ശ്രമിക്കുകയെന്നുറപ്പാണ്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ ഗംഭീറും കോലിയും തമ്മിലുള്ള ഐക്യം ഏറെ പ്രധാനമാണ്.