മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ശ്രീലങ്കന്‍ പരമ്പരക്ക് 27ന് തുടക്കമാവുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ ടി20, ഏകദിന പരമ്പരയാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുന്നത്. ടൂര്‍ണമെന്റിനായി ഇതിനോടകം ശ്രീലങ്കയിലെത്തിയ ഇന്ത്യ നിലവില്‍ പരിശീലനത്തിലാണ്. ഗൗതം ഗംഭീര്‍ പരിശീലകസ്ഥാനമേറ്റെടുത്തതോടെ വലിയ മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. ടി20 നായകസ്ഥാനത്ത് നിന്ന് ഹാര്‍ദിക് പാണ്ഡ്യ തഴയപ്പെട്ടുവെന്നതാണ് എടുത്തു പറയേണ്ടത്.
ടി20 ലോകകപ്പില്‍ വൈസ് ക്യാപ്റ്റനായിരുന്ന ഹാര്‍ദിക് പാണ്ഡ്യയെ മറികടന്ന് സൂര്യകുമാര്‍ യാദവിനെയാണ് ഗംഭീര്‍ നായകസ്ഥാനത്തേക്കെത്തിച്ചത്. ഇതിന് പിന്നില്‍ ഗൗതം ഗംഭീറിന്റെ താല്‍പര്യമാണെന്ന് വ്യക്തം. ഗംഭീറിന് കീഴില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ കളിച്ച് വളര്‍ന്ന താരമാണ് സൂര്യകുമാര്‍ യാദവ്. അതുകൊണ്ടുതന്നെ സൂര്യകുമാറിനായി ഹാര്‍ദിക്കിനെ ഒതുക്കിയതാണോയെന്ന സംശയമാണ് എല്ലാവര്‍ക്കുമുള്ളത്.
ഇപ്പോഴിതാ എന്തുകൊണ്ടാണ് ഹാര്‍ദിക്കിനെ നായകനാക്കാത്തതെന്നതിനെക്കുറിച്ച് ആശിഷ് നെഹ്‌റ പ്രതികരിച്ചിരിക്കുകയാണ്. പരിശീലകനായ ഗൗതം ഗംഭീറും മുഖ്യ സെലക്ടറായ അജിത് അഗാര്‍ക്കറും ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞുവെന്നാണ് നെഹ്‌റ വെളിപ്പെടുത്തിയത്. 'ക്രിക്കറ്റിന്റെ ഭാഗത്ത് നിന്ന് നോക്കുമ്പോള്‍ ഇത് അത്ഭുതകരമായ സംഭവമല്ല. ഇതൊക്കെ സംഭവിക്കുന്നതാണ്. ഹാര്‍ദിക് പാണ്ഡ്യയെ സംബന്ധിച്ച് ഇത് അപ്രതീക്ഷിതമായിരിക്കും.
കാരണം ലോകകപ്പില്‍ വൈസ് ക്യാപ്റ്റനായിരുന്നു അവന്‍. എന്നാല്‍ പുതിയ പരിശീലകനെത്തുമ്പോള്‍ പുതിയ തരത്തിലാവും ചിന്തകള്‍. ഓരോ ക്യാപ്റ്റനും പരിശീലകനും വ്യത്യസ്ത ചിന്താഗതികളാണുള്ളത്. അതുകൊണ്ടുതന്നെ അവരുടെ തീരുമാനത്തെ തെറ്റ് പറയാനാവില്ല. അജിത് അഗാര്‍ക്കറും ഗൗതം ഗംഭീറും കുറച്ച് ദിവസം മുമ്പ് ഇതിനെക്കുറിച്ച് പറഞ്ഞിരുന്നു. അവന് ഫിറ്റ്‌നസ് പ്രശ്‌നമുണ്ട്. എല്ലാ ഫോര്‍മാറ്റിലും കളിക്കുന്നില്ല. ഏകദിനത്തില്‍ പോലും അധികം കളിക്കുന്നില്ല.

അതുകൊണ്ടുതന്നെ ഹാര്‍ദിക്കിനെ നായകനാക്കുക ഏതൊരു കോച്ചിനെ സംബന്ധിച്ചും പ്രയാസമാണ്. വ്യത്യസ്തമായ ചിന്താഗതിയെന്ന് മാത്രമേ എനിക്ക് പറയാനാവൂ' നെഹ്‌റ പറഞ്ഞു. നെഹ്‌റയുമായി അടുത്ത ബന്ധമുള്ള താരമാണ് ഹാര്‍ദിക്. അരങ്ങേറ്റ സീസണില്‍ ഹാര്‍ദിക്കിന് കീഴില്‍ ഗുജറാത്ത് ഐപിഎല്‍ കിരീടം നേടിയപ്പോള്‍ പരിശീലകനായി നെഹ്‌റയായിരുന്നു ഉണ്ടായിരുന്നത്. രണ്ട് സീസണില്‍ ഗുജറാത്ത് ക്യാപിറ്റല്‍സില്‍ ഇരുവരും ഒപ്പമുണ്ടായിരുന്നു.
എന്നാല്‍ അവസാന സീസണില്‍ ഗുജറാത്ത് വിട്ട് ഹാര്‍ദിക് മുംബൈയിലേക്ക് കൂടുമാറിയിരുന്നു. മെഗാ ലേലം നടക്കാനിരിക്കെ നെഹ്‌റയും ഗുജറാത്ത് ടൈറ്റന്‍സ് വിടാന്‍ പോവുകയാണെന്നാണ് റിപ്പോര്‍ട്ട്. നെഹ്‌റ ഇന്ത്യയുടെ ബൗളിങ് പരിശീലകസ്ഥാനത്തേക്കെത്തുമെന്ന തരത്തിലുള്ള സൂചനകളും ഇതിനോടകം പുറത്തുവരുന്നുണ്ട്. എന്നാല്‍ ഹാര്‍ദിക് ഇക്കാര്യത്തെക്കുറിച്ച് വ്യക്തമായൊന്നും പ്രതികരിച്ചിട്ടില്ല. ഹാര്‍ദിക് പാണ്ഡ്യ മികച്ച റെക്കോഡുള്ള നായകനാണ്.
പെട്ടെന്ന് തീരുമാനമെടുക്കാന്‍ കഴിവുള്ള താരമാണ് ഹാര്‍ദിക്. എംഎസ് ധോണിയുടേതിന് സമാനമായ രീതിയില്‍ മത്സരത്തെ മാറ്റിമറിക്കാന്‍ ഹാര്‍ദിക്കിന് കഴിവുണ്ട്. എന്നാല്‍ ക്യാപ്റ്റനെന്ന നിലയില്‍ കൃത്യമായ നിലപാട് ഹാര്‍ദിക്കിനുണ്ട്. അങ്ങനെ വരുമ്പോള്‍ ഗംഭീറിന് കാര്യങ്ങള്‍ കടുപ്പമാവും. ഗംഭീറിന്റെ പദ്ധതികള്‍ കൃത്യമായി നടപ്പിലാക്കാന്‍ ഹാര്‍ദിക് പാണ്ഡ്യ നായകനായാല്‍ നടക്കില്ല. സൂര്യകുമാര്‍ യാദവ് ക്യാപ്റ്റന്‍ സ്ഥാനത്തേക്കെത്തുമ്പോള്‍ ഗംഭീറിന് കാര്യങ്ങള്‍ എളുപ്പമാണ്.
സൂര്യ ഗംഭീറിന് കീഴില്‍ കളിച്ചുവളര്‍ന്ന താരമാണ്. അതുകൊണ്ടുതന്നെ ഗംഭീറിന് തന്റെ പദ്ധതികള്‍ കൃത്യമായി നടപ്പിലാക്കാന്‍ സാധിക്കും. ഇതും ഹാര്‍ദിക്കിനെ തഴയാനുള്ള കാരണങ്ങളിലൊന്നാണെന്ന് പറയാം. സൂര്യകുമാര്‍ യാദവിന് ബാറ്റ്‌സ്മാനെന്ന നിലയില്‍ മികച്ച ടി20 റെക്കോഡാണുള്ളത്. എന്നാല്‍ ക്യാപ്റ്റനെന്ന നിലയില്‍ വലിയ അനുഭവസമ്പത്ത് അവകാശപ്പെടാന്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ പരമ്പരയിലെ പ്രകടനം എങ്ങനെയാവുമെന്നത് കണ്ടറിയാം.
ശ്രീലങ്കന്‍ പരമ്പര ഗംഭീറിനും സൂര്യക്കും നിര്‍ണ്ണായകമാണ്. പരമ്പര തോല്‍ക്കുന്ന സാഹചര്യമുണ്ടായാല്‍ സൂര്യകുമാര്‍ യാദവും ഗംഭീറും എയറില്‍ കയറുമെന്നുറപ്പാണ്. അതുകൊണ്ടുതന്നെ ശ്രീലങ്കന്‍ പരമ്പര ഇരുവര്‍ക്കും വളരെ പ്രധാനപ്പെട്ടതാണെന്ന് പറയാം.