ഇന്ത്യന്‍ ക്രിക്കറ്റില്‍ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിക്കു ശേഷം ഫിനിഷറുടെ റോളില്‍ ഹീറോയാവാന്‍ സാധിക്കുന്നയാളെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന താരമാണ് റിങ്കു സിങ്. ടി20 ഫോര്‍മാറ്റില്‍ ഇതിനകം അവസരം ലഭിച്ചപ്പോഴെല്ലാം അദ്ദേഹം തന്റെ ഫിനിഷിങ് മിടുക്ക് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ ഇന്ത്യയുടെ പുതിയ കോച്ചായ ഗൗതം ഗംഭീറിനു റിങ്കുവിന്റെ കഴിവില്‍ സംശയമുണ്ടോയെന്നു അദ്ദേഹത്തിന്റെ സമീപനം കണ്ടാല്‍ ആരും സംശയിച്ചുപോവും. കാരണം ഗംഭീറിനു കീഴില്‍ റിങ്കുവിനു കാര്യമായി അവസരങ്ങള്‍ ലഭിക്കുന്നില്ലെന്നത് പരസ്യമായ രഹസ്യമാണ്.
ശ്രീലങ്കയുമായി കഴിഞ്ഞ ദിവസം നടന്ന ആദ്യ ടി20 മല്‍സരവും ഗംഭീറിന്റെ ഈ വിശ്വാസക്കുറവ് തന്നെയാണ് തെളിയിക്കുന്നത്. ഈ മല്‍സരത്തില്‍ ഏഴാം നമ്പറിലാണ് അദ്ദേഹത്തെ ഗംഭീര്‍ ക്രീസിലേക്കു അയച്ചത്. രണ്ടു ബോളില്‍ നിന്നും ഒരു റണ്‍സ് മാത്രമെടുത്ത റിങ്കുവിനെ അസിത ഫെര്‍ണാണ്ടോ ബൗള്‍ഡാക്കുകയും ചെയ്തു. യഥാര്‍ഥത്തില്‍ ബാറ്റിങില്‍ ഇത്ര താഴേക്കു ഒതുക്കപ്പെടേണ്ടയാളല്ല റിങ്കു. ഏറ്റവും കുറഞ്ഞത് അഞ്ച്- ആറ് സ്ഥാനങ്ങളിലെങ്കിലും അദ്ദേഹത്തെ കളിപ്പിച്ചേ തീരൂ.

ലങ്കയ്‌ക്കെതിരായ കളിയില്‍ ഹാര്‍ദിക് പാണ്ഡ്യ 17ാം ഓവറില്‍ പുറത്തായ ശേഷം ക്രീസിലേക്കു ഇന്ത്യ അയക്കേണ്ടിയിരുന്നത് റിങ്കുവിനെയായിരുന്നു. പക്ഷെ റിയാന്‍ പരാഗിനെയാണ് ഇന്ത്യ പരീക്ഷിച്ചത്. ഈ റോളില്‍ താരം ഫ്‌ളോപ്പാവുകയും ചെയ്തു. ആറു ബോളില്‍ ഏഴു റണ്‍സ് മാത്രമേ പരാഗ് നേടിയുള്ളൂ. അതിനു ശേഷമാണ് 19ാം ഓവറില്‍ റിങ്കു ക്രീസിലേക്കു വന്നത്. ഈ ഓവറില്‍ ഒരു ബോളില്‍ മാത്രമാണ് റിങ്കു നേരിട്ടുള്ളൂ. 20ാം ഓവരിലെ നാലാമത്തെ ബോളില്‍ അദ്ദേഹം ബൗള്‍ഡാവുകയും ചെയ്തു.
സാധാരണയായി ക്രീസിലെത്തിയാല്‍ ആദ്യത്തെ അഞ്ച്-പത്ത് ബോളുകളില്‍ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് പിച്ചും സാഹചര്യവും മനസ്സിലാക്കിയ ശേഷം പിന്നീട് ആഞ്ഞടിക്കുകയെന്നതാണ് റിങ്കുവിന്റെ രീതി. പക്ഷെ ബാറ്റിങില്‍ വളരെ താഴേക്കു ഇറങ്ങുമ്പോള്‍ അദ്ദേഹത്തിനു ഇതിനു സാധിക്കാതെ വരികയാണ്. ഇതു റിങ്കുവിന്റെ പ്രകടനത്തെ ബാധിക്കുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തെ കുറേക്കൂടി നേരത്തേ അയക്കാന്‍ ഗംഭീര്‍ ശ്രദ്ധിക്കുകയും ചെയ്യേണ്ടതുണ്ട്.

കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ മുഖ്യ ഉപദേശകനായി ഗംഭീര്‍ വന്നപ്പോഴും റിങ്കു ഇതേ രീതിയില്‍ തഴയപ്പെട്ടിരുന്നു. ഇതു താരത്തിന്റെ പ്രകടനത്തെയും സാരമായി ബാധിക്കുകയും ഇതേ കാരണത്താല്‍ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനം നഷ്ടമാവുകയും ചെയ്തിരുന്നു. 14 മല്‍സരങ്ങളിലാണ് റിങ്കു കെകെആറിനായി കഴിഞ്ഞ സീസണില്‍ കളിച്ചത്. ഇവയില്‍ നേടിയത് വെറും 168 റണ്‍സുമായിരുന്നു.
ഇതിനു പ്രധാനപ്പെട്ട കാരണം അദ്ദേഹത്തിനു വേണ്ടത്ര ബോളുകള്‍ കളിക്കാനുള്ള അവസരം ഗംഭീര്‍ നല്‍കിയില്ലെന്നതു തന്നെയായിരുന്നു. തൊട്ടുമുമ്പത്തെ ഐപിഎല്ലില്‍ (2023) കരിയര്‍ ബെസ്റ്റ് പ്രകടനമാണ് റിങ്കു കാഴ്ചവച്ചത്. 14 മല്‍സരങ്ങളില്‍ നിന്നും 149.53 സ്‌ട്രൈക്ക് റേറ്റില്‍ നാലു ഫിഫ്റ്റികളടക്കം 474 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തിരുന്നു. ദേശീയ ടീമിലേക്കു റിങ്കുവിനു വഴിയൊരുക്കിയതും ഈ പ്രകടനം തന്നെയാണ്.
കഴിഞ്ഞ ആഗസ്റ്റില്‍ അയര്‍ലാന്‍ഡ് പര്യടനത്തിലൂടെ ടി20യില്‍ അരങ്ങേറിയ റിങ്കു മികച്ച പ്രകടനങ്ങളിലൂടെ വളരെ പെട്ടെന്നു ടീമിലെ അവിഭാജ്യ ഘടകവുമായി മാറി. പക്ഷെ ഇപ്പോള്‍ ഗംഭീര്‍ കാരണം അദ്ദേഹത്തിന്റെ കരിയര്‍ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. കെകെആറിലേതു പോലെ ഇന്ത്യന്‍ ടീമിനൊപ്പവും ഗംഭീര്‍ റിങ്കുവിനെ ഒതുക്കുകയാണെങ്കില്‍ അതിന്റെ നഷ്ടം ഇന്ത്യന്‍ ക്രിക്കറ്റിനു തന്നെയായിരിക്കും.