കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് മത്സര ടി20 പരമ്പര തൂത്തുവാരിയ ഇന്ത്യ ഇനി ഏകദിന പരമ്പരയിലേക്ക് കടക്കുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരം നാളെയാണ് ആരംഭിക്കുന്നത്. രോഹിത് ശര്‍മയാണ് ഏകദിന പരമ്പരയില്‍ നയിക്കുന്നത്. വിരാട് കോലിയും ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ഏകദിന പരമ്പരയില്‍ എല്ലാവരും ഉറ്റുനോക്കുന്നത് വിരാട് കോലി ഗൗതം ഗംഭീറിന്റെ പരിശീലനത്തിന് കീഴില്‍ കളിക്കുന്നതിലേക്കാണ്.
രണ്ട് പേരും തമ്മില്‍ അടുത്ത ബന്ധമല്ല ഉള്ളത്. ഐപിഎല്ലിനിടെ ഇരുവരും പല തവണ ഏറ്റുമുട്ടിയിരുന്നു. അതുകൊണ്ടുതന്നെ ഗംഭീര്‍ കോലിയോട് എങ്ങനെയാവും പെരുമാറുകയെന്നും ഹാര്‍ദിക് പാണ്ഡ്യയെ ഒതുക്കാന്‍ ശ്രമിച്ചതുപോലെ കോലിയേയും ശ്രമിക്കുമോയെന്ന ആശങ്കയും ആരാധകര്‍ക്കുണ്ടായിരുന്നു. എന്നാല്‍ എല്ലാവരേയും ഞെട്ടിച്ച് ഇരുവരും തമ്മില്‍ വളരെ സൗഹൃദത്തോടെ പെരുമാറുന്നതാണ് നെറ്റ്‌സില്‍ കാണാന്‍ സാധിച്ചത്.
നെറ്റ്‌സില്‍ രോഹിത്തും കോലിയും പരിശീലനം നടത്തുമ്പോള്‍ ഗംഭീറും ഒപ്പമുണ്ടായിരുന്നു. പരിശീലനത്തിനിടെ കോലിയോട് ഏറെ നേരം ഗംഭീര്‍ സംസാരിക്കുന്നതും ഇരുവരും ചിരിച്ചുകൊണ്ട് സംസാരിക്കുന്നതുമെല്ലാം വീഡിയോയിലുണ്ട്. ഇതോടെ ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ അവസാനിച്ചുവെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. കോലി ഇന്ത്യയുടെ സൂപ്പര്‍ താരവും ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനുമാണ്.
അതുകൊണ്ടുതന്നെ കോലിയെ ഗംഭീര്‍ ഒതുക്കാന്‍ ശ്രമിച്ചാല്‍ അത് താരത്തിന്റെ കരിയറിനെത്തന്നെ പ്രതികൂലമായി ബാധിക്കും. എന്നാല്‍ നേരത്തെ തന്നെ കോലിയുടേയും രോഹിത്തിന്റേയും ഭാവിയെക്കുറിച്ച് ഗംഭീര്‍ വ്യക്തമാക്കിയിരുന്നു. ഇരുവരും സൂപ്പര്‍ താരങ്ങളാണെന്നും ഇരുവര്‍ക്കും ഫിറ്റ്‌നസ് അനുവദിക്കുന്നിടത്തോളം കളിക്കാന്‍ സാധിക്കുമെന്നുമായിരുന്നു ഗംഭീര്‍ വ്യക്തമാക്കിയത്. എന്തായാലും കോലിയും ഗംഭീറും ശത്രുത മറന്ന് സൗഹൃദത്തിലായത് ഇന്ത്യക്ക് ഗുണം ചെയ്യുമെന്ന് ഉറപ്പാണ്.

ഗംഭീറിനൊപ്പം കളിച്ചിട്ടുള്ള താരമാണ് കോലിയും രോഹിത്തും. അതുകൊണ്ടുതന്നെ ഗംഭീര്‍ പരിശീലകനാവുമ്പോള്‍ ഇരുവരുടേയും പ്രകടനം എങ്ങനെയാവുമെന്നതാണ് എല്ലാവരും ഉറ്റുനോക്കിയത്. രോഹിത്തുമായി നേരത്തെ മുതല്‍ മികച്ച ബന്ധമാണ് ഗംഭീറിനുള്ളത്. രോഹിത്ത് തന്റെ ഇഷ്ട നായകനും ഐപിഎല്ലില്‍ ഏറ്റവും പ്രയാസപ്പെടുത്തിയ നായകനുമാണെന്ന് ഗംഭീര്‍ നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതാണ്. പരിശീലകനെന്ന നിലയില്‍ ഗംഭീറിന്റെ തുടക്കം ഗംഭീരമായിരുന്നു.
ടി20 പരമ്പര തൂത്തുവാരാന്‍ പരിശീലകനെന്ന നിലയില്‍ ഗംഭീറിന് സാധിച്ചിരുന്നു. ഇതേ പ്രകടനം ഏകദിനത്തിലും ആവര്‍ത്തിക്കാനാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഗംഭീര്‍ ടി20 ടീമിലേക്ക് പന്തെറിയാന്‍ കഴിയുന്ന കൂടുതല്‍ ബാറ്റ്‌സ്മാന്‍മാരെ കൊണ്ടുവന്നത് ടീമിന് വളരെയധികം ഗുണം ചെയ്തിരുന്നു. ഇതേ നീക്കം ഏകദിന ടീമിലും പ്രതീക്ഷിക്കാം. വിരാട് കോലി നേരത്തെ പന്തെറിഞ്ഞുകൊണ്ടിരുന്ന താരമാണ്. എന്നാല്‍ ക്യാപ്റ്റനായതോടെയാണ് ബൗളിങ് ചെയ്യാതെ മാറി നിന്നത്.
ഇപ്പോള്‍ കോലിയെ ബൗളറെന്ന നിലയില്‍ കൂടുതല്‍ ഉപയോഗിക്കാന്‍ ഗംഭീര്‍ നിര്‍ദേശം നല്‍കാന്‍ സാധ്യത കൂടുതലാണ്. ഇന്ത്യന്‍ ടീമിലെ പല ബാറ്റ്‌സ്മാന്‍മാരും പന്തെറിയാന്‍ കഴിവുള്ളവരാണ്. എന്നാല്‍ ഇവരാരും ബൗളിങ്ങിനെ കാര്യമായി കാണുന്നില്ല. റിങ്കു സിങ്, സൂര്യകുമാര്‍ യാദവ്, യശ്വസി ജയ്‌സ്വാള്‍, റിയാന്‍ പരാഗ്, ശ്രേയസ് അയ്യര്‍ എന്നിവര്‍ക്കെല്ലാം പന്തെറിയാന്‍ കഴിവുള്ള ബാറ്റ്‌സ്മാന്‍മാരാണ്. നായകന്‍ രോഹിത് ശര്‍മയും പാര്‍ട്ട് ടൈം സ്പിന്നറെന്ന നിലയില്‍ മികവ് കാട്ടാന്‍ കഴിവുള്ളവനാണ്.
അതുകൊണ്ടുതന്നെ ഗംഭീര്‍ ഇവരെയെല്ലാം ഇനി ബൗളിങ്ങില്‍ കൂടുതല്‍ ഉപയോഗിക്കാനാണ് സാധ്യത. ശ്രീലങ്കയ്‌ക്കെതിരേ മികച്ച റെക്കോഡാണ് ഇന്ത്യക്ക് ഏകദിനത്തിലുമുള്ളത്. ഈ മികവ് തുടരാന്‍ ഇന്ത്യക്ക് സാധിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. എന്തായാലും ഗംഭീര്‍ ടീമിന്റെ പരിശീലകനായതോടെ വലിയ മാറ്റങ്ങള്‍ ടീമില്‍ പ്രകടം. പരീക്ഷണം നടത്താനും യുവതാരങ്ങളെ വിശ്വസിക്കാനും ഗംഭീര്‍ മടി കാട്ടുന്നില്ല. ടി20യിലേതുപോലെ ഏകദിനത്തിലും ഇതേ പരീക്ഷണങ്ങള്‍ പ്രതീക്ഷിക്കാം.