മുംബൈ: ശ്രീലങ്കന്‍ പരമ്പരയ്ക്കായുള്ള അവസാന ഘട്ട പടയൊരുക്കത്തിലേക്ക് ഇന്ത്യ കടന്നിരിക്കുകയാണ്. മൂന്ന് മത്സരങ്ങള്‍ വീതമുള്ള ടി20, ഏകദിന പരമ്പരയാണ് ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ കളിക്കുന്നത്. ഗൗതം ഗംഭീര്‍ മുഖ്യ പരിശീലകനായി സ്ഥാനമേറ്റെടുത്ത ശേഷം നടക്കുന്ന ആദ്യത്തെ പരമ്പരയാണിത്. അതുകൊണ്ടുതന്നെ എല്ലാവരും വളരെ ആകാംക്ഷയോടെയാണ് പരമ്പരയെ ഉറ്റുനോക്കുന്നത്. ഇന്ത്യയുടെ ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകളും വിവാദങ്ങളും ഉണ്ടായിരുന്നു.
സഞ്ജു സാംസണെ ഏകദിന ടീമില്‍ നിന്ന് തഴഞ്ഞതും ഗൗതം ഗംഭീര്‍ ഹാര്‍ദിക് പാണ്ഡ്യയെ മാറ്റി സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റനാക്കിയതുമെല്ലാം വലിയ ചര്‍ച്ചക്കാണ് വഴിതുറന്നത്. ഇതോടൊപ്പം റിയാന്‍ പരാഗിനെ ടീമില്‍ ഉള്‍പ്പെടുത്തിയതും വലിയ ചര്‍ച്ചയായി. ഏകദിന, ടി20 പരമ്പരക്കുള്ള ടീമിലേക്ക് റിയാന്‍ പരാഗിനെ പരിഗണിച്ചത് തികച്ചും അപ്രതീക്ഷിതമായ നീക്കമായിരുന്നു. ഇപ്പോഴിതാ ഗൗതം ഗംഭീര്‍ ആവശ്യപ്പെട്ടത് പരാഗിനെ അല്ലായിരുന്നുവെന്ന വെളിപ്പെടുത്തല്‍ പുറത്തുവരികയാണ്.
ടൈംസ് ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഗംഭീര്‍ ആവശ്യപ്പെട്ടത് മുംബൈ ഇന്ത്യന്‍സിന്റെ യുവതാരം തിലക് വര്‍മയെയായിരുന്നു. ബൗളറെന്ന നിലയിലും വളര്‍ത്താന്‍ സാധിക്കുന്ന താരമാണ് തിലക്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താനും നിലയുറപ്പിച്ച് കളിക്കാനും കഴിവുള്ള തിലക് വര്‍മ സമ്മര്‍ദ്ദ സാഹചര്യത്തിലും മിടുക്കുള്ള താരമാണ്. മുംബൈ ഇന്ത്യന്‍സിനോടൊപ്പം ഇതിനോടകം മികച്ച പ്രകടനം നടത്താന്‍ തിലകിന് സാധിച്ചിട്ടുമുണ്ട്.
അതുകൊണ്ടുതന്നെ ഇടം കൈയന്‍ യുവതാരം ടീമില്‍ വേണമെന്ന് ഗംഭീര്‍ ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുള്ളത്. എന്നാല്‍ തിലകിന് പരിക്കേറ്റതോടെ റിയാന്‍ പരാഗിനെ ടീമിലേക്ക് പരിഗണിക്കുകയായിരുന്നു. തിലക് വര്‍മ തിരിച്ചുവരുന്നതോടെ പരാഗിനെ തഴയുമെന്ന കാര്യം ഉറപ്പാണ്. ഏകദിന, ടി20 പരമ്പരയില്‍ പരാഗിന് പ്ലേയിങ് 11ല്‍ ഇടം ലഭിച്ചേക്കില്ല. അതേ സമയം ഏകദിനത്തിലേക്ക് പരാഗിനെ പരിഗണിച്ചപ്പോള്‍ സഞ്ജുവിന് അവസരം കൊടുക്കാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യവും ഉയരുന്നുണ്ട്.

സഞ്ജു അവസാന ഏകദിന മത്സരം ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയാണ് കളിച്ചത്. അന്ന് ദക്ഷിണാഫ്രിക്കയില്‍ സെഞ്ച്വറിയടക്കം നേടാന്‍ സഞ്ജുവിന് സാധിച്ചിരുന്നു. എന്നിട്ടും സഞ്ജു തഴയപ്പെട്ടുവെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. സഞ്ജുവിന്റെ ഏകദിനത്തിലെ കണക്കുകളെല്ലാം മികച്ചതാണെന്നിരിക്കെ സഞ്ജുവിനെ ഒഴിവാക്കി റിയാന്‍ പരാഗിനെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയെന്നതാണ് ആരാധകരെ ചൊടിപ്പിക്കുന്നത്.
എന്നാല്‍ ഈ തീരുമാനത്തിന് പിന്നില്‍ മറ്റൊരു കാരണംകൂടിയുണ്ട്. സഞ്ജുവിനെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തുകയും കളിക്കാന്‍ അവസരം നല്‍കാതിരിക്കുകയും ചെയ്താല്‍ കൂടുതല്‍ വലിയ വിമര്‍ശനം നേരിടേണ്ടി വരും. നിലവില്‍ റിഷഭ് പന്ത് പ്രധാന വിക്കറ്റ് കീപ്പറായുണ്ട്. കെ എല്‍ രാഹുലിനെയാണ് ഏകദിനത്തില്‍ ബാക്കപ്പ് കീപ്പറായി പരിഗണിച്ചിരിക്കുന്നത്. ഏകദിനത്തില്‍ സഞ്ജുവിനെക്കാള്‍ അനുഭവസമ്പത്തും മികച്ച റെക്കോഡുമുള്ളത് രാഹുലിനാണ്.
രാഹുലിനെക്കാള്‍ മികച്ച വിക്കറ്റ് കീപ്പറാണ് രാഹുലെന്ന് പറയാം. എന്നാല്‍ സഞ്ജുവിനെക്കാള്‍ മികച്ച ഏകദിന താരം രാഹുലാണ്. അതുകൊണ്ടുതന്നെ ഗംഭീറിന്റെ തീരുമാനത്തെ തെറ്റ് പറയാനാവില്ല. നിലവിലെ ഇന്ത്യന്‍ ടീമില്‍ പന്തെറിയാന്‍ കഴിവുള്ള ടോപ് ഓഡര്‍ ബാറ്റ്‌സ്മാന്‍മാരുടെ കുറവുണ്ട്. ഇതിന് പരിഹാരം കാണാനാണ് ഗംഭീര്‍ ശ്രമിക്കുന്നത്. ശിവം ദുബെയെ ടീമില്‍ നിലനിര്‍ത്തിയതിന് കാരണം ബൗളറെന്ന നിലയിലും ഉപയോഗപ്പെടുത്താനാണ്.
റിയാന്‍ പരാഗ്, തിലക് വര്‍മ, യശ്വസി ജയ്‌സ്വാള്‍ എന്നിവരും ഭേദപ്പെട്ട രീതിയില്‍ പന്തെറിയുന്ന ബാറ്റ്‌സ്മാന്‍മാരാണ്. ഇവരെയെല്ലാം വളര്‍ത്തിക്കൊണ്ടുവരാനാണ് ഗംഭീറിന്റെ നീക്കം. ഇത് ഇന്ത്യയുടെ ഭാവിയിലേക്ക് നോക്കുമ്പോള്‍ ഗുണകരമാവുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്തായാലും ഗംഭീര്‍ വലിയ പൊളിച്ചെഴുത്തിലേക്ക് തന്നെയാണ് നീങ്ങുന്നത്. ഈ മാറ്റങ്ങളെല്ലാം ഇന്ത്യന്‍ ടീമിന് ഗുണകരമാവുമോയെന്നതാണ് കണ്ടറിയേണ്ടത്. ശ്രീലങ്കന്‍ പരമ്പര ഗംഭീറിനെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണെന്ന് തന്നെ പറയാം.