IND vs SL: ടി20യില്‍ സഞ്ജുവിനു നല്ല കാലം? കാരണം ക്യാപ്റ്റന്‍ സൂര്യ! ഇനി കളി മാറും
ഇന്ത്യന്‍ ടി20 ടീമിന്റെ പുതിയ ക്യാപ്റ്റനായി സൂര്യകുമാര്‍ യാദവ് എത്തിയതോടെ ഈ ഫോര്‍മാറ്റില്‍ മലയാളി താരം സഞ്ജു സാംസണിന്റെ സമയവും തെളിയാനുള്ള സാധ്യതകള്‍ കൂടുതലാണ്. ശ്രീലങ്കയുമായി നടക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ടീമില്‍ സൂര്യക്കു കീഴില്‍ സഞ്ജുവും കളിക്കുന്നുണ്ട്. ഈ പരമ്പരയില്‍ മാത്രമല്ല ഇനി വരാനിരിക്കുന്ന ടി20 പരമ്പരകളിലും ഇന്ത്യയെ നയിക്കുക സ്‌കൈ തന്നെയായിരിക്കും, ഈ ഫോര്‍മാറ്റില്‍ ടീം മികച്ച പ്രകടനം നടത്തിയാല്‍ 2026ലെ അടുത്ത ടി20 ലോകകപ്പിലും അദ്ദേഹത്തിനു കീഴിലായിരിക്കും ടീം അണിനിരക്കുക.
നേരത്തേ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയായിരുന്നു ഇന്ത്യയുടെ പുതിയ ടി20 ക്യാപ്റ്റനായി ചൂണ്ടിക്കാണിപ്പെട്ടിരുന്നത്. രോഹിത് ശര്‍മയ്ക്കു കീഴില്‍ ഏറ്റവും അവസാനമായി ടി20 ലോകകപ്പില്‍ ഇന്ത്യ കളിച്ചപ്പോഴും വൈസ് ക്യാപ്റ്റന്റെ ചുമതല അദ്ദേഹത്തിനായിരുന്നു. അതിനാല്‍ തന്നെ സ്വാഭാവികമായും ടി20 ലോകകപ്പിനു ശേഷം രോഹിത് വിരമിച്ചപ്പോള്‍ ഈ ഫോര്‍മാറ്റില്‍ നായകസ്ഥാനവും ലഭിക്കേണ്ടിയിരുന്നത് ഹാര്‍ദിക്കിനാണ്. പക്ഷെ വലിയ ട്വിസ്റ്റാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്.

ഹാര്‍ദിക്കായിരുന്നു ടി20യില്‍ ഇന്ത്യന്‍ ക്യാപ്റ്റനെങ്കില്‍ അതു സഞ്ജുവിന്റെ സാധ്യതകള്‍ക്കു മങ്ങലേല്‍പ്പിക്കുമായിരുന്നു. കാരണം ഇരുവര്‍ക്കുമിടയില്‍ അത്ര നല്ല സൗഹൃദമല്ലയുള്ളത്. മാത്രമല്ല ഐപിഎല്ലിനിടെ ഒരു തവണ ഇവര്‍ തമ്മില്‍ വാക്‌പോരില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു. പക്ഷെ ഇപ്പോള്‍ ഹാര്‍ദിക്കിനു പകരം സൂര്യ ക്യാപ്റ്റനായതോടെ സഞ്ജുവിന്റെ ആരാധകരും വലിയ പ്രതീക്ഷയിലാണ്.
സഞ്ജുവുമായി വളരെ നല്ല സൗഹൃദം പുലര്‍ത്തുന്ന താരങ്ങളിലൊരാളാണ് സ്‌കൈ. ഒന്നിലേറെ തവണ ആരാധകര്‍ക്കു മുന്നില്‍ സഞ്ജുവിനോടുള്ള തന്റെ ഇഷ്ടം അദ്ദേഹം തുറന്നു പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഏറ്റവും അവസാനമായി കഴിഞ്ഞ ടി20 ലോകകപ്പ് വിജയത്തിനു ശേഷം ഇന്ത്യന്‍ ടീം തുറന്ന ബസില്‍ ആരാധകരെ അഭിവാദ്യം ചെയ്തപ്പോഴായിരുന്നു സഞ്ജുവിനെ അദ്ദേഹം പിന്തുണച്ചത്.
ആരാധകര്‍ ക്യാപ്റ്റന്‍ രോഹിത്തിന്റെയും തന്റെയുമെല്ലാം പേരുകള്‍ ആര്‍പ്പുവിളിച്ചപ്പോള്‍ സഞ്ജുവിന് പിറകില്‍ സൂര്യയും നില്‍പ്പുണ്ടായിരുന്നു. സഞ്ജുവിനു നേരെ കൈ ചൂണ്ടി ഇവന്റെ പേരും വിളിക്കൂയെന്നു ആരാധകരോടു അദ്ദേഹം ആംഗ്യം കാണിക്കുകയായിരുന്നു. സഞ്ജു കാണാതെയായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രവര്‍ത്തി. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലും വൈറലായി മാറിയിരുന്നു.

അതിനു മുമ്പ് ഇന്ത്യന്‍ ടീം കഴിഞ്ഞ വര്‍ഷം ശ്രീലങ്കുമായി തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഏകദിന മല്‍സരം കളിക്കാനെത്തിയപ്പോഴും സഞ്ജുവിനോടുള്ള സൗഹൃദം പ്രകടിപ്പിച്ച് സൂര്യ ആരാധകരുടെ മനം കവര്‍ന്നിരുന്നു. ഈ പരമ്പരയില്‍ സഞ്ജുവിനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. പരമ്പരയിലെ മൂന്നാമത്തെ മല്‍സരത്തില്‍ ബൗണ്ടറി ലൈനിന് അരികില്‍ സൂര്യ ഫീല്‍ഡ് ചെയ്യവെയായിരുന്നു സംഭവം.
ഈ സമയത്തു സഞ്ജുവിന്റെ പേര് ആരാധകര്‍ ആര്‍പ്പുവിളിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഇതിനിടെ ചില ആരാധകര്‍ സഞ്ജു എവിടെയെന്നു സൂര്യയോടു ഉറക്കെ ചോദിക്കുകയും ചെയ്തു കൊണ്ടിരുന്നു. സാധാരണയായി ആരാധകരുടെ ഭാഗത്തു നിന്നുള്ള ഇത്തരം പ്രതികരണങ്ങളെ കളിക്കാര്‍ മുഖവിലയ്‌ക്കെടുക്കാറില്ല. പക്ഷെ സൂര്യ അവിടെ തീര്‍ത്തും വ്യത്യസ്തനായി മാറുകയായിരുന്നു.
സഞ്ജു ഹൃദയത്തിലുണ്ടെന്നാണ് കൈ കൊണ്ട് ആരാധകര്‍ക്കു നേരെ അദ്ദേഹം ആംഗ്യം കാണിച്ചത്. ഇതു ആരാധകരെ വലിയ ആവേശത്തിലുമാക്കിയിരുന്നു. ഇതുകൊണ്ടെല്ലാം തന്നെ ഇപ്പോള്‍ ടി20യില്‍ സൂര്യ സ്ഥിരം ക്യാപ്റ്റനായി മാറിയതോടെ അതു സഞ്ജുവിനും ഗുണം ചെയ്യുമെന്നാണ് ആരാധകര്‍ ഉറപ്പിക്കുകയാണ്. ലങ്കയുമായുള്ള പരമ്പരയില്‍ മാത്രമല്ല ഇനി വരാനിരിക്കുന്ന ടി20 പരമ്പരകളിലും അദ്ദേഹം ടീമിന്റെ ഭാഗമാവാന്‍ സാധ്യതയുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications