
തിരുവനന്തപുരം: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് വമ്പന്‍ ജയം. 317 റണ്‍സിനാണ് ശ്രീലങ്കയെ ഇന്ത്യ നാണംകെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 390 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ശ്രീലങ്ക 22 ഓവറില്‍ 73 റണ്‍സില്‍ കൂടാരം കയറി.
വിരാട് കോലിയും (166*) ശുബ്മാന്‍ ഗില്ലും (116) സെഞ്ച്വറിയോടെ തകര്‍ത്താടിയ മത്സരത്തില്‍ മുഹമ്മദ് സിറാജ് നാല് വിക്കറ്റുമായി പന്തുകൊണ്ടും മികവ് കാട്ടിയതോടെ വമ്പന്‍ ജയം ഇന്ത്യ അക്കൗണ്ടിലാക്കുകയായിരുന്നു. റണ്‍സ് അടിസ്ഥാനത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ ജയമാണിത്.
ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ആദ്യം ബാറ്റ് ചെയ്യാനാണ് തീരുമാനിച്ചത്. ഈ തീരുമാനം ശരിയാണെന്ന് തെളിയിക്കുന്ന തരത്തിലുള്ള പ്രകടനമാണ് ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ കാഴ്ചവെച്ചത്. ഓപ്പണിങ്ങില്‍ ഇന്ത്യ 95 റണ്‍സിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. 49 പന്തില്‍ 2 ഫോറും 3 സിക്സുമടക്കം 42 റണ്‍സുമായി നായകന്‍ രോഹിത് ശര്‍മയാണ് ആദ്യം പുറത്തായത്.
ചമിക കരുണരത്നയുടെ ഷോര്‍ട്ട് ബോളില്‍ പുള്‍ഷോട്ടിന് ശ്രമിച്ച രോഹിത് ഫെര്‍ണാണ്ടോയ്ക്ക് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. മൂന്നാമനായെത്തിയ വിരാട് കോലിയും താളം കണ്ടെത്തിയതോടെ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡ് മികച്ച നിലയിലേക്കുയര്‍ന്നു.

കോലിയെ കൂട്ടുപിടിച്ച് ഗില്‍ തന്റെ രണ്ടാം ഏകദിന സെഞ്ച്വറി പൂര്‍ത്തിയാക്കി. 97 പന്തില്‍ 14 ഫോറും 2 സിക്സുമടക്കം 116 റണ്‍സുമായി മടങ്ങി. അതിവേഗം റണ്‍സുയര്‍ത്താനുള്ള ശ്രമത്തിനിടെ രജിത ഗില്ലിനെ ക്ലീന്‍ബൗള്‍ഡാക്കുകയായിരുന്നു.
രണ്ടാം വിക്കറ്റില്‍ 131 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് സൃഷ്ടിച്ചത്. പിന്നാലെയെത്തിയ ശ്രേയസ് അയ്യരും കോലിക്ക് മികച്ച പിന്തുണ നല്‍കി. 32 പന്തില്‍ 2 ഫോറും 1 സിക്സുമടക്കം 38 റണ്‍സ് നേടിയ ശ്രേയസിനെ ലഹിരുകുമാര പുറത്താക്കുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡ് 45.3 ഓവറില്‍ 3 വിക്കറ്റിന് 334 റണ്‍സെന്ന മികച്ച നിലയിലായിരുന്നു.
എന്നാല്‍ മധ്യനിരയില്‍ മറ്റ് പ്രമുഖര്‍ക്ക് അതിവേഗം റണ്‍സുയര്‍ത്താനായില്ല. കെ എല്‍ രാഹുലും (7) സൂര്യകുമാര്‍ യാദവും (4) നിരാശപ്പെടുത്തി. എന്നാല്‍ ഒരു വശത്ത് കോലി അടിച്ചുതകര്‍ക്കുകയായിരുന്നു. 110 പന്തില്‍ 13 ഫോറും 8 സിക്സുമുള്‍പ്പെടെ 166 റണ്‍സുമായി കോലി പുറത്താവാതെ നിന്നു.
150.90 സ്ട്രൈക്കറേറ്റിലായിരുന്നു കോലിയുടെ അപരാജിത സെഞ്ച്വറി പ്രകടനം. ഇതോടെ 50 ഓവറില്‍ 390 എന്ന വമ്പന്‍ ടോട്ടലിലേക്കും ഇന്ത്യയെത്തുകയായിരുന്നു. അക്ഷര്‍ പട്ടേല്‍ (2) പുറത്താവാതെ നിന്നു.
മറുപടിക്കിറങ്ങിയ ശ്രീലങ്കയെ കാത്തിരുന്നത് കൂട്ടത്തകര്‍ച്ചയാണ്. മുഹമ്മദ് സിറാജ് ന്യൂബോളില്‍ ശ്രീലങ്കയുടെ അന്തകനാവുകയായിരുന്നു. അവിഷ്‌ക ഫെര്‍ണാണ്ടോ (1), നുവനിഡു ഫെര്‍ണാണ്ടോ (19), കുശാല്‍ മെന്‍ഡിസ് (4), വനിന്‍ഡു ഹസരങ്ക (1) എന്നിവരെ സിറാജ് മടക്കിയപ്പോള്‍ ചരിത് അസലന്‍ക (1) മുഹമ്മദ് ഷമിക്ക് മുന്നില്‍ വീണു.
ചമിക കരുണരത്‌നയെ (1) സിറാജ് റണ്ണൗട്ടാക്കിയരപ്പോള്‍ നായകന്‍ ദസുന്‍ ഷണകയെ (11) കുല്‍ദീപ് യാദവ് ക്ലീന്‍ബൗള്‍ഡ് ചെയ്തു. ദുനിത് വെല്ലലാഗിയെ (3) ഷമി സൂര്യകുമാറിന്റെ കൈയിലെത്തിച്ചപ്പോള്‍ ശ്രീലങ്ക 15.4 ഓവറില്‍ 51 റണ്‍സിന് എട്ട് വിക്കറ്റെന്ന നിലയിലായിരുന്നു.

കസുന്‍ രജിതയും (13*) ലഹിരു കുമാരയും (9) ഒരുവശത്ത് പിടിച്ചുനിന്ന് ഇന്ത്യയെ ജയം നേടുന്നത് വൈകിപ്പിച്ചെങ്കിലും കുമാരയെ മടക്കി കുല്‍ദീപ് യാദവ് ശ്രീലങ്കയുടെ ചെറുത്ത് നില്‍പ്പ് അവസാനിപ്പിച്ചു. 22 ഓവറില്‍ 73 റണ്‍സെന്ന കുഞ്ഞന്‍ സ്‌കോറില്‍ ലങ്കന്‍ പടയ്ക്ക് ഒതുങ്ങേണ്ടി വന്നു.
ഇന്ത്യക്കുവേണ്ടി മുഹമ്മദ് സിറാജ് നാലും മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും പങ്കിട്ടു.
പ്ലേയിങ് 11: ഇന്ത്യ- രോഹിത് ശര്‍മ (c), ശുബ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി
ശ്രീലങ്ക-അവിഷ്‌ക ഫെര്‍ണാണ്ടോ, നുവനിഡു ഫെര്‍ണാണ്ടോ, കുശാല്‍ മെന്‍ഡിസ്, അഷെന്‍ ബണ്ടാര, ചരിത് അസലന്‍ക, ദസുന്‍ ഷണക (c), വനിന്‍ഡു ഹസരങ്ക, ചമിക കരുണരത്ന, ജെഫ്രി വണ്ടര്‍സെ, കസുന്‍ രജിത, ലഹിരു കുമാര