ശ്രീലങ്കയ്‌ക്കെതിരേ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയില്‍ നിന്നും മലയാളി താരം സഞ്ജു സാംസണ്‍ തഴയപ്പെട്ടതിനു പിന്നാലെ ഇന്ത്യയുടെ പുതിയ കോച്ചായ ഗൗതം ഗംഭീറിനെതിരേ വന്‍ ആരാധകരോഷം. ഇന്നു പ്രഖ്യാപിച്ച വൈറ്റ് ബോള്‍ പരമ്പരകള്‍ക്കുള്ള ടീമുകളില്‍ ടി20 സ്‌ക്വാഡില്‍ മാത്രമേ സഞ്ജു ഉള്‍പ്പെട്ടിട്ടുള്ളൂ. ഏകദിന ടീമില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയില്ല. പകരം കെഎല്‍ രാഹുലും റിഷഭ് പന്തുമാണ് വിക്കറ്റ് കീപ്പര്‍മാരായി ടീമിലേക്കു വന്നത്.
കോച്ചാവുന്നതിനു മുമ്പ് സഞ്ജുവിന്റെ പ്രതിഭയെ വാനോളം പുകഴ്ത്തിയിട്ടുള്ളയാളാണ് ഗംഭീര്‍. സഞ്ജുവിനു ഇന്ത്യന്‍ ടീമില്‍ ഇടമില്ലെങ്കില്‍ അതു സഞ്ജുവിന്റെയെല്ല പകരം ഇന്ത്യയുടെ നഷ്ടമാണെന്നുമെല്ലാം നേരത്തേ അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പിലുള്‍പ്പെടെ കേരളാ താരം ഒഴിവാക്കപ്പെട്ടപ്പോള്‍ ഇതിനെ ചോദ്യം ചെയ്തിട്ടുള്ളവരില്‍ ഒരാള്‍ കൂടിയാണ ഗംഭീര്‍.

അതിനാല്‍ തന്നെ അദ്ദേഹം ഇന്ത്യന്‍ ടീം കോച്ചായി ദിവസങ്ങള്‍ക്കു മുമ്പ് എത്തിയപ്പോള്‍ സഞ്ജുവിന്റെ സമയം തെളിയുമെന്നും എല്ലാവരും പ്രതീക്ഷിച്ചു. പക്ഷെ മുന്‍ഗാമികളില്‍ നിന്നും ഒട്ടും വ്യത്യസ്തനല്ല താനുമെന്നു ഗംഭീര്‍ തെളിയിച്ചിരിക്കുകയാണ്.
ഇന്ത്യന്‍ ജഴ്‌സിയില്‍ അവസാനമായി കളിച്ച ഏകദിനത്തില്‍ സെഞ്ച്വറി നേടി പ്ലെയര്‍ ഓഫ് ദി മാച്ചായിട്ടുള്ള താരം കൂടിയാണ് സഞ്ജു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സൗത്താഫ്രിക്കന്‍ പര്യടനത്തിലെ അവസാന ഏകദിനത്തിലാണ് രാഹുല്‍ നയിച്ച ടീമിനായി അദ്ദേഹം സെഞ്ച്വറിയോടെ കസറിയത്. നിര്‍ണായകമായ ഈ മല്‍സരത്തില്‍ ഇന്ത്യ ജയിക്കുകയും ഏകദിന പരമ്പര സ്വന്തമാക്കുകയും ചെയ്തിരുന്നു.
അതിനു ശേഷം ഇന്ത്യ കളിക്കുന്ന ആദ്യത്തെ ഏകദിന പരമ്പര കൂടിയാണ് ലങ്കയ്‌ക്കെതിരേയുള്ളത്. പക്ഷെ സെഞ്ച്വറി കുറിച്ചിട്ടും അതു ടീമിലെ സ്ഥാനം നിലനിര്‍ത്താന്‍ സഞ്ജുവിനെ സഹായിച്ചില്ലെന്നതാണ് നിരാശാജനകമായ കാര്യം. സോഷ്യല്‍ മീഡിയയില്‍ ഗംഭീറിനെ അദ്ദേഹത്തിന്റെ ആരാധകര്‍ കടന്നാക്രമിക്കുകയും ചെയ്തിരിക്കുകയാണ്.
ഗൗതം ഗംഭീറിനെപ്പോലെ ചതിയന്‍ വേറെ കാണില്ല. കോച്ചാവും മുമ്പ് സഞ്ജു സാംസണിനെക്കുറിച്ച് വാതോരാതെ പറഞ്ഞ് ആരാധകരുടെ ഇഷ്ടം പിടിച്ചുപറ്റി ഹീറോയായ വ്യക്തിയാണ് അദ്ദേഹം. ഇപ്പോള്‍ ഇന്ത്യന്‍ കോച്ചായപ്പോള്‍ ഗംഭീര്‍ തനിനിറം കാണിച്ചിരിക്കുകയാണ്. ഇങ്ങനെ ചതിക്കാന്‍ വേണ്ടി ആയിരുന്നെങ്കില്‍ ഇത്രയും നാള്‍ എന്തിനാണ് സഞ്ജുവിനെ വാനോളം പുകഴ്ത്തിയത്? ഇതു കടുത്ത അനീതിയാണെന്നും ആരാധകര്‍ തുറന്നടിക്കുന്നു.

ഗൗതം ഗംഭീറിനേക്കാള്‍ എത്രയോ ഭേദമാണ് ഇന്ത്യയുടെ മുന്‍ കോച്ചുമാര്‍. അവരൊന്നും പരിശീലകസ്ഥാനമേറ്റെടുക്കുന്നതിനു മുമ്പ് ഈ തരത്തില്‍ സഞ്ജുവിന്റെ കഴിവിനെ പുകഴ്ത്തുകയോ, ഒഴിവാക്കപ്പെട്ടപ്പോള്‍ അതിനെ ചോദ്യം ചെയ്തിട്ടുമില്ല. പക്ഷെ ഗംഭീര്‍ അങ്ങനെയല്ല. കോച്ചിന്റെ വലിയ റോള്‍കിട്ടുന്നതിനു മുമ്പ് വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാന്‍ സഞ്ജുവിനായി വാദിക്കുകയും ഇപ്പോള്‍ കോച്ചിന്റെ റോള്‍ കിട്ടിയപ്പോള്‍ എല്ലാം മനപ്പൂര്‍വ്വം മറക്കുകയും ചെയ്തുവെന്നും ആരാധകര്‍ വിമര്‍ശിച്ചു.
സഞ്ജു സാംസണിനെക്കുറിച്ചോര്‍ത്ത് ദുഖമുണ്ട്. ഒരു ക്രിക്കറ്റര്‍ക്കു ഇതിനേക്കാള്‍ കൂടുതല്‍ എന്തു ചെയ്യാന്‍ സാധിക്കും? ഇന്ത്യന്‍ ജഴ്‌സിയില്‍ അവസാനമായി കളിച്ച ഏകദിനത്തില്‍ സെഞ്ച്വറി കുറിച്ചിട്ടും തൊട്ടടുത്ത കളിയില്‍ അദ്ദേഹം ഒഴിവാക്കപ്പെട്ടിരിക്കുകയാണ്. പകരം ഒന്നര വര്‍ഷത്തിലേറെയായി ഏകദിനം കളിച്ചിട്ടില്ലാത്ത റിഷഭ് പന്തിനെ ടീമിലേക്കു കൊണ്ടു വന്നത് എന്തിനു വേണ്ടിയാണെന്നും ആരാധകര്‍ ചോദിക്കുന്നു.
ഇന്ത്യന്‍ ഏകദിന ടീം
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, ശിവം ദുബെ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, വാഷിംഗ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിംഗ്, റിയാന്‍ പരാഗ്, അക്ഷര്‍ പട്ടേല്‍, ഖലീല്‍ അഹമ്മദ്, ഹര്‍ഷിത് റാണ.