IND vs SL: 9 വര്‍ഷം, 29 മത്സരം മാത്രം! സഞ്ജു മൂന്നാം ടി20യിലും വേണം; കാരണങ്ങളിതാ
പല്ലെക്കലെ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടി20യില്‍ സഞ്ജു സാംസണിന് അവസരം ലഭിച്ചപ്പോള്‍ പ്രതീക്ഷകള്‍ വാനോളായിരുന്നു. ടി20 ലോകകപ്പില്‍ ഇന്ത്യ ടീമിലെടുത്തെങ്കിലും ഒരു മത്സരത്തില്‍ പോലും കളിപ്പിക്കാതെ സഞ്ജുവിനെ ഒതുക്കിയിരുന്നു. ശ്രീലങ്കന്‍ പരമ്പരയിലേക്കെത്തുമ്പോള്‍ സഞ്ജുവിന് ടി20യില്‍ മാത്രമാണ് അവസരമുണ്ടായിരുന്നത്. ഏകദിന ടീമില്‍ നിന്ന് തഴയപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ആദ്യ മത്സരത്തില്‍ സഞ്ജുവിനെ കളിപ്പിക്കാതിരുന്നപ്പോള്‍ രൂക്ഷ വിമര്‍ശനം ആരാധകര്‍ ഉയര്‍ത്തി.
കാത്തിരിപ്പിനൊടുവില്‍ രണ്ടാം ടി20യില്‍ സഞ്ജുവിന് അവസരം ലഭിച്ചപ്പോള്‍ എല്ലാവരും വളരെ സന്തോഷത്തിലായിരുന്നു. എന്നാല്‍ ശുബ്മാന്‍ ഗില്ലിന്റെ അഭാവത്തില്‍ ഓപ്പണര്‍ റോളിലാണ് സഞ്ജുവിന് അവസരം ലഭിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സഞ്ജുവിന് ബാറ്റ് ചെയ്ത് അധികം ശീലമില്ലാത്ത പൊസിഷനാണ് ഓപ്പണിങ്. അതുകൊണ്ടുതന്നെ സമ്മര്‍ദ്ദം നിറഞ്ഞ സാഹചര്യത്തില്‍ സഞ്ജുവിന് പിഴച്ചു. ഗോള്‍ഡന്‍ ഡെക്കായാണ് അദ്ദേഹം പുറത്തായത്.
മഹേഷ് തീക്ഷണയുടെ പന്തില്‍ സഞ്ജു ക്ലീന്‍ബൗള്‍ഡാവുകയായിരുന്നു. നിരാശപ്പെടുത്തിയതോടെ സഞ്ജുവിന്റെ ടി20യിലെ സീറ്റ് തെറിക്കുമോയെന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്. അനായാസം റണ്‍സുയര്‍ത്താന്‍ സാധിക്കുന്ന താരമാണെങ്കിലും ലഭിച്ച അവസരങ്ങളെ മുതലാക്കാനാവാത്ത സഞ്ജുവിന് മൂന്നാം ടി20യില്‍ സീറ്റ് ലഭിക്കാന്‍ സാധ്യതയില്ലെന്ന് പറയാം. ശുബ്മാന്‍ ഗില്‍ തിരിച്ചുവന്നാല്‍ സഞ്ജുവിനെ പുറത്തിരുത്തുമെന്നുറപ്പ്.
അല്ലാത്ത പക്ഷം സഞ്ജുവിനെ പുറത്തിരുത്തി ശിവം ദുബെക്ക് അവസരം നല്‍കിയേക്കും. ഇന്ത്യയുടെ ടി20 ടീമില്‍ ഇനി സഞ്ജുവിന് അവസരം ലഭിക്കുക പോലും പ്രയാസമാണെന്ന് പറയാം. എന്നാല്‍ സഞ്ജുവിനെ ഗൗതം ഗംഭീര്‍ എഴുതിത്തള്ളരുതെന്നാണ് സഞ്ജു ആരാധകര്‍ പറയുന്നത്. 9 വര്‍ഷമായി സഞ്ജു അന്താരാഷ്ട്ര ക്രിക്കറ്റിലേക്കെത്തിയിട്ട്. കളിക്കാന്‍ അവസരം ലഭിച്ചത് വെറും 29 ടി20യില്‍ മാത്രം. ഇതില്‍ തുടര്‍ അവസരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് പറയാം.

ഒരു പരമ്പരയിലെ എല്ലാം മത്സരത്തിലും സഞ്ജുവിനെ കളിപ്പിക്കണം. റിഷഭ് പന്ത് ഫ്‌ളോപ്പായപ്പോഴെല്ലാം പിന്തുണയും തുടര്‍ അവസരങ്ങളും ലഭിച്ചിരുന്നു. ഈ പിന്തുണ സഞ്ജുവിന് നല്‍കാന്‍ ഗംഭീര്‍ തയ്യാറാവണമെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. ഓപ്പണിങ്ങിലെ സമ്മര്‍ദ്ദം അതിജീവിക്കാന്‍ സഞ്ജുവിന് പ്രയാസമാണ്. മൂന്നാം നമ്പറിലോ നാലാം നമ്പറിലോ സഞ്ജുവിനെ കളിപ്പിക്കണമെന്നാണ് ആരാധക പക്ഷം. എന്നാല്‍ ഇന്ത്യന്‍ ടീമിന്റെ താരസമ്പത്ത് നോക്കുമ്പോള്‍ സഞ്ജുവിനെ കാര്യങ്ങള്‍ കടുപ്പമാണ്.
അവസരം കാത്ത് പ്രതിഭകള്‍ പുറത്ത് നില്‍ക്കുമ്പോള്‍ സഞ്ജുവിന് അവസരം ലഭിക്കാന്‍ കിട്ടുന്ന അവസരങ്ങളെ പരമാവധി പ്രയോജനപ്പെടുത്തണം. ദൗര്‍ഭാഗ്യവശാല്‍ സഞ്ജുവിന് ഇതിന് സാധിക്കുന്നില്ല. 29 ടി20 കളിച്ച സഞ്ജു ആകെ നേടിയത് 444 റണ്‍സാണ്. 20.18 മാത്രമാണ് ശരാശരി. 132.93 ആണ് ശരാശരി. രണ്ട് അര്‍ധ സെഞ്ച്വറി നേടിയത് മാറ്റിനിര്‍ത്തിയാല്‍ കാര്യമായൊന്നും സഞ്ജുവിന് ചെയ്യാനായിട്ടില്ല. സഞ്ജുവിനെ ടി20യില്‍ നിന്ന് മാറ്റി ഏകദിനത്തില്‍ കൂടുതല്‍ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
എന്നാല്‍ ഏകദിന പരമ്പരയില്‍ നിന്ന് പൂര്‍ണ്ണമായും തഴയുകയാണ് ഗംഭീര്‍ ചെയ്തത്. അതുകൊണ്ടുതന്നെ സഞ്ജുവിനെ ഇനി പൂര്‍ണ്ണമായും തഴയാനുള്ള നീക്കത്തിനാണ് സാധ്യത കൂടുതല്‍. എന്നാല്‍ പൂര്‍ണ്ണമായും തഴയുന്നതിന് മുമ്പ് സഞ്ജുവിന് തുടര്‍ അവസരങ്ങള്‍ നല്‍കി മികവ് തെളിയിക്കാനുള്ള അവസരം നല്‍കേണ്ടതായുണ്ട്. അല്ലാതെ അദ്ദേഹത്തെ ഒഴിവാക്കിയാല്‍ അത് നീതികേടാവുമെന്നാണ് ആരാധകര്‍ പ്രതികരിക്കുന്നത്.
ഗംഭീര്‍ നേരത്തെ സഞ്ജുവിനെ പ്രശംസിച്ചിട്ടുള്ള പരിശീലകനാണ്. സഞ്ജുവിനെ ചന്ദ്രനില്‍ കളിപ്പിച്ചാലും തിളങ്ങാനാവുമെന്നടക്കം ഗംഭീര്‍ പറഞ്ഞിട്ടുണ്ട്. നായകന്‍ സൂര്യകുമാര്‍ യാദവും സഞ്ജുവിനെ പിന്തുണക്കുന്ന താരമാണ്. അതുകൊണ്ടുതന്നെ ഗോള്‍ഡന്‍ ഡെക്കായതിന്റെ പേരില്‍ സഞ്ജുവിനെ പൂര്‍ണ്ണമായും തഴയുന്ന നിലയിലേക്ക് കാര്യങ്ങള്‍ പോകില്ലെന്ന് തന്നെ പ്രതീക്ഷിക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications