IND vs SL: രോഹിത്തിനും കോലിക്കും ബുംറയ്ക്കും എന്തിന് വിശ്രമം? കാണിക്കുന്നത് മണ്ടത്തരം! ഈ കാരണം
സിംബാബ്‌വെയുമായി ഇപ്പോള്‍ നടക്കുന്ന ടി20 പരമ്പരയ്ക്കു ശേഷം ഇന്ത്യയുടെ അടുത്ത പരമ്പര ശ്രീങ്കയുമായിട്ടാണ്. ഈ മാസം 27നാണ് ഇന്ത്യയുടെ ലങ്കന്‍ പര്യടനത്തിനു തുടക്കമാവുന്നത്. മൂന്നു വീതം ടി20കളും ഏകദിനങ്ങളുമാണ് ലങ്കയുമായി ഇന്ത്യന്‍ ടീം കളിക്കുക. പുതിയ കോച്ചായി ചുമതലയേറ്റെടുത്തു കഴിഞ്ഞ ഗൗതം ഗംഭീറിനു കീഴില്‍ ഇന്ത്യയുടെ ആദ്യ പരമ്പരയെന്ന പ്രത്യേകതയും ലങ്കന്‍ പര്യടനത്തിനുണ്ട്. ഏകദിന പരമ്പരയില്‍ തങ്ങള്‍ക്കു വിശ്രമം നല്‍കണമെന്നു ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുംറ എന്നിവര്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ഐപിഎല്ലും തൊട്ടുപിന്നാലെ നടന്ന ടി20 ലോകകപ്പുമടക്കം തിരക്കേറിയ മൂന്നു മാസത്തെ മല്‍സരങ്ങളെ തുടര്‍ന്നാണ് മൂന്നു പേരും വിശ്രമം ചോദിച്ചിരിക്കുന്നത്. എന്നാല്‍ ബിസിസിഐ ഇതു അംഗീകരിക്കുകയും ഇവര്‍ക്കു ഏകദിന പരമ്പരയില്‍ വിശ്രമവും നല്‍കുകയുമാണെങ്കില്‍ അതു വലിയ മണ്ടത്തരം തന്നെയായിരിക്കും. ഇതിനു പിന്നിലുള്ള കാരണമെന്താണന്നു നോക്കാം.

ടി20 ഫോര്‍മാറ്റില്‍ നിന്നും കഴിഞ്ഞ ലോകകപ്പ് വിജയത്തിനു ശേഷം രോഹിത്തും കോലിയും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ടു തന്നെ ആഗസ്റ്റ് രണ്ടിനാരംഭിക്കുന്ന ലങ്കയുമായുള്ള ഏകദിന പരമ്പരയില്‍ രണ്ടു പേരും ഉറപ്പായുമുണ്ടാവുമെന്നാണ് കരുതപ്പെട്ടിരുന്നത്. പക്ഷെ തികച്ചും അപ്രതീക്ഷിതമായി ഇവര്‍ക്കൊപ്പം ബുംറയും വിശ്രമം ചോദിച്ചത് ടീം മാനേജ്‌മെന്റിനു വലിയ ക്ഷീണമായിരിക്കുകയാണ്.
എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം 2025ല്‍ ഐസിസിയുടെ ചാംപ്യന്‍സ് ട്രോഫി നടക്കാനിരിക്കുകയാണ്. 2017ലായിരുന്നു അവസാനമായി ടൂര്‍ണമെന്റ് നടന്നത്. അന്നു തികച്ചും ഏകപക്ഷീയമായ ഫൈനലില്‍ വിരാട് കോലി നയിച്ച ഇന്ത്യയെ തകര്‍ത്ത് ചിരവൈരികളായ പാകിസ്താന്‍ കിരീടം ചൂടുകയായിരുന്നു. അടുത്ത വര്‍ഷം ഫെബ്രുവരി 19 മുതല്‍ പാകിസ്താനിലാണ് ചാംപ്യന്‍സ് ട്രോഫി നടക്കാനിരിക്കുന്നത്. അതുകൊണ്ടു തന്നെ ഈ ടൂര്‍ണമെന്റിനുള്ള തയ്യാറെടുപ്പിനായി അധികം സമയവുമില്ല.

ഇനി കളിക്കാനിരിക്കുന്ന ഓരോ ഏകദിന മല്‍സരവും ഇന്ത്യയെ സംബന്ധിച്ച് ചാംപ്യന്‍സ് ട്രോഫിക്കുള്ള തയ്യാറെടുപ്പ് കൂടിയാണ്. പക്ഷെ വെറും ആറു ഏകദിന മല്‍സരങ്ങള്‍ മാത്രമേ ടൂര്‍ണമെന്റിനു മുമ്പ് ഇന്ത്യ കളിക്കുകയുള്ളൂവെന്നതാണ് നിരാശാജനകമായ കാര്യം. ഇതില്‍ ആദ്യത്തേതാണ് ശ്രീലങ്കയുമായുള്ള മൂന്നു മല്‍സരങ്ങളുടെ പരമ്പര. അതിനു ശേഷം ഇന്ത്യയുടെ അടുത്ത ഏകദിന പരമ്പര 2025ലുമാണ്. ഫെബ്രുവരി ആറു മുതല്‍ 12 വരെ ഇംഗ്ലണ്ടുമായി മൂന്നു ഏകദിനങ്ങളാണ് ഇന്ത്യ കളിക്കുക.
ചാംപ്യന്‍സ് ട്രോഫിക്കു മുമ്പുള്ള ആറു ഏകദിന മല്‍സരങ്ങളും ഇന്ത്യക്കു തുല്യ പ്രാധാന്യമുള്ളവയാണ്. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ടീം കോമ്പിനേഷന്‍ കണ്ടെത്താനും തുടര്‍ച്ചയായ ടി20കളില്‍ കളിച്ചു കൊണ്ടിരിക്കുന്ന താരങ്ങള്‍ക്കു ഏകദിനത്തിന്റെ ട്രാക്കിലേക്കു മാറാനുമുള്ള അവസരമാണിത്. അതിനാല്‍ തന്നെ മുഴുവന്‍ സീനിയര്‍ താരങ്ങളെയും ഉള്‍പ്പെടുത്തി ലഭ്യമായതില്‍ വച്ച് ഏറ്റവും ശക്തമായ ടീമിനെ തന്നെ ഇനിയുള്ള രണ്ട് ഏകിന പരമ്പരകളിലും ഇന്ത്യ ഇറക്കേണ്ടതും ആവശ്യമാണ്.
രോഹിത്, കോലി, ബുംറ എന്നിവരില്ലെങ്കില്‍ ഇന്ത്യക്കു ഇവരുടെ റോളിലേക്കു പകരക്കാരെ കൊണ്ടുവരേണ്ടായി വരും. അതു ടീം കോമ്പിനേഷനെയും ബാധിക്കാനിടയുണ്ട്. തന്റെ ടീമിലെ ഏറ്റവും മികച്ച മൂന്നു കളിക്കാരായ രോഹിത്, കോലി, ബുംറ എന്നിവര്‍ ശ്രീലങ്കയുമായുള്ള ഏകദിന പരമ്പരയിലും അതിനു ശേഷം ഇംഗ്ലണ്ടിനെതിരേയും കളിക്കണമെന്നായിരിക്കും കോച്ച് ഗംഭീറും ആഗ്രഹിക്കുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications