മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന, ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ എല്ലാവരേയും ഞെട്ടിച്ചത് ഹാര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കിയതാണ്. രോഹിത് ശര്‍മ ടി20യില്‍ നിന്ന് വിരമിച്ചപ്പോള്‍ വൈസ് ക്യാപ്റ്റനായ ഹാര്‍ദിക് പാണ്ഡ്യയായിരുന്നു നായകനാകേണ്ടിയിരുന്നത്. എന്നാല്‍ ഗൗതം ഗംഭീര്‍ പരിശീലക സ്ഥാനത്തേക്കെത്തിയപ്പോള്‍ ഹാര്‍ദിക്കിനെ ഒതുക്കുകയായിരുന്നു. ടി20 നായകസ്ഥാനത്തേക്ക് സൂര്യകുമാര്‍ യാദവാണ് എത്തിയത്.
വൈസ് ക്യാപ്റ്റന്‍ സ്ഥാനം ശുബ്മാന്‍ ഗില്ലിനും ലഭിച്ചു. രോഹിത് ക്യാപ്റ്റനായിരുന്നപ്പോള്‍ വൈസ് ക്യാപ്റ്റനാരുന്നിട്ടും ടി20യില്‍ മികച്ച റെക്കോഡുള്ള നായകനായിരുന്നിട്ടും ഹാര്‍ദിക്കിനെ എന്തുകൊണ്ടാണ് ഗംഭീര്‍ തഴഞ്ഞതെന്ന ചോദ്യം ശക്തമാണ്. പല കാരണങ്ങളും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ടെങ്കിലും ഹാര്‍ദിക്കിനെ ഗംഭീര്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കാന്‍ കാരണം തന്റെ ആവശ്യം ഹാര്‍ദിക് നിഷേധിച്ചതുകൊണ്ടാണെന്നാണ് റിപ്പോര്‍ട്ട്.
ഗംഭീര്‍ പരിശീലകനായപ്പോള്‍ത്തന്നെ ചില പൊളിച്ചെഴുത്തിന്റെ സൂചനകള്‍ നല്‍കിയിരുന്നു. ഇതിലൊന്ന് ഹാര്‍ദിക് പാണ്ഡ്യയോട് ടെസ്റ്റ് കളിക്കാന്‍ ഗംഭീര്‍ ആവശ്യപ്പെട്ടതാണ്. നിലവില്‍ ഇന്ത്യക്ക് മികച്ച പേസ് ഓള്‍റൗണ്ടര്‍മാര്‍ ടെസ്റ്റിലില്ല. ആകെയുള്ള പേസ് ഓള്‍റൗണ്ടര്‍ ഹാര്‍ദിക്കാണ്. 2018ലെ ഏഷ്യാ കപ്പിനിടെ പരിക്കേറ്റ ഹാര്‍ദിക് പിന്നീട് ടെസ്റ്റില്‍ കളിക്കാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ ഗംഭീര്‍ പരിശീലകനായതോടെ ഹാര്‍ദിക്കിനോട് ടെസ്റ്റ് കളിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
പക്ഷെ ഹാര്‍ദിക് ഈ ആവശ്യം തള്ളിയിരുന്നു. ഫിറ്റ്‌നസ് പ്രശ്‌നം ചൂണ്ടിക്കാട്ടി ടെസ്റ്റ് കളിക്കാന്‍ സാധിക്കില്ലെന്ന് ഗംഭീറിനോട് ഹാര്‍ദിക് പറഞ്ഞുവെന്നാണ് വിവരം. ഇതില്‍ ഗംഭീറിന് അതൃപ്തിയുണ്ട്. ഇതാണ് ഹാര്‍ദിക്കിനെ ടി20 നായകസ്ഥാനത്ത് നിന്ന് മാറ്റാനും വൈസ് ക്യാപ്റ്റന്‍സി പോലും നല്‍കാതെ ഒതുക്കാനും കാരണമായതെന്നാണ് ആരാധകര്‍ പറയുന്നത്. ഗംഭീറിന്റെ നിര്‍ദേശങ്ങള്‍ പരിഗണിക്കാത്ത താരം നായകസ്ഥാനത്തേക്ക് വന്നാല്‍ കാര്യങ്ങള്‍ പ്രയാസമാവും.

ഗംഭീറിന്റെ പദ്ധതികള്‍ നടപ്പിലാക്കാന്‍ ഹാര്‍ദിക് ക്യാപ്റ്റനായാല്‍ തടസമുണ്ടാവും. കാരണം ഹാര്‍ദിക് തന്നിഷ്ടക്കാരനായ നായകനാണ്. ആരേയും അധികം ബഹുമാനിക്കാത്ത സ്വഭാവക്കാരനാണ്. ക്യാപ്റ്റനായിരുന്നപ്പോള്‍ സീനിയര്‍ താരങ്ങളെ പോലും ബഹുമാനിക്കാതെ നിരവധി തവണ ഹാര്‍ദിക് വിമര്‍ശനവും ഏറ്റുവാങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഹാര്‍ദിക് ക്യാപ്റ്റനായാല്‍ ഇതേ നിലപാട് തുടരുമെന്നുറപ്പാണ്. ഇതോടെ ഗംഭീറുമായി അഭിപ്രായ ഭിന്നത ഉയരാനും സാധ്യതകളേറെ.
അതേ സമയം സൂര്യകുമാര്‍ യാദവ് ഗംഭീറിന് കീഴില്‍ കളിച്ച് വളര്‍ന്ന താരമാണ്. സൂര്യകുമാര്‍ യാദവ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലൂടെ കളിച്ച് വളര്‍ന്നപ്പോള്‍ ഗംഭീറായിരുന്നു ക്യാപ്റ്റന്‍. ഈ പരിഗണന സൂര്യകുമാര്‍ യാദവ് നായകനാവുമ്പോള്‍ ഗംഭീറിന് ലഭിക്കും. എന്നാല്‍ ഹാര്‍ദിക് നായകനാവുമ്പോള്‍ ഇത് ലഭിക്കില്ല. അതുകൊണ്ടാണ് അദ്ദേഹത്തെ ഗംഭീര്‍ ഒതുക്കാനുള്ള കാരണം. ഇന്ത്യയുടെ ടെസ്റ്റ് ടീമിനെ ഉടച്ച് വാര്‍ക്കാന്‍ ഗംഭീര്‍ പദ്ധതിയിടുന്നുണ്ട്.
ഹാര്‍ദിക് ടെസ്റ്റ് കളിക്കില്ലെന്ന നിലപാടില്‍ ഉറച്ച് നിന്നാല്‍ കടുത്ത നടപടിയിലേക്ക് ഗംഭീര്‍ നീങ്ങാനും സാധ്യതയുണ്ട്. ബിസിസി ഐ ആവശ്യപ്പെട്ടിട്ടാണ് ഗംഭീര്‍ പരിശീലകനായത്. അതുകൊണ്ടുതന്നെ ഈ പരിഗണന ഗംഭീറിന് ബിസിസി ഐ നല്‍കും. താരങ്ങളുടെ ആധിപത്യം ഗംഭീറിന് കീഴില്‍ നടക്കില്ല. കര്‍ക്കശ സ്വഭാവക്കാരനായ ഗംഭീറിനോട് തുറന്ന യുദ്ധത്തിന് ഹാര്‍ദിക് തയ്യാറാവില്ല. അങ്ങനെ ചെയ്താല്‍ അത് താരത്തിന്റെ കരിയറിനെ തന്നെ ബാധിക്കുമെന്ന കാര്യം ഉറപ്പാണ്.
ഗംഭീര്‍ പരിശീലകനായ ശേഷമുള്ള ആദ്യ പരമ്പരയില്‍ത്തന്നെ ഞെട്ടിക്കുന്ന തീരുമാനങ്ങളെടുത്തിരിക്കുകയാണ്. വരുന്ന പരമ്പരകളില്‍ കൂടുതല്‍ കടുത്ത തീരുമാനങ്ങള്‍ ഗംഭീര്‍ എടുത്തേക്കും. എന്നാല്‍ സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റനാക്കുന്നത് മികച്ച നീക്കമാണെന്ന് പറയാനാവില്ല. അനുഭവസമ്പത്തില്ലാത്ത നായകനാണ് സൂര്യകുമാര്‍ യാദവ്. അതുകൊണ്ടുതന്നെ സമ്മര്‍ദ്ദ സാഹചര്യത്തിലടക്കം പതറിയേക്കും. അതുകൊണ്ടുതന്നെ എന്താവും ടീമിന്റെ ഭാവിയെന്നതാണ് കണ്ടറിയേണ്ടത്.