പല്ലെക്കലെ: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടി20യില്‍ ഇന്ത്യ തകര്‍പ്പന്‍ പ്രകടനത്തോടെ വിജയം പിടിച്ചെടുത്തിരിക്കുകയാണ്. ആതിഥേയരായ ശ്രീലങ്കയെ 43 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 7 വിക്കറ്റിന് 213 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ശ്രീലങ്ക 19.2 ഓവറില്‍ 170 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യ ആധിപത്യം കാട്ടിയാണ് വിജയം നേടിയത്.
ഗൗതം ഗംഭീര്‍ പരിശീലകനും സൂര്യകുമാര്‍ യാദവ് ക്യാപ്റ്റനുമായ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ജയിച്ച് തുടങ്ങാനായി എന്നതാണ് ശ്രദ്ധേയമായ കാര്യം. ഇന്ത്യയുടെ പ്ലേയിങ് 11ല്‍ ശിവം ദുബയേയും സഞ്ജു സാംസണേയും തഴഞ്ഞ് റിയാന്‍ പരാഗിനെ ഉള്‍പ്പെടുത്തിയപ്പോള്‍ പല വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. റിയാന്‍ പരാഗിന് ഗംഭീര്‍ വലിയ പിന്തുണ നല്‍കുന്നതിനെതിരേ വിമര്‍ശനം ഉയര്‍ത്തിയവരുടെ വായടപ്പിക്കുന്ന പ്രകടനമാണ് പരാഗ് കാഴ്ചവെച്ചത്.
ആറാം നമ്പറിലിറങ്ങിയ പരാഗ് 6 പന്തില്‍ 7 റണ്‍സ് നേടി ബാറ്റിങ്ങില്‍ നിരാശപ്പെടുത്തി. എന്നാല്‍ ബൗളിങ്ങില്‍ കിടിലന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. 1.2 ഓവറില്‍ അഞ്ച് റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റാണ് വിട്ടുകൊടുത്തത്. പരാഗിനെ ഓള്‍റൗണ്ടറായി വളര്‍ത്താനാണ് ഗംഭീറിന്റെ പദ്ധതി. ടി20യില്‍ മാത്രമല്ല ഏകദിനത്തിലും പരാഗിന് ഗംഭീര്‍ സ്ഥാനം നല്‍കുന്നു. പരാഗിന്റെ വളര്‍ച്ച ഹാര്‍ദിക്കിന് വലിയ തിരിച്ചടിയായി മാറാനാണ് സാധ്യത.
ഹാര്‍ദിക് പാണ്ഡ്യയെ ഒതുക്കാനുള്ള നീക്കമാണ് ഗംഭീര്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് ടി20 ലോകകപ്പില്‍ വൈസ് ക്യാപ്റ്റനായിരുന്നിട്ടും ഹാര്‍ദിക്കിനെ മാറ്റി സൂര്യകുമാര്‍ യാദവിനെ ഗംഭീര്‍ ക്യാപ്റ്റനാക്കിയത്. റിയാന്‍ പരാഗ് സ്ഥിരതയോടെ ഓള്‍റൗണ്ട് പ്രകടനം നടത്തിയാല്‍ ടി20യില്‍ നിന്ന് ഹാര്‍ദിക്കിന്റെ സ്ഥാനം തെറിപ്പിക്കാനും ഗംഭീര്‍ ശ്രമിച്ചേക്കും. ഹാര്‍ദിക് പാണ്ഡ്യ ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്.

അഞ്ചാമനായി ബാറ്റിങ്ങിനിറങ്ങി 10 പന്തില്‍ 9 റണ്‍സാണ് ഹാര്‍ദിക് നേടിയത്. പന്തെറിയാനെത്തിയപ്പോള്‍ നാല് ഓവറില്‍ 41 റണ്‍സാണ് അദ്ദേഹം വിട്ടുകൊടുത്തത്. നിരാശപ്പെടുത്തുന്ന പ്രകടനം തുടര്‍ന്നാല്‍ ഹാര്‍ദിക്കിനെ ടീമില്‍ നിന്ന് പുറത്താക്കാന്‍ ഗംഭീര്‍ മടി കാട്ടിയേക്കില്ല. ശിവം ദുബെ, സഞ്ജു സാംസണ്‍ എന്നിവരെ കളിപ്പിക്കാന്‍ ഗംഭീര്‍ തയ്യാറായേക്കും. ദുബെയെ കളിപ്പിച്ചാല്‍ മീഡിയം പേസ് ഓള്‍റൗണ്ടറെയാണ് ഇന്ത്യക്ക് ലഭിക്കുക.
ഇതോടെ ഹാര്‍ദിക് പാണ്ഡ്യയുടെ പകരക്കാരനെന്ന നിലയില്‍ ദുബെയെ പരിഗണിക്കാനും സാധിക്കും. ഹാര്‍ദിക്കിനെ സംബന്ധിച്ച് ടി20യില്‍ സ്ഥാനം നിലനിര്‍ത്താന്‍ ഓള്‍റൗണ്ട് പ്രകടനം നടത്തേണ്ടതായുണ്ട്. ഹാര്‍ദിക്കിന് ഏകദിനം കളിക്കണമെങ്കില്‍ വിജയ് ഹസാരെ ട്രോഫി കളിച്ച് 10 ഓവര്‍ പന്തെറിയാന്‍ സാധിക്കുമെന്ന് തെളിയിക്കണമെന്നതാണ് ഗംഭീറിന്റെ നിലപാട്. അതുകൊണ്ടുതന്നെ ഹാര്‍ദിക്കിന് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പാണ്.
രോഹിത് ശര്‍മയും വിരാട് കോലിയും ടി20 മതിയാക്കിയപ്പോള്‍ അവസരത്തിനൊത്തുയരാന്‍ യശ്വസി ജയ്‌സ്വാളിനും ശുബ്മാന്‍ ഗില്ലിനും സാധിക്കുന്നുണ്ട്. ജയ്‌സ്വാള്‍ 21 പന്തില്‍ 5 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 40 റണ്‍സോടെ കസറിയപ്പോള്‍ ശുബ്മാന്‍ 16 പന്തില്‍ 6 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 34 റണ്‍സും നേടി. നായകനായെങ്കിലും സൂര്യകുമാര്‍ ശൈലി മാറ്റിയിട്ടില്ല. 26 പന്തില്‍ 8 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 58 റണ്‍സാണ് സൂര്യകുമാര്‍ നേടിയത്. റിഷഭ് പന്ത് 33 പന്തില്‍ 49 റണ്‍സാണ് അടിച്ചെടുത്തത്.
ശ്രീലങ്കയുടെ ഓപ്പണര്‍മാര്‍ ഞെട്ടിച്ചെങ്കിലും പിന്നീട് ആരേയും നിലയുറപ്പിക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ അനുവദിച്ചില്ല. പതും നിസങ്ക 79 റണ്‍സോടെ തിളങ്ങി. കുശാല്‍ മെന്‍ഡിസ് 45 റണ്‍സും നേടി. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലെത്തുകയും ചെയ്തു. ഇന്ന് ജയിച്ച് പരമ്പര ഉറപ്പിക്കാനാവും ഇന്ത്യ ശ്രമിക്കുക.