IND vs SL: ഇന്ത്യ സൂക്ഷിച്ചോ, ഏകദിനത്തില്‍ ലങ്ക കണക്കുതീര്‍ക്കും! വേണ്ടത് ഈ മൂന്ന് കാര്യങ്ങള്‍
ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയ്ക്കു വെള്ളിയാഴ്ച കൊളംബോയില്‍ തുടക്കമാവുകയാണ്. പകലും രാത്രിയുമായിട്ടാണ് മുഴുവന്‍ മല്‍സരങ്ങളും നടക്കാനിരിക്കുന്നത്. ഐസിസിയുടെ ചാംപ്യന്‍സ് ട്രോഫി അടുത്ത വര്‍ഷം നടക്കാനിരിക്കുന്നതിനാല്‍ ഇതിനുള്ള തയ്യാറെടുപ്പായിട്ടാണ് ഈ പരമ്പരയെ ഇന്ത്യ നോക്കിക്കാണുന്നത്. രോഹിത് ശര്‍മയ്ക്കു കീഴില്‍ ഏറ്റവും മികച്ച ടീമിനെയും ഇന്ത്യ ഇറക്കുന്നുണ്ട്. അതിനാല്‍ തന്നെ വിജയത്തില്‍ കുറഞ്ഞതൊന്നും പരമ്പരയില്‍ ഇന്ത്യ ലക്ഷ്യമിടുന്നില്ല.
നേരത്തേ നടന്ന മൂന്നു ടി20കളുടെ പരമ്പര തൂത്തുവാരിയതിന്റെ ആവേശത്തിലാണ് ഏകദിനത്തിലും ഇന്ത്യ കച്ചമുറുക്കുന്നത്. എന്നാല്‍ ലങ്കയാവട്ടെ ടി20യിലെ നാണക്കേട് ഏകദിനത്തില്‍ തീര്‍ക്കാമെന്ന ശുഭപ്രതീക്ഷയിലാണ്. അവസാനമായി ഇന്ത്യയുമായി നാട്ടില്‍ ഏകദിന പരമ്പര കളിച്ചപ്പോള്‍ 1-2നു ലങ്ക തോറ്റിരുന്നു. 2021ലായിരുന്നു ഈ പരമ്പര. ഇതിനു ശേഷം കളിച്ച ആറു ഏകദിനങ്ങളിലും ഇന്ത്യയെ പരാജയപ്പെടുത്താന്‍ ലങ്കയ്ക്കായിട്ടില്ല.

എന്നാല്‍ ഇത്തവണ ഇന്ത്യക്കെതിരായ ഈ തുടര്‍ തോല്‍വികള്‍ക്കു ബ്രേക്കിടാന്‍ ലങ്കയ്ക്കു കഴിഞ്ഞേക്കും. മൂന്നു കാര്യങ്ങള്‍ ശ്രദ്ധിക്കുകയാണെങ്കില്‍ ഏകദിന പരമ്പരയില്‍ ഇന്ത്യക്കെതിരേ അട്ടിമറി വിജയം കുറിക്കാന്‍ ലങ്കയ്ക്കു സാധിക്കും. ഇവ എന്തൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.
സ്പിന്നര്‍മാരെ മുന്‍നിര്‍ത്തി ആക്രമണം
പരിക്കു കാരണം പേസ് ബൗളിങിലെ തുറുപ്പുചീട്ടുകളായ മതീശ പതിരാനയെയും ദില്‍ഷന്‍ മധുഷങ്കയെയും ഏകദിന പരമ്പരയില്‍ ലങ്കയ്ക്കു നഷ്ടമായിക്കഴിഞ്ഞു. ഇതു അവരുടെ പേസാക്രമണത്തെ കൂടുതല്‍ ദുര്‍ബലമാക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടു സ്പിന്നര്‍മാരെ കൂടുതല്‍ ഉപയോഗിക്കാന്‍ ലങ്കന്‍ ക്യാപ്റ്റന്‍ ചരിത് അസലെന്‍ക ശ്രദ്ധിക്കേണ്ടതുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഏഷ്യാ കപ്പില്‍ ലങ്കന്‍ സ്പിന്‍ ജോടികളായ ദുനിത് വെല്ലാലഗെയും നായകന്‍ കൂടിയായ അസലന്‍കയും ഇന്ത്യക്കു കനത്ത വെല്ലുവിളിയുയര്‍ത്തിയിരുന്നു.
മധ്യ ഓവറുകളില്‍ ശ്രേയസ് അയ്യരും കെഎല്‍ രാഹുലുമെല്ലാം സ്പിന്നര്‍മാരെ എങ്ങനെ നേരിടുന്നുവെന്നത് വളരെ നിര്‍ണായകമായിരിക്കും. വെല്ലാലഗെയെക്കൂടാതെ വനിന്ദു ഹസരങ്ക, മഹീഷ് തീക്ഷണ എന്നിവരും ലങ്കന്‍ സ്പിന്‍ നിരയിലുണ്ടാവും. ബൗളിങിലെ വൈവിധ്യമാണ് ലങ്കന്‍ സ്പിന്‍ നിരയെ അപകടകാരികളാക്കുന്നത്. മൂന്നു പേരും തീര്‍ത്തും വ്യത്യസ്തമായ ശൈലിയില്‍ പന്തെറിയുന്നവരാണ്.
മധ്യനിര മെച്ചപ്പെട്ട പ്രകടനം നടത്തണം
ബാറ്റിങില്‍ മധ്യനിര നിരന്തരം ഫ്‌ളോപ്പായിക്കൊണ്ടിരിക്കുന്നത് ശ്രീലങ്കയുടെ പ്രധാന വീക്ക്‌നെസാണ്. ഇതു അവര്‍ ഏകദിന പരമ്പരയില്‍ പരിഹരിച്ചേ തീരൂ. മുന്‍നിര ബാറ്റര്‍മാര്‍ നല്‍കുന്ന മികച്ച തുടക്കം മുതലാക്കാന്‍ മധ്യനിരയ്ക്കു കഴിയേണ്ടതുണ്ട്. മികച്ച കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്താന്‍ മധ്യനിരയ്ക്കു സാധിക്കുകയാണെങ്കില്‍ അതു ഇന്ത്യക്കു പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.

മധ്യ ഓവറുകളില്‍ ഇന്ത്യയുടെ സ്പിന്‍ ആക്രമണത്തെ ഫലപ്രദമായി നേരിട്ട് വിക്കറ്റുകള്‍ കാത്തുസൂക്ഷിക്കാന്‍ സാധിച്ചാല്‍ ലങ്കയ്ക്കു വലിയ ടോട്ടലുകള്‍ കുറിക്കാന്‍ സാധിക്കും. മധ്യനിര തിളങ്ങുകയും ഡെത്ത് ഓവറുകളില്‍ മറ്റുള്ളവര്‍ അതിവേഗം റണ്‍സ് അടിച്ചെടുക്കുകയും ചെയ്യുകയാണെങ്കില്‍ ഇന്ത്യ വെള്ളം കുടിക്കുമെന്നുറപ്പാണ്.
താളം നിലനിര്‍ത്തണം
കഴിഞ്ഞ ടി20 പരമ്പരയില്‍ ഇന്ത്യക്കെതിരേ ശ്രീലങ്കയ്ക്കു ആധിപത്യമുണ്ടായിരുന്ന ചില സന്ദര്‍ഭങ്ങളുണ്ടായിരുന്നു. പക്ഷെ അവര്‍ക്കു ഈ താളം തുടര്‍ന്നു കൊണ്ടുപോവാന്‍ സാധിക്കാതെ വന്നതോടെ ഇന്ത്യ തിരിച്ചുവരികയും മല്‍സരം വരുതിയിലാക്കുകയുമായിരുന്നു. ഇത്തവണ ഏകദിന പരമ്പരയില്‍ ഈ അബദ്ധം ആവര്‍ത്തിക്കാതിരിക്കാന്‍ ലങ്ക ശ്രദ്ധിക്കണം.
കളിയില്‍ ഏതെങ്കിലും ഘട്ടത്തില്‍ താളം നേടിയെടുക്കാന്‍ സാധിച്ചാല്‍ അതു ഇന്നിങ്‌സിലുടനീളം നിലനിര്‍ത്താന്‍ അവര്‍ ശ്രമിക്കേണ്ടതുണ്ട്. അങ്ങനെ വന്നാല്‍ രോഹിത്തിന്റെ പ്ലാനുകള്‍ വിഫലമാവുകയും ഇതു ലങ്കയ്ക്കു മേല്‍ക്കൈ നേടിക്കൊടുക്കുകയും ചെയ്യും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications