മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് സഞ്ജു സാംസണെ തഴഞ്ഞിരിക്കുകയാണ്. ടി20 പരമ്പരയ്ക്കുള്ള ടീമില്‍ സഞ്ജുവിന് ഇടം ലഭിച്ചെങ്കിലും ഏകദിനത്തില്‍ നിന്ന് തഴയപ്പെട്ടു. ചാമ്പ്യന്‍സ് ട്രോഫി വരാനിരിക്കെ ഏകദിനത്തില്‍ നിന്ന് സഞ്ജു തഴയപ്പെട്ടതിനെ നിരാശയോടെയാണ് ആരാധകര്‍ കാണുന്നത്. അവസാന ഏകദിന മത്സരം ദക്ഷിണാഫ്രിക്കയിലാണ് സഞ്ജു കളിച്ചത്. അന്ന് സെഞ്ച്വറിയോടെ കൈയടി നേടാന്‍ സഞ്ജുവിനായി.
എന്നിട്ടും അദ്ദേഹത്തെ ടീമില്‍ നിന്ന് തഴഞ്ഞിരിക്കുകയാണ്. ഇപ്പോഴിതാ സഞ്ജുവിനെ തഴഞ്ഞതിനെതിരേ പ്രതിഷേധം ശക്തമാണ്. പല പ്രമുഖരും വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്. ഏറ്റവും ഒടുവിലായി സഞ്ജുവിനെ തഴഞ്ഞതിനെതിരേ ഗംഭീറിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറായ ആകാശ് ചോപ്ര. ഗംഭീര്‍ നേരത്തെ സഞ്ജുവിനെ പ്രശംസിച്ച കമന്റ് പങ്കുവെച്ചാണ് ആകാശ് ട്രോളിയത്. 'ഗൗതം ഗംഭീറിന്റെ ഒരു പഴയ ട്വീറ്റ് ഇപ്പോള്‍ വൈറലാണ്.
2020ല്‍ അദ്ദേഹം കുറിച്ച ട്വീറ്റില്‍ സഞ്ജു സാംസണ്‍ കേവലമൊരു വിക്കറ്റ് കീപ്പര്‍ മാത്രമല്ല. ഇന്ത്യയിലെ അത്ഭുതപ്പെടുത്തുന്ന യുവ ബാറ്റിങ് പ്രതിഭയാണെന്നാണ് പറഞ്ഞത്. ഈ പറഞ്ഞതിനോട് നീതി കാട്ടാന്‍ ഇപ്പോള്‍ അധികാരമുണ്ടായിട്ടും എന്താണ് ചെയ്യാത്തത്. സഞ്ജു 2020ന് ശേഷം നിരവധി ക്രിക്കറ്റ് മത്സരങ്ങള്‍ കളിച്ചു. എന്നാല്‍ ഗംഭീറിന്റെ കാഴ്ചപ്പാട് വ്യത്യസ്തമാണ്. അതുകൊണ്ടാവാം ഇപ്പോള്‍ സഞ്ജുവിനെ തഴഞ്ഞത്.
നാല് വര്‍ഷം മുമ്പുള്ള ട്വീറ്റിന്റെ പേരില്‍ ഇപ്പോള്‍ പരിഹസിക്കില്ല' ആകാശ് ചോപ്ര യുട്യൂബ് ചാനലില്‍ സംസാരിക്കവെ പറഞ്ഞു. ഏകദിനത്തില്‍ മികച്ച റെക്കോഡുള്ള ബാറ്റ്‌സ്മാനാണ് സഞ്ജു സാംസണ്‍. ബാറ്റ് ചെയ്യാന്‍ പ്രയാസമുള്ള ദക്ഷിണാഫ്രിക്കയില്‍ സെഞ്ച്വറിയടക്കം അദ്ദേഹത്തിന് നേടാനായി. എന്നിട്ടും തഴയപ്പെട്ടുവെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. എന്നാല്‍ ഏകദിനത്തില്‍ കെ എല്‍ രാഹുലിനെയാണ് ഗംഭീര്‍ വിക്കറ്റ് കീപ്പറായി വളര്‍ത്താന്‍ ആഗ്രഹിക്കുന്നത്.

കെ എല്‍ രാഹുല്‍ സഞ്ജുവിനെക്കാള്‍ മികച്ച റെക്കോഡും അനുഭവസമ്പത്തുമുള്ള ബാറ്റ്‌സ്മാനാണ്. വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് റിഷഭ് പന്ത് ഒന്നാം നമ്പറായി തുടരുമ്പോള്‍ രണ്ടാം സ്ഥാനത്ത് രാഹുലിനെ പരിഗണിച്ചതില്‍ തെറ്റ് പറയാനാവില്ല. സഞ്ജുവിന് ഏകദിനത്തില്‍ വലിയ ഭാവി ഗംഭീര്‍ കാണുന്നില്ലെന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ സഞ്ജുവിനെ ടി20യിലേക്കായി ഒതുക്കാനാണ് സാധ്യത. പക്ഷെ നേരത്തെ ക്രിക്കറ്റ് നിരീക്ഷകനെന്ന നിലയില്‍ സഞ്ജുവിനെ ഗംഭീര്‍ പ്രശംസിച്ചിരുന്നു.
ആവശ്യത്തിന് അവസരം ലഭിക്കാത്ത താരമാണെന്നും അവസരം ലഭിച്ചാല്‍ വിരാട് കോലിയേയും രോഹിത് ശര്‍മയേയും പോലെ ഒന്നാം നമ്പര്‍ താരമാവാന്‍ കഴിവുള്ളവനാണ് സഞ്ജുവെന്നുമെല്ലാം ഗംഭീര്‍ പ്രശംസിക്കുന്ന വീഡിയോയും വൈറലായിട്ടുണ്ട്. എന്നാല്‍ ഗംഭീര്‍ മുഖ്യ പരിശീലകനായപ്പോള്‍ അന്നത്തെ പ്രശംസകളെല്ലാം മറന്നുവെന്നതാണ് വസ്തുത. സഞ്ജുവിന്റെ കാര്യത്തില്‍ ഗംഭീര്‍ വലിയ താല്‍പര്യം കാട്ടുന്നില്ല. ഏകദിനത്തില്‍ റിഷഭിനും രാഹുലിനുമാണ് മുഖ്യ പരിഗണനയെന്ന് ഗംഭീര്‍ വ്യക്തമാക്കിക്കഴിഞ്ഞു.
ടി20യിലും സഞ്ജുവിന്റെ സീറ്റ് സുരക്ഷിതമാണെന്ന് പറയാനാവില്ല. മോശം ഫോമിലേക്കെത്തിയാല്‍ ഗംഭീര്‍ വലിയ പിന്തുണ നല്‍കാതെ മാറ്റിനിര്‍ത്താനാണ് സാധ്യത. നായകന്‍ രോഹിത് ശര്‍മയും ഏകദിനത്തില്‍ സഞ്ജുവിന് വലിയ പിന്തുണ നല്‍കിയേക്കില്ല. സഞ്ജുവിന്റെ ഭാവി തീരുമാനിക്കുന്നതില്‍ വരാനിരിക്കുന്ന ശ്രീലങ്കന്‍ പരമ്പര നിര്‍ണ്ണായകമാവും. ടി20 പരമ്പരയില്‍ സഞ്ജുവിന് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചാല്‍ ഏകദിന ടീമിലേക്ക് തിരിച്ചെത്താനും സാധിച്ചേക്കും.
അല്ലാത്ത പക്ഷം സഞ്ജുവിന് മുന്നോട്ടുള്ള യാത്ര കടുപ്പമായിരിക്കുമെന്ന് പറയാം. എന്തായാലും സഞ്ജുവിന് അവസരം ലഭിച്ചാല്‍ ഏകദിനത്തില്‍ മികച്ച പ്രകടനം നടത്താനുള്ള കഴിവുണ്ട്. പക്ഷെ ഗംഭീര്‍ സഞ്ജുവില്‍ വിശ്വാസം അര്‍പ്പിക്കുന്നില്ലെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം.