IND vs SL T20: പരമ്പര പിടിക്കാന്‍ ഇന്ത്യ, തിരിച്ചുവരാന്‍ ശ്രീലങ്ക, സഞ്ജുവിന് ജീവന്‍ മരണ പോരാട്ടം
കൊളംബോ: ഏകദിന പരമ്പരക്ക് പിന്നാലെ ടി20 പരമ്പരയും പിടിക്കാന്‍ ഇന്ത്യ ഇറങ്ങുന്നു. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടി20 മത്സരം നാളെ രാത്രി 8 മണിക്കാണ് നടക്കുന്നത്. സോണി സിക്‌സില്‍ മത്സരം തത്സമയം കാണാനാവും. ആദ്യ മത്സരത്തില്‍ നേടിയ 38 റണ്‍സ് വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ തട്ടകത്തില്‍ ഏകദിനത്തിന് പിന്നാലെ ടി20 പരമ്പരയും നഷ്ടപ്പെടാതിരിക്കാനുള്ള ശ്രമത്തിലാണ് ശ്രീലങ്ക.
പൃഥ്വി ഷാക്കും സൂര്യകുമാര്‍ യാദവിനും ഇംഗ്ലണ്ട് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയിട്ടുണ്ട്. പരിക്കേറ്റ താരങ്ങള്‍ക്ക് പകരക്കാരായാണ് ഇരുവരെയും ടീമില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ ശ്രീലങ്കന്‍ പരമ്പര പൂര്‍ത്തിയാക്കിയ ശേഷമാണോ ഇരുവരും ഇംഗ്ലണ്ടിലേക്ക് പോവുകയെന്നത് വ്യക്തമല്ല. ഉടന്‍ തന്നെ ഇരുവര്‍ക്കും ഇംഗ്ലണ്ടിലേക്ക് പോകേണ്ടി വന്നാല്‍ ഇന്ത്യക്കത് തിരിച്ചടിയായേക്കും.

പ്രതിഭാശാലികളുടെ നീണ്ട നിര തന്നെ ഇന്ത്യക്കൊപ്പമുണ്ട്. ആദ്യ ടി20യിലെ ടീമിനെ നിലനിര്‍ത്തിക്കൊണ്ട് ഇന്ത്യ ഇറങ്ങാനാണ് സാധ്യത. അരങ്ങേറ്റ ടി20യില്‍ നേരിട്ട ആദ്യ പന്തില്‍ത്തന്നെ പുറത്തായ പൃഥ്വിക്ക് രണ്ടാം മത്സരം നിര്‍ണ്ണായകമാണ്. ടി20 ലോകകപ്പ് വരാനിരിക്കെ വെടിക്കെട്ട് തുടക്കം നല്‍കേണ്ടത് യുവതാരത്തെ സംബന്ധിച്ച് ടീമിലിടം നേടാന്‍ നിര്‍ണ്ണായകമാണ്. അതേ സമയം ദേവ്ദത്ത് പടിക്കലിന് അരങ്ങേറ്റം കുറിക്കാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും.
സഞ്ജു സാംസണിന്റെ പ്രകടനമാണ് നിരാശപ്പെടുത്തുന്നത്. രണ്ടാം ടി20യിലും തിളങ്ങാനായില്ലെങ്കില്‍ സഞ്ജുവിന് ഇനി ദേശീയ ടീമിലേക്ക് അവസരം ലഭിക്കുക പോലും പ്രയാസമാവും. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജുവിന് ഫ്രാഞ്ചൈസി ക്രിക്കറ്റിലെ മികവ് ദേശീയ ജഴ്‌സിയില്‍ ആവര്‍ത്തിക്കാനാവുന്നില്ലെന്നതാണ് പ്രശ്‌നം.
ബൗളിങ് നിരയുടെ പ്രകടനം ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നു. ഭുവനേശ്വര്‍ കുമാറും യുസ് വേന്ദ്ര ചഹാലും ഫോമിലേക്കെത്തിയത് ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. വരുണ്‍ ചക്രവര്‍ത്തി,ക്രുണാല്‍ പാണ്ഡ്യ എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുമ്പോള്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നു.
ശ്രീലങ്കയെ സംബന്ധിച്ച് ബാറ്റിങ്ങിലാണ് ആശങ്കകള്‍. ബൗളിങ് നിര ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുമ്പോള്‍ മാച്ച് വിന്നിങ് ഇന്നിങ്‌സ് കാഴ്ചവെക്കാന്‍ ബാറ്റിങ് നിരക്ക് സാധിക്കുന്നില്ല. ഇത് ശ്രീലങ്കയെ സംബന്ധിച്ച് വലിയ തലവേദനയാണ്. ടി20 ലോകകപ്പില്‍ കളിക്കാന്‍ യോഗ്യതാ മത്സരം കളിക്കേണ്ട അവസ്ഥയിലുള്ള ശ്രീലങ്കയ്ക്ക് ഇന്ത്യക്കെതിരായ ടി20 പരമ്പര നേടേണ്ടത് നിലനില്‍പ്പിന്റെ പ്രശ്‌നമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications