കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങി ഇന്ത്യ. 32 റണ്‍സിനാണ് കരുത്തരായ ഇന്ത്യയുടെ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 9 വിക്കറ്റിന് 240 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 42.5 ഓവറില്‍ 208 റണ്‍സില്‍ പുറത്താവുകയായിരുന്നു. ജെഫ്രി വന്‍ഡര്‍സെയുടെ ആറ് വിക്കറ്റ് പ്രകടനമാണ് ഇന്ത്യയെ തകര്‍ത്തത്. ചരിത് അസലന്‍ക മൂന്ന് വിക്കറ്റും നേടി. ഇതോടെ മൂന്ന് മത്സര പരമ്പരയില്‍ ശ്രീലങ്ക 1-0ന് മുന്നിലെത്തി.
ടോസ് നേടിയ ശ്രീലങ്ക ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ശ്രീലങ്കയുടെ തുടക്കം പാളി. നേരിട്ട ആദ്യ പന്തില്‍ മുഹമ്മദ് സിറാജ് ശ്രീലങ്കയെ ഞെട്ടിച്ചു. മിന്നും ഫോമിലായിരുന്ന പതും നിസങ്കയെ മുഹമ്മദ് സിറാജ് ആദ്യ പന്തില്‍ത്തന്നെ വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന്റെ കൈയിലെത്തിച്ചു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ അവിഷ്‌ക ഫെര്‍ണാണ്ടോയും കുശാല്‍ മെന്‍ഡിസും ചേര്‍ന്ന് ശ്രീലങ്കയെ പതിയെ മുന്നോട്ട് കൊണ്ടുപോയി.
രണ്ടാം വിക്കറ്റില്‍ 73 റണ്‍സ് കൂട്ടുകെട്ട് സൃഷ്ടിച്ച ശേഷം അവിഷ്‌ക ഫെര്‍ണാണ്ടോയെ (40) വാഷിങ്ടണ്‍ സുന്ദര്‍ പുറത്താക്കി. 62 പന്ത് നേരിട്ട് അഞ്ച് ബൗണ്ടറിയടക്കം നേടിയ അവിഷ്‌കയെ റിട്ടേണ്‍ ക്യാച്ചിലൂടെയാണ് സുന്ദര്‍ പുറത്താക്കിയത്.
കുശാല്‍ മെന്‍ഡിസിനെയും (30) സുന്ദര്‍ പുറത്താക്കി. 42 പന്തില്‍ മൂന്ന് ഫോര്‍ നേടിയ കുശാലിനെ സുന്ദര്‍ എല്‍ബിയില്‍ കുടുക്കുകയായിരുന്നു. ശ്രീലങ്കയുടെ മധ്യനിര നിരാശപ്പെടുത്തി. സദീര സമരവിക്രമയെ (14) അക്ഷര്‍ പട്ടേല്‍ പുറത്താക്കി. വിരാട് കോലിയുടെ ക്യാച്ചിലാണ് സദീര പുറത്തായത്.
ജനിത് ലിയനാഗെയെ (12) കുല്‍ദീപ് യാദവ് റിട്ടേണ്‍ ക്യാച്ചിലൂടെ മടക്കി. ശ്രീലങ്കന്‍ നായകന്‍ ചരിത് അസലന്‍ക അല്‍പ്പനേരം പൊരുതി നിന്നു. 42 പന്ത് നേരിട്ട് 3 ഫോറടക്കം 25 റണ്‍സെടുത്ത അസലന്‍കയെ സുന്ദര്‍ പുറത്താക്കി.
136ന് 6 എന്ന നിലയിലേക്ക് ശ്രീലങ്ക തകര്‍ന്നെങ്കിലും ദുനിത് വെല്ലാലാഗെ വീണ്ടും രക്ഷകനായി. 35 പന്തില്‍ 1 ഫോറും 2 സിക്‌സുമടക്കം 39 റണ്‍സെടുത്ത വെല്ലാലാഗെയെ കുല്‍ദീപ് യാദവ് പുറത്താക്കിയപ്പോള്‍ ശ്രീലങ്ക 208 എന്ന സ്‌കോറിലേക്കെത്തിയിരുന്നു.

കമിന്‍ഡു മെന്‍ഡിസ് 44 പന്തില്‍ 4 ഫോറടക്കം 40 റണ്‍സെടുത്ത് പുറത്തായി. ശ്രേയസ് അയ്യര്‍ റണ്ണൗട്ടാക്കുകയായിരുന്നു. അഖില ധനഞ്ജയയും (15) റണ്ണൗട്ടായി. ഇതോടെ 50 ഓവറില്‍ 9 വിക്കറ്റിന് 240 എന്ന സ്‌കോറിലേക്കെത്താന്‍ ശ്രീലങ്കയ്ക്ക് സാധിച്ചു. ഇന്ത്യക്കായി വാഷിങ്ടണ്‍ സുന്ദര്‍ മൂന്നും കുല്‍ദീപ് യാദവ് രണ്ടും അക്ഷര്‍ പട്ടേലും മുഹമ്മദ് സിറാജും ഓരോ വിക്കറ്റും വീഴ്ത്തി.
മറുപടിക്കിറങ്ങിയ ഇന്ത്യക്ക് ഗംഭീര തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ രോഹിത് ശര്‍മയും ശുബ്മാന്‍ ഗില്ലും ചേര്‍ന്ന് 97 റണ്‍സിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. 29 പന്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ രോഹിത് 44 പന്തില്‍ 5 ഫോറും 4 സിക്‌സും ഉള്‍പ്പടെ 64 റണ്‍സാണ് രോഹിത് നേടിയത്.
ഇന്ത്യന്‍ നായകനെ പുറത്താക്കി ജെഫ്രി വന്‍ഡര്‍സെയാണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നീട് കണ്ടത് ഇന്ത്യയുടെ കൂട്ടത്തകര്‍ച്ചയാണ്. ശുബ്മാന്‍ ഗില്ലിനെ (35) വന്‍ഡര്‍സെ സ്ലിപ്പില്‍ മെന്‍ഡിസിന്റെ കൈയിലെത്തിച്ചു.
ശിവം ദുബെയെ അക്കൗണ്ട് തുറക്കും മുമ്പ് വന്‍ഡര്‍സെ വിക്കറ്റിന് മുന്നില്‍ കുടുക്കി. വിരാട് കോലി ഒരു തവണ എല്‍ബിയില്‍ നിന്ന് രക്ഷപെട്ടെങ്കിലും രണ്ടാം തവണ വന്‍ഡര്‍സെ വിക്കറ്റിന് മുന്നില്‍ കുടുക്കി. 19 പന്തില്‍ 14 റണ്‍സാണ് കോലിക്ക് നേടാനായത്.
ശ്രേയസ് അയ്യരെ (7) വന്‍ഡര്‍സെ എല്‍ബിയില്‍ കുടുക്കിയപ്പോള്‍ കെ എല്‍ രാഹുലിനെ വന്‍ഡര്‍സെ ഡെക്കിന് ക്ലീന്‍ബൗള്‍ഡ് ചെയ്തു. ഇതോടെ 147ന് 6 എന്ന നിലയിലേക്ക് ഇന്ത്യ തകര്‍ന്നു.
എന്നാല്‍ അക്ഷര്‍ പട്ടേലും വാഷിങ്ടണ്‍ സുന്ദറും ചേര്‍ന്ന് തിരിച്ചുവരവ് പ്രതീക്ഷ നല്‍കി. 44 പന്തില്‍ നാല് ഫോറും 2 സിക്‌സുമടക്കം 44 റണ്‍സെടുത്ത അക്ഷറിനെ പുറത്താക്കി അസലന്‍ക ശ്രീലങ്കയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. അക്ഷര്‍ മടങ്ങുമ്പോള്‍ 185ന് 7 എന്ന നിലയിലായിരുന്നു ഇന്ത്യ.
അവസാന പ്രതീക്ഷയായിരുന്ന വാഷിങ്ടണ്‍ സുന്ദറിനെ (15) അസലന്‍ക എല്‍ബിയില്‍ കുടുക്കി. മുഹമ്മദ് സിറാജിനെയും (4) അസലന്‍ക വിക്കറ്റിന് മുന്നില്‍ കുടുക്കി. അര്‍ഷ്ദീപ് സിങ് 3 റണ്‍സില്‍ റണ്ണൗട്ടായതോടെ ഇന്ത്യ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു.
പ്ലേയിങ് 11: ഇന്ത്യ- രോഹിത് ശര്‍മ (c), ശുബ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, വാഷിങ്ടണ്‍ സുന്ദര്‍, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്
ശ്രീലങ്ക-പതും നിസങ്ക, അവിഷ്‌ക ഫെര്‍ണാണ്ടോ, സദീര സമരവിക്രമ, ചരിത് അസലന്‍ക (c), ജനിത് ലിയാന്‍ഗെ, ദുനിത് വെല്ലാലാഗെ, ജെഫ്രി വാന്‍ഡര്‍സെ, അഖില ധനഞ്ജയ, കമിന്‍ഡു മെന്‍ഡിസ്, അസിത ഫെര്‍ണാണ്ടോ