IND vs SL: വമ്പന്‍ നാഴികക്കല്ല് പിന്നിട്ട് കോലി, എലൈറ്റ് ക്ലബ്ബില്‍- ബൗണ്ടറിയില്‍ ആയിരത്തിലേക്ക്!
മൊഹാലി: ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട് കോലിയെ സംബന്ധിച്ച് കരിയറിലെ അവിസ്മരണീയ മുഹൂര്‍ത്തായിരുന്നു ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്. 100 ടെസ്റ്റുകളെന്ന നാഴികകല്ലാണ് ഇതോടെ അദ്ദേഹം പിന്നിട്ടത്. സെഞ്ച്വറിയുമായി ഈ നേട്ടം കോലി ആഘോഷിക്കണമെന്നു ആരാധകര്‍ ആഗ്രഹിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ആദ്യ ഇന്നിങ്‌സില്‍ 45 റണ്‍സെടുത്ത് അദ്ദേഹം മടങ്ങുകയായിരുന്നു. 76 ബോളില്‍ അഞ്ചു ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു കോലിയുടെ ഇന്നിങ്‌സ്.
സ്പിന്നര്‍ ലസിത് എംബുല്‍ദെനിയയാണ് അദ്ദേഹത്തെ പുറത്താക്കിയത്. പിച്ച് ചെയ്ത ശേഷം അദ്ദേഹിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ച് ബോള്‍ അകത്തേക്കു കയറുകയും സ്റ്റംപുകളില്‍ പതിക്കുകയുമായിരുന്നു. എങ്കിലും ചില നാഴികക്കല്ലുകള്‍ ഇതിനിടെ പൂര്‍ത്തിക്കാന്‍ കോലിക്കായിരുന്നു.

ടെസ്റ്റ് ക്രിക്കറ്റില്‍ 8000 റണ്‍സെന്ന നാഴികക്കല്ലാണ് വിരാട് കോലി ഈ ടെസ്റ്റില്‍ പൂര്‍ത്തിയാക്കിയത്. വ്യക്തിഗത സ്‌കോര്‍ 38ല്‍ നില്‍ക്കവെയായിരുന്നു അദ്ദേഹം 8000 റണ്‍സ് ക്ലബ്ബിലെത്തിയത്. കരിയറിലെ നൂറാമത്തെ ടെസ്റ്റില്‍ 8000 റണ്‍സ് തികച്ച ലോകത്തിലെ രണ്ടാമത്തെ താരം കൂടിയാണ് കോലി.50.63 എന്ന മികച്ച ശരാശരിയില്‍ 27 സെഞ്ച്വറികളും 28 ഫിഫ്റ്റികളുമടക്കമാണ് അദ്ദേഹം 8000 തികച്ചത്.
നേരത്തേ ഓസ്‌ട്രേലിയയുടെ മുന്‍ നായകനും ഇതിഹാസ ബാറ്ററുമായ റിക്കി പോണ്ടിങാണ് 100ാം ടെസ്റ്റില്‍ 8000 റണ്‍സ് പൂര്‍ത്തിയാക്കിയ മറ്റൊരു താരം.

8000 റണ്‍സ് തികയ്ക്കാന്‍ 169 ഇന്നിങ്‌സുകളാണ് വിരാട് കോലിക്കു വേണ്ടി വന്നത്. കുറഞ്ഞ ഇന്നിങ്‌സുകളില്‍ നിന്നും ഈ നേട്ടത്തിലെത്തിയ ഇന്ത്യന്‍ താരങ്ങളുടെ ലിസ്റ്റില്‍ അഞ്ചാംസ്ഥാനത്താണ് അദ്ദേഹം.
മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലാണ് ഓള്‍ടൈം റെക്കോര്‍ഡ്. 154 ഇന്നിങ്‌ലുകള്‍ മാത്രമേ 8000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിനു വേണ്ടി വന്നുള്ളൂ. മറ്റൊരു ഇതിഹാസവും നിലവിലെ കോച്ചുമായ രാഹുല്‍ ദ്രാവിഡ് (157), വീരേന്ദര്‍ സെവാഗ് (160), സുനില്‍ ഗവാസ്‌കര്‍ (166) എന്നിവരാണ് രണ്ടു മുതല്‍ നാലു വരെ സ്ഥാനങ്ങളിലുള്ളത്. കോലിക്കു പിറകിലായി ആറാംസ്ഥാനത്തു നില്‍ക്കുന്നത് വിവിഎസ് ലക്ഷ്മണാണ്. 201 ഇന്നിങ്‌സുകളാണ് അദ്ദേഹത്തിനു വേണ്ടി വന്നത്.
100 ടെസ്റ്റുകളില്‍ നിന്നും 8000 റണ്‍സ് തികച്ച അഞ്ചാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് കോലി. രാഹുല്‍ ദ്രാവിഡിന്റെ പേരിലാണ് റെക്കോര്‍ഡ്. 100 ടെസ്റ്റുകളില്‍ നിന്നും 8553 റണ്‍സായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. വീരേന്ദര്‍ സെവാഗ് 8487ഉം സുനില്‍ ഗവാസ്‌കര്‍ 8479ഉം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 8405ഉം റണ്‍സ് 100ാം ടെസ്റ്റില്‍ നേടിയിരുന്നു.

ടെസ്റ്റില്‍ 900 ബൗണ്ടറികളെന്ന നേട്ടവും സ്വന്തം പേരില്‍ കുറിക്കാന്‍ വിരാട് കോലിക്കു ഈ മല്‍സരത്തില്‍ സാധിച്ചിരിക്കുകയാണ്. സൗരവ് ഗാംഗുലിയുടെ നേട്ടത്തിനൊപ്പമാണ് കോലി എത്തിയത്. ദാദ നേരത്തേ റെഡ് ബോള്‍ ക്രിക്കറ്റില്‍ 900 ബൗണ്ടറികളടിച്ചിട്ടുണ്ട്.
കൂടുതല്‍ ബൗണ്ടറികള്‍ നേടിയ ഇന്ത്യന്‍ താരങ്ങളില്‍ കോലി ആറാംസ്ഥാനത്താണ്. സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ലിസ്റ്റിലെ കിങ്. 2058ന് മുകളില്‍ ഫോറുകളാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ വാരിക്കൂട്ടിയത്. 1651 ബൗണ്ടറികളുമായി രാഹുല്‍ ദ്രാവഡ് രണ്ടാംസ്ഥാനത്തും 1219 ബൗണ്ടറികളുമായി വീരേന്ദര്‍ സെവാഗ് മൂന്നാംസ്ഥാനത്തും നില്‍ക്കുന്നു. 1135 ബൗണ്ടറികളടിച്ച വിവിഎസ് ലക്ഷ്മാണ് നാലാമത്. 1016 പ്ലസ് ബൗണ്ടറികളുമായി സുനില്‍ ഗവാസ്‌കറാണ് ഇനി കോലിക്കു തൊട്ടുമുന്നിലുള്ളത്.

റെഡ് ബോള്‍ ക്രിക്കറ്റില്‍ കൂടുതല്‍ ബോളുകള്‍ നേരിട്ട മൂന്നാമത്തെ താരമായും വിരാട് കോലി മാറി. 30,000 ബോളുകളാണ് അദ്ദേഹം മൊഹാലി ടെസ്റ്റിലൂടെ തികച്ചിരിക്കുന്നത്. ഈ ലിസ്റ്റിലും ഒന്നാംസ്ഥാനം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കാണ്. 50,817 ബോളുകളാണ് അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റില്‍ നേരിട്ടത്. 46,332 ബോളുകളുമായി മുന്‍ വന്‍മതില്‍ രാഹുല്‍ ദ്രാവിഡ് രണ്ടാംസ്ഥാനത്തും നില്‍ക്കുന്നു. 29305 ബോളുകള്‍ കളിച്ച സൗരവ് ഗാംഗുലിയാണ് കോലിക്കു പിറകിലായി നാലാമതുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications