For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL: എവിടെ അഭിഷേകും റുതുവും? തിലകിനു സംഭവിച്ചതെന്ത്, 5 ചോദ്യങ്ങള്‍ക്ക് ഉത്തരം വേണം

ശ്രീലങ്കയ്‌ക്കെതിരായ വൈറ്റ് ബോള്‍ പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമുകളെ ഒടുവില്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഏകദിന, ടി20 പരമ്പകളില്‍ വ്യത്യസ്ത ക്യാപ്റ്റന്‍മാര്‍ക്കു കീഴിലാണ് ഇന്ത്യയിറങ്ങുക. പുതിയ കോച്ച് ഗൗതം ഗംഭീറിനു കീഴില്‍ ടീം ആദ്യമായി കളിക്കുന്ന പരമ്പരയും കൂടിയാണിത്. ഏകദിന ടീമിനെ രോഹിത് ശര്‍മ നയിക്കുമ്പോള്‍ ടി20യില്‍ സൂര്യകുമാര്‍ യാദവാണ് പുതിയ ക്യാപ്റ്റന്‍. നേരത്തേ രോഹിത്ത് നയിക്കവെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തുണ്ടായിരുന്ന ഹാര്‍ദിക് പാണ്ഡ്യയെ മുഴുവന്‍ സ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കിയെന്നതും എടുത്തു പറയേണ്ട കാര്യമാണ്.

ഇന്ത്യന്‍ ടീം പ്രഖ്യാപനത്തിനു ശേഷം പല ചോദ്യങ്ങളും ഉയര്‍ന്നു വന്നിരിക്കുകയാണ്. ഇവയ്‌ക്കെല്ലാം മറുപടി നല്‍കാന്‍ അജിത് അഗാര്‍ക്കര്‍ നയിക്കുന്ന സെലക്ഷന്‍ കമ്മിറ്റിയും ഗംഭീറും പാടുപെടുമെന്ന കാര്യത്തില്‍ സംശയമില്ല. എന്തൊക്കെയാണ് പലരുടെയും മനസ്സില്‍ ഉയരാനിടയുള്ള ഈ ചോദ്യങ്ങളെന്നു നമുക്കു നോക്കാം.

ഗില്ലിന് എന്തിന് വൈസ് ക്യാപ്റ്റന്‍സി?

ശുഭ്മന്‍ ഗില്ലിനെയാണ് രണ്ടു പരമ്പരകളിലും ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനാക്കിയിരിക്കുന്നത്. സമാപിച്ച ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം പോലും ലഭിക്കാതിരുന്ന അദ്ദേഹത്തെ ഇത്രയും പെട്ടെന്നു വൈസ് ക്യാപ്റ്റന്റെ റോളിലേക്കു പ്രൊമോട്ട് ചെയ്തതിനു പിന്നില്‍ എന്താണെന്നതാണ് ചോദ്യം. സിംബാബ്‌വെയ്‌ക്കെതിരേ സമാപിച്ച ടി20 പരമ്പരയിലൂടെ ഗില്‍ ക്യാപ്റ്റനായി അരങ്ങേറിയിരുന്നെങ്കിലും പല വിമര്‍ശനങ്ങളും നേരിട്ടു.

SHUBMAN GILL

ഓപ്പണിങ് പങ്കാളിയായ യശസ്വി ജയ്‌സ്വാള്‍ 93 റണ്‍സില്‍ നില്‍ക്കെ അദ്ദേഹത്തിനു സെഞ്ച്വറി തികയ്ക്കാന്‍ അവസരം നല്‍കാതെ ഗില്‍ അതിവേഗത്തില്‍ സ്‌കോര്‍ ചെയ്ത് മല്‍സരം അവസാനിപ്പിച്ചതിനെതിരേ വന്‍ വിമര്‍ശനമുയര്‍ന്നിരുന്നു. കൂടാതെ ഓപ്പണറായി സെഞ്ച്വറി നേടിയ അഭിഷേക് ശര്‍മയെ തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ വണ്‍ഡൗണാക്കി ഇറക്കിയ ഗില്ലിന്റെ തീരുമാനവും ചോദ്യം ചെയ്യപ്പെട്ടിരുന്നു.

ഏകദിനത്തില്‍ സഞ്ജുവിനെ തഴഞ്ഞത് എന്തിന്?

ഏകദിന പരമ്പരയില്‍ മലയാളി താരം സഞ്ജു സാംസണിനെ എന്തുകൊണ്ട് ഉള്‍പ്പെടുത്തിയില്ലെന്നതാണ് രണ്ടാമത്തെ ചോദ്യം. ഇന്ത്യ അവസാനമായി ഏകദിന പരമ്പര കളിച്ചത് സൗത്താഫ്രിക്കയ്‌ക്കെതിരേ കഴിഞ്ഞ ഡിസംബറിലായിരുന്നു. ഈ പരമ്പരയിലെ നിര്‍ണായകമായ മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ സെഞ്ച്വറിയുമായി ടീമിന്റെ വിജയശില്‍പ്പിയായ താരമാണ് സഞ്ജു.

കളി ജയിച്ച് ഇന്ത്യ പരമ്പരയും സ്വന്തമാക്കിയപ്പോള്‍ പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടുതും അദ്ദേഹമാണ്. എന്നിട്ടും ശ്രീലങ്കയുമായുള്ള ഈ പരമ്പരയില്‍ സെലക്ടര്‍മാര്‍ സഞ്ജുവിനെ തഴയുകയായിരുന്നു. കെഎല്‍ രാഹുലും റിഷഭ് പന്തുമാണ് ഏകദിന ടീമിലെ വിക്കറ്റ് കീപ്പര്‍മാര്‍.

അഭിഷേകും റുതുരാജും എവിടെ?

യുവ താരങ്ങളായ അഭിഷേക് ശര്‍മയും റുതുരാജ് ഗെയ്ക്വാദും എവിടെയെന്നതാണ് മൂന്നാമത്തെ ചോദ്യം. ശ്രീലങ്കയ്‌ക്കെതിരേ രണ്ടു പരമ്പരകളിലും ഇരുവരെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സിംബാബ്‌വെയുമായുള്ള അവസാന ടി20 പരമ്പരയിലൂടെ അരങ്ങേറിയ താരമാണ് അഭിഷേക്.

കരിയറിലെ രണ്ടാമത്തെ ടി20യില്‍ തന്നെ യുവതാരം സെഞ്ച്വറി കുറിക്കുകയും ചെയ്തിരുന്നു. റുതുരാജാവട്ടെ ഈ പരമ്പരയില്‍ മൂന്ന്, നാല് പൊസിഷനുകളിലെല്ലാം ഇറങ്ങിയ ശേഷം ശ്രദ്ധേയമായ ബാറ്റിങും കാഴ്ചവച്ചിരുന്നു. പക്ഷെ ഇരുവരെയും സെലക്ടര്‍മാര്‍ ഇത്തവണ തഴയുകയായിരുന്നു.

SANJU SAMSON

തിലക് വര്‍മയ്ക്കു എന്തു സംഭവിച്ചു?

യുവ ഇടംകൈയന്‍ മധ്യനിര ബാറ്ററും ഓള്‍റൗണ്ടറുമായ തിലക് വര്‍മയ്ക്കു എന്തു സംഭവിച്ചുവെന്നതാണ് നാലാമത്തെ ചോദ്യം. ഇന്ത്യയുടെ അടുത്ത സൂപ്പര്‍ താരമായി മാറിയേക്കുമെന്നു കരുതപ്പെട്ടിരുന്ന അദ്ദേഹം വീണ്ടും ഒഴിവാക്കപ്പെട്ടിരിക്കുകയാണ്.

ഈ വര്‍ഷം ജനുവരിയില്‍ അഫ്ഗാനിസ്താനുമായി നാട്ടില്‍ നടന്ന ടി20 പരമ്പരയ്ക്കു ശേഷം ഇന്ത്യക്കായി തിലക് കളിച്ചിട്ടില്ല. സിംബാബ്‌വെയുമായുള്ള കഴിഞ്ഞ ടി20 പരമ്പരയില്‍ സീനിയര്‍ താരങ്ങള്‍ക്കു പകരം യുവനിരയെ ഇറക്കിയിട്ടും തിലക് തഴയപ്പെട്ടു. ഇപ്പോള്‍ ലങ്കയ്‌ക്കെതിരേയും അദ്ദേഹം പരിഗണിക്കപ്പെട്ടില്ലെന്നത് ആരാധകരെ നിരാശരാക്കുന്നുണ്ട്.

റിങ്കുവും ജയ്‌സ്വാളും എന്തുകൊണ്ട് ഏകദിനത്തില്‍ ഇല്ല?

ഏകദിന ടീമിലേക്കു യശസ്വി ജയ്‌സ്വാളും റിങ്കു സിങും എന്തുകൊണ്ട് പരിഗണിക്കപ്പെട്ടില്ലെന്നതാണ് അഞ്ചാമത്തെ ചോദ്യം. രണ്ടു പേരും ഈ ഫോര്‍മാറ്റില്‍ കളിക്കാന്‍ ശേഷിയുള്ളവരാണ്. ലിസ്റ്റ് എ ക്രിക്കറ്റില്‍ മികച്ച റെക്കോര്‍ഡും ഇവര്‍ക്കുണ്ട്. പക്ഷെ ഇവരെ സെലക്ടര്‍മാര്‍ വീണ്ടും കണ്ടില്ലെന്നു നടിക്കുകയായിരുന്നു. ഈ ഫോര്‍മാറ്റില്‍ ഇനിയും അരങ്ങേറാന്‍ ഇവര്‍ക്കായിട്ടില്ല.

Story first published: Friday, July 19, 2024, 7:49 [IST]
Other articles published on Jul 19, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+