For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL: ടി20യില്‍ ടൈ വന്നപ്പോള്‍ സൂപ്പര്‍ ഓവര്‍, ഏകദിനത്തില്‍ എന്തുകൊണ്ടില്ല? ഈ കാരണം

കൊളംബോ: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യത്തെ പോരാട്ടം ത്രില്ലിങ് ടൈയില്‍ കലാശിച്ചിരിക്കുകയാണ്. കൊളംബോയില്‍ നടന്ന ആവേശകരമായ മല്‍സരത്തില്‍ ഇരുടീമുകളുടെയും സ്‌കോര്‍ തുല്യമായതോടെയാണ് മല്‍സരം ടൈയായി മാറിയത്. കളി ടൈ ആയപ്പോള്‍ പതിവുപോലെ വിജയികളെ തീരുമാനിക്കാന്‍ സൂപ്പര്‍ ഓവറുണ്ടാവുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചത്. പക്ഷെ സൂപ്പര്‍ ഓവറുണ്ടായില്ല. പകരം കളി ടൈയില്‍ തന്നെ കലാശിക്കുകയായിരുന്നു.

നേരത്തേ ഇരുടീമുകളും തമ്മിലുള്ള ടി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മല്‍സരവും ടൈ ആയിരുന്നു. അന്നു പക്ഷെ സൂപ്പര്‍ ഓവറുണ്ടാവുകയും ഇന്ത്യ ജയിച്ചു കയറുകയും ചെയ്യുകയായിരുന്നു. പക്ഷെ ഏകദിനത്തില്‍ എന്തുകൊണ്ടാണ് സൂപ്പര്‍ ഓവര്‍ ഇല്ലാതിരുന്നത്? ഇതിനു പിന്നിലെ കാരണമറിയാം.

ROHIT SHARMA- KL RAHUL

ടി20യിലേതു പോലെ ഏകദിനത്തില്‍ മല്‍സരം ടൈ ആവുകയാണെങ്കില്‍ വിജയികളെ കണ്ടെത്താന്‍ സൂപ്പര്‍ ഓവര്‍ നിര്‍ബന്ധമല്ലെന്നതാണ് ഇതിനു കാരണം. ടി20യില്‍ ഏതു മല്‍സരം ടൈയില്‍ കലാശിച്ചാലും സൂപ്പര്‍ ഓവര്‍ വേണമെന്നാണ് ഐസിസിയുടെ നിയമാവലിയില്‍ പറയുന്നത്. പക്ഷെ ഏകദിനത്തില്‍ ഇതാവശ്യമില്ല.

ഓരോ പരമ്പരയിലെയും ടൂര്‍ണമെന്റിലെയും മാനദണ്ഡങ്ങള്‍ വ്യത്യസ്തമാണ്. ഏകദിനത്തില്‍ ഒന്നിലേറെ ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റുകളില്‍ മാത്രമേ മല്‍സരം ടൈ ആയാല്‍ സൂപ്പര്‍ ഓവര്‍ വേണമെന്ന നിബന്ധനയുള്ളൂ. രണ്ടു ടീമുകളുടെ പരമ്പരയില്‍ ടൈയ്ക്ക് സൂപ്പര്‍ ഓവര്‍ ആവശ്യമില്ല.

ഏകദിന ക്രിക്കറ്റിന്റെ ചരിത്രമെടുത്താല്‍ ഇതുവരെ വെറും മൂന്നു മല്‍സരങ്ങളില്‍ മാത്രമേ സൂപ്പര്‍ ഓവറുണ്ടായിട്ടുള്ളൂ. 2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും തമ്മിലുള്ള ഫൈനലാണ് ഇതില്‍ എടുത്തു പറയേണ്ടത്. അന്നു ഡബിള്‍ സൂപ്പര്‍ ഓവറുകളാണ് വേണ്ടിവന്നത്. രണ്ടു സൂപ്പര്‍ ഓവറുകളും ടൈയായി മാറിയപ്പോള്‍ കൂടുതല്‍ ബൗണ്ടറികളടിച്ച ടീമെന്ന നിലയില്‍ ഇംഗ്ലണ്ടിനെ ജേതാക്കളായി പ്രഖ്യാപിക്കുകയായിരുന്നു. ഏകദിന ചരിത്രത്തില്‍ സൂപ്പര്‍ ഓവര്‍ കണ്ട ആദ്യ മല്‍സരവും ഇതു തന്നെയാണ്.

അതിനു ശേഷം 2020ല്‍ പാകിസ്താനും സിംബാബ്‌വെയും തമ്മിലുള്ള ഏകദിനത്തിലാണ് വീണ്ടും സൂപ്പര്‍ ഓവറുണ്ടായത്. ഒരു ദ്വിരാഷ്ട്ര പരമ്പരയില്‍ ടൈയ്ക്കു ശേഷം സൂപ്പര്‍ ഓവറുണ്ടായ ഏക മല്‍സരവും ഇതു തന്നെയാണ്. അവസാനമായി ഏകദിനത്തില്‍ ഒരു സൂപ്പര്‍ ഓവര്‍ നടന്നത് കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പിനുള്ള യോഗ്യതാ റൗണ്ടില്‍ വെസ്റ്റ് ഇന്‍ഡീസും നെതര്‍ലാന്‍ഡ്‌സും തമ്മിലുള്ള മല്‍സരത്തിലാണ്.

INDIA- LANKA TIE

1987ല്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ ഹൈദരാബാദിലും 1988ല്‍ ഓസ്‌ട്രേലിയയും പാകിസ്താനും തമ്മില്‍ ലാഹോറില്‍ നടന്ന ഏകദിനവും ടൈയില്‍ കലാശിച്ചിരുന്നു. അന്നു പക്ഷെ വിക്കറ്റുകകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് വിജയികളെ തീരുമാനിച്ചത്. അതായത് മല്‍സരത്തില്‍ കുറച്ചു വിക്കറ്റുകള്‍ നഷ്ടമായ ടീമിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.

അതേസമയം, ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള കഴിഞ്ഞ ഏകദിനത്തിലേക്കു വരികയാണെങ്കില്‍ ജയിക്കാമായിരുന്ന മല്‍സരമാണ് പടിവാതില്‍ക്കെ ഇന്ത്യ കളഞ്ഞുകുളിച്ചത്. 15 ബോളുകളും രണ്ടു വിക്കറ്റും ശേഷിക്കെ ഇന്ത്യക്കു ജയിക്കാന്‍ വെറും ഒരു റണ്‍സ് മാത്രമേ വേണ്ടിയിരുന്നുള്ളൂ. പക്ഷെ ലങ്കന്‍ ക്യാപ്റ്റന്‍ ചരിത് അസലെന്‍കെറിഞ്ഞ 48ാം ഓവറിലെ നാലാമത്തെയും അഞ്ചാമത്തെയും ബോളില്‍ അവസാന രണ്ടു വിക്കറ്റുകള്‍ ഇന്ത്യ നഷ്ടപ്പെടുത്തി. ശിവം ദുബെയും (25) അര്‍ഷ്ദീപ് സിങുമാണ് (0) വിക്കറ്റിനു മുന്നില്‍ കുരുങ്ങിയത്. ഇതോടെ ഇന്ത്യ ടൈയും സമ്മതിക്കുകയായിരുന്നു

Story first published: Saturday, August 3, 2024, 9:00 [IST]
Other articles published on Aug 3, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+