
രാജ്കോട്ട്: ഏഷ്യാ കപ്പില്‍ നാണംകെടുത്തിയതിന് തട്ടകത്തില്‍ ശ്രീലങ്കയോട് കണക്കുവീട്ടി ഇന്ത്യ. മൂന്ന് മത്സര പരമ്പര 2-1ന് സ്വന്തമാക്കിയാണ് ഇന്ത്യയുടെ മധുര പ്രതികാരം. പരമ്പര വിജയിയെ തീരുമാനിക്കുന്ന മൂന്നാം മത്സരത്തില്‍ ഇന്ത്യ 91 റണ്‍സിന് ജയിക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 228 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ശ്രീലങ്ക 16.4 ഓവറില്‍ 137 റണ്‍സിന് ഓള്‍ഔട്ടായി. മൂന്ന് വിക്കറ്റ് നേടിയ അര്‍ഷദീപ് സിങ്ങും രണ്ട് വിക്കറ്റ് വീഴ്ത്തിയ ഹര്‍ദിക് പാണ്ഡ്യയും ഉമ്രാന്‍ മാലികും യുസ് വേന്ദ്ര ചഹാലും ഒരു വിക്കറ്റ് നേടിയ അക്ഷര്‍ പട്ടേലും ബൗളിങ്ങില്‍ തിളങ്ങി.
സൂര്യകുമാര്‍ യാദവ് സെഞ്ച്വറിയുമായി (112*) കത്തിക്കയറിയതാണ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണ്ണായകമായത്.
ശുബ്മാന്‍ ഗില്ലും (46) രാഹുല്‍ ത്രിപാഠിയും (35) അക്ഷര്‍ പട്ടേലും (21*) ഇന്ത്യക്കായി തിളങ്ങി. രാജ്‌കോട്ടില്‍ സൂര്യയുടെ മൂന്നാമത്തെ ടി20 സെഞ്ച്വറിയായിരുന്നു. മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിച്ച് സൂര്യയുടെ ബാറ്റിങ് വെടിക്കെട്ടായിരുന്നു രാജ്‌കോട്ടില്‍ കണ്ടത്.
ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. തീരുമാനം തെറ്റായിപ്പോയെന്ന് തോന്നുന്ന തുടക്കമായിരുന്നു ഇന്ത്യയുടേത്. നാലാം പന്തില്‍ത്തന്നെ ഓപ്പണര്‍ ഇഷാന്‍ കിഷനെ (1) ഇന്ത്യക്ക് നഷ്ടമായി. സ്ലിപ്പില്‍ മധുശന്‍കക്ക് ക്യാച്ച് നല്‍കിയാണ് ഇഷാന്റെ മടക്കം.
ഇന്ത്യ പതറിത്തുടങ്ങിയെങ്കിലും രണ്ടാം വിക്കറ്റില്‍ ശുബ്മാന്‍ ഗില്ലിനെ കൂട്ടുപിടിച്ച് രാഹുല്‍ ത്രിപാഠി ആക്രമിച്ചു. പവര്‍പ്ലേ മുതലാക്കിക്കളിച്ച താരം 16 പന്തില്‍ 5 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 35 റണ്‍സാണ് നേടിയത്. ഇതില്‍ 32 റണ്‍സും ബൗണ്ടറികളിലൂടെയാണെന്നതാണ് കൗതുകം. റണ്‍സുയര്‍ത്താന്‍ ശ്രമിച്ച് ത്രിപാഠി മടങ്ങിയപ്പോള്‍ പിന്നാലെയെത്തിയ സൂര്യകുമാര്‍ ആക്രമണം ഏറ്റെടുത്തു.

ഒരുവശത്ത് ശുബ്മാന്‍ സ്‌ട്രൈക്ക് കൈമാറി കളിച്ചപ്പോള്‍ സൂര്യകുമാര്‍ അതിവേഗം റണ്‍സുയര്‍ത്തി. സെഞ്ച്വറിയോടെ കളം നിറഞ്ഞ താരം ശ്രീലങ്കന്‍ ബൗളര്‍മാരെ തല്ലിപ്പറത്തി. തന്റെ സിഗ്നേച്ചര്‍ ഷോട്ടുകള്‍ ഉള്‍പ്പെടെ കളത്തില്‍ സൂര്യയുടെ ആറാട്ടായിരുന്നു.
പതിയെ തുടങ്ങിയ ഗില്‍ റണ്‍സുയര്‍ത്താന്‍ ശ്രമിക്കവെ പുറത്തായി. 36 പന്തില്‍ 2 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 46 റണ്‍സാണ് ഗില്‍ നേടിയത്. പിന്നാലെയെത്തിയ നായകന്‍ ഹര്‍ദിക് പാണ്ഡ്യക്ക് പ്രതീക്ഷക്കൊത്തുയരാനായില്ല. 4 പന്തില്‍ 4 റണ്‍സെടുത്ത ഇന്ത്യന്‍ നായകന്‍ വലിയ ഷോട്ടിന് ശ്രമിച്ച് രജിതക്ക് വിക്കറ്റ് നല്‍കി മടങ്ങി.
പിന്നാലെയെത്തിയ ദീപക് ഹൂഡ ആദ്യ പന്ത് ബൗണ്ടറി നേടിയെങ്കിലും രണ്ടാം പന്തില്‍ പുറത്തായി. ഇതിനിടെ അക്ഷര്‍ പട്ടേലിനെ കൂട്ടുപിടിച്ച് സൂര്യ മൂന്നാം ടി20 സെഞ്ച്വറി പൂര്‍ത്തിയാക്കി. നാല് സെഞ്ച്വറി നേടിയ രോഹിത് ശര്‍മ മാത്രമാണ് ഇനി സൂര്യക്ക് മുന്നിലുള്ളത്. 45 പന്തിലാണ് സൂര്യ മൂന്നക്കം കണ്ടത്.
ഒരുവശത്ത് അക്ഷറും ആക്രമിച്ചതോടെ സ്‌കോര്‍ബോര്‍ഡ് മിന്നല്‍ വേഗത്തില്‍ കുതിച്ചു. അവസാന ഓവറിലും സൂര്യ വെടിക്കെട്ട് തുടര്‍ന്നതോടെ ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 228 എന്ന വമ്പന്‍ ടോട്ടല്‍ പടുത്തുയര്‍ത്തി.
സൂര്യകുമാര്‍ 51 പന്തില്‍ 7 ഫോറും 9 സിക്‌സുമടക്കം പുറത്താവാതെ 112 റണ്‍സ് നേടിയപ്പോള്‍ 9 പന്തില്‍ നാല് ബൗണ്ടറി ഉള്‍പ്പെടെ അക്ഷര്‍ 21 റണ്‍സുമായി തുടര്‍ന്നു. ശ്രീലങ്കയ്ക്കായി ദില്‍ഷന്‍ മധുശന്‍ക രണ്ടും കസുന്‍ രജിത, ചമിക കരുണരത്‌ന, വനിന്‍ഡു ഹസരങ്ക എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
മറുപടിക്കിറങ്ങിയ ശ്രീലങ്കയെ അച്ചടക്കമുള്ള ബൗളിങ്ങിലൂടെ തുടക്കം മുതല്‍ ഇന്ത്യ വിറപ്പിച്ചു. ഒന്നാം വിക്കറ്റില്‍ 44 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷം ശ്രീലങ്ക തകര്‍ന്നടിഞ്ഞു. കുശാല്‍ മെന്‍ഡിസിനെ (23) മടക്കി അക്ഷര്‍ പട്ടേലാണ് ലങ്കയുടെ തകര്‍ച്ചക്ക് തുടക്കമിട്ടത്.

പതും നിസങ്ക (15), അവിഷ്‌ക ഫെര്‍ണാണ്ടോ (1), ധനഞ്ജയ് ഡി സില്‍വ (22), ചരിത് അസലങ്ക (19) എന്നിവരെല്ലാം ചെറിയ സ്‌കോറില്‍ മടങ്ങിയത് ശ്രീലങ്കയ്ക്ക് തിരിച്ചടിയായി. ദസുന്‍ ഷണകയെ (23) അര്‍ഷദീപ് സിങ്ങും വീഴ്ത്തിയതോടെ ശ്രീലങ്കയുടെ അവസാന പ്രതീക്ഷയും അസ്തമിച്ചു.
പ്ലേയിങ് 11- ഇന്ത്യ- ഇഷാന്‍ കിഷന്‍, ശുബ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, രാഹുല്‍ ത്രിപാഠി, ഹര്‍ദിക് പാണ്ഡ്യ (c), ദീപക് ഹൂഡ, അക്ഷര്‍ പട്ടേല്‍, ശിവം മാവി, ഉമ്രാന്‍ മാലിക്, യുസ് വേന്ദ്ര ചഹാല്‍, അര്‍ഷദീപ് സിങ്
ശ്രീലങ്ക-പതും നിസങ്ക, കുശാല്‍ മെന്‍ഡിസ്, അവിഷ്‌ക ഫെര്‍ണാണ്ടോ, ചരിത് അസലങ്ക, ധനഞ്ജയ് ഡി സില്‍വ, ദസുന്‍ ഷണക (c), വനിന്‍ഡു ഹസരങ്ക, ചമിക കരുണരത്‌ന, മഹേഷ് തീക്ഷണ, കസുന്‍ രജിത, ദില്‍ഷന്‍ മധുശന്‍ക