മുംബൈ: സിംബാബ് വെക്കെതിരായ ഇന്ത്യയുടെ ടി20 പരമ്പര അവസാനിച്ചിരിക്കുകയാണ്. അഞ്ച് മത്സര ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയെങ്കിലും പിന്നീടുള്ള നാല് മത്സരത്തിലും തകര്‍പ്പന്‍ ജയം നേടി 4-1ന് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരിക്കുകയാണ്. ഇനി ശ്രീലങ്കന്‍ പര്യടനമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. മൂന്ന് വീതം ടി20യും ഏകദിനവും ഉള്‍പ്പെടുന്ന പരമ്പരക്ക് ഈ മാസം 27നാണ് തുടക്കമാവുന്നത്.
പരമ്പരയ്ക്കുള്ള ടീമിനെ ഈ ആഴ്ച പ്രഖ്യാപിക്കും. സിംബാബ് വെ പര്യടനത്തില്‍ ഉള്‍പ്പെട്ട ആര്‍ക്കൊക്കെ ടീമിലേക്ക് വിളിയെത്തുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സിംബാബ് വെക്കെതിരായ അഞ്ചാം ടി20യിലെ അര്‍ധ സെഞ്ച്വറി പ്രകടനത്തോടെ സഞ്ജു സാംസണ്‍ ശ്രീലങ്കന്‍ പരമ്പരയിലുണ്ടാവുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. റിഷഭ് പന്ത് മടങ്ങിയെത്തുമ്പോള്‍ ഒപ്പം സഞ്ജുവും ഉണ്ടാകാനാണ് സാധ്യതയെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.
എന്നാല്‍ ശ്രീലങ്കന്‍ പര്യടനത്തില്‍ സഞ്ജു സാംസണിന് പരിഗണിക്കേണ്ടതില്ലെന്നാണ് മുന്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. ശ്രീലങ്കയ്‌ക്കെതിരേ ഇതിനോടകം എട്ട് ടി20 മത്സരം കളിക്കാന്‍ സഞ്ജുവിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ മികച്ച പ്രകടനം നടത്താന്‍ ഒരു തവണ പോലും സാധിച്ചിട്ടില്ല. 2020-23 കാലയളവില്‍ എട്ട് മത്സരം കളിച്ച സഞ്ജുവിന് ഏഴ് ഇന്നിങ്‌സിലും ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചു. എന്നാല്‍ അദ്ദേഹം ആകെ നേടിയത് 102 റണ്‍സാണ്. 14.57 ആണ് ശരാശരി.
125.92 മാത്രമാണ് സ്‌ട്രൈക്ക് റേറ്റ്. 39 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഈ കണക്കുകളില്‍ നിന്ന് തന്നെ ശ്രീലങ്കയ്‌ക്കെതിരേ സഞ്ജു ദുരന്തമാണെന്ന് വ്യക്തം. ശ്രീലങ്കയിലെ പിച്ച് സ്പിന്നിന് അനുകൂലമാണ്. സഞ്ജു സ്പിന്നിനെ നന്നായി നേരിടുന്ന താരമാണ്. എന്നാല്‍ സഞ്ജുവിന് ശ്രീലങ്കന്‍ സ്പിന്നര്‍മാരെ നേരിടാന്‍ വളരെയധികം പ്രയാസമുണ്ടെന്നാണ് മുന്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. പ്രധാനമായും ശ്രീലങ്കന്‍ സ്പിന്നര്‍ വനിന്‍ഡു ഹസരങ്കയാണ് സഞ്ജുവിന് ഭീഷണി.

എട്ട് തവണ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ആറ് തവണയും സഞ്ജുവിനെ പുറത്താക്കാന്‍ ഹസരങ്കയ്ക്കായി. ഇത്തവണയും സഞ്ജുവിന് ഭീഷണി ഉയര്‍ത്തി ഹസരങ്കയുണ്ടാവും. നായകസ്ഥാനത്ത് നിന്ന് ഹസരങ്ക മാറിയെങ്കിലും നിര്‍ണ്ണായക ബൗളറായി അദ്ദേഹം ടീമില്‍ തുടരുമെന്നുറപ്പാണ്. അതുകൊണ്ടുതന്നെ സഞ്ജുവിന് മുന്നില്‍ വലിയ സമ്മര്‍ദ്ദമുണ്ടാവും. ടി20 പരമ്പരയില്‍ ഫ്‌ളോപ്പായാല്‍ സഞ്ജുവിന്റെ ഏകദിനത്തിലെ അവസരത്തേയും അത് ബാധിച്ചേക്കും.
അങ്ങനെ വരുമ്പോള്‍ ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ നിന്ന് സഞ്ജു തഴയപ്പെടാനും സാധ്യതയുണ്ട്. ഇതെല്ലാം പരിഗണിക്കുമ്പോള്‍ സഞ്ജുവിനെ ശ്രീലങ്കയ്‌ക്കെതിരായ ടി20യില്‍ നിന്ന് ഇന്ത്യ മാറ്റിനിര്‍ത്തുന്നതാണ് നല്ലതെന്ന് തന്നെ പറയാം. ടി20യില്‍ ദ്രുവ് ജുറേലിനെ വളര്‍ത്താന്‍ ഇന്ത്യ തയ്യാറാവണം. ഇതിനോടകം ഫിനിഷിങ് മികവ് തെളിയിച്ചിട്ടുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് ജുറേല്‍. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായ ജുറേലിന് കടന്നാക്രമിക്കാനുള്ള മികവുണ്ട്.
റിഷഭിനൊപ്പം ജുറേലിനെ ടി20യില്‍ വളര്‍ത്തി സഞ്ജുവിനെ ഏകദിനത്തിലേക്ക് പിന്തുണക്കുന്നതാണ് കൂടുതല്‍ നല്ലതെന്ന് പറയാം. ഇന്ത്യയുടെ പുതിയ പരിശീലകനായ ഗൗതം ഗംഭീര്‍ വ്യക്തമായ പദ്ധതികളോടെയാണ് ഇറങ്ങുന്നത്. സഞ്ജുവിനെ ടി20യിലേക്ക് പരിഗണിച്ച് റിഷഭ് പന്തിനെ ടെസ്റ്റിലേക്ക് കൂടുതല്‍ പിന്തുണക്കാനാണ് ഗംഭീര്‍ ആലോചിക്കുന്നതെന്നാണ് വിവരം. താരങ്ങളുടെ ജോലിഭാരം നിയന്ത്രിക്കാന്‍ ഗംഭീര്‍ ആലോചിക്കുന്നു.
അങ്ങനെ വരുമ്പോള്‍ പരമ്പരയില്‍ എങ്ങനെയാവും ടീമിനെ തിരഞ്ഞെടുക്കുകയെന്നതാണ് കണ്ടറിയേണ്ടത്. മുഖ്യ സെലക്ടറായ അജിത് അഗാര്‍ക്കറുമായി ഗംഭീര്‍ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. എന്താവും ടീം സംബന്ധിച്ച തീരുമാനങ്ങളെന്ന് ഉടന്‍ തന്നെ അറിയാം. സഞ്ജുവിന്റെ ഭാവി എന്തെന്ന് ശ്രീലങ്കന്‍ പരമ്പരയിലൂടെ വ്യക്തമാവുമെന്നുറപ്പ്.