കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് മത്സര ഏകദിന പരമ്പരക്ക് മുന്നോടിയായുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണ് ഇന്ത്യ. നാളെയാണ് പരമ്പര ആരംഭിക്കുന്നത്. ടി20 ടീമില്‍ നിന്ന് വിരമിച്ച സീനിയര്‍ താരങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മയും ഏകദിന ടീമില്‍ കളിക്കുന്നുണ്ട്. രോഹിത്താണ് ഏകദിന ടീമിനെ നയിക്കുന്നത്. പരമ്പരക്ക് മുന്നോടിയായി ഇന്നലെ രോഹിത്തും കോലിയും നെറ്റ്‌സ് പരിശീലനം നടത്തിയിരുന്നു. ഗൗതം ഗംഭീറിന്റെ മേല്‍നോട്ടത്തിലാണ് പരിശീലന സെഷന്‍ നടന്നത്.
നെറ്റ്‌സിലേക്ക് ബാറ്റ് ചെയ്യാനെത്തിയ രോഹിത് ശര്‍മയെ ശ്രീലങ്കന്‍ ആരാധകന്‍ ട്രോളുന്ന വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. ബാറ്റിങ് പരിശീലനത്തിനായി ഗ്രൗണ്ടിലേക്ക് ഇറങ്ങുന്നതിനിടെ ഇത്തവണ മുംബൈ ഇന്ത്യന്‍സില്ല എന്നാണ് ആരാധകര്‍ വിളിച്ചു പറഞ്ഞത്. രോഹിത് ഇതിന് മറുപടി പറയുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചതെങ്കിലും ഇന്ത്യന്‍ നായകന്‍ ചിരിച്ചുകൊണ്ട് ഗ്രൗണ്ടിലേക്ക് ഇറങ്ങുകയാണ് ചെയ്തത്.
രോഹിത്തിന്റെ ചിരികണ്ട് അവിടെ നിന്നിരുന്ന മറ്റ് ഗ്രൗണ്ട് സ്റ്റാഫുകളും ചിരിക്കുകയാണ് ചെയ്തത്. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകനായിരുന്നു രോഹിത് ശര്‍മ. അഞ്ച് തവണ മുംബൈയെ കിരീടം ചൂടിച്ച നായകനായിരുന്നിട്ടും അവസാന സീസണിന് മുമ്പ് രോഹിത്തിനെ മാറ്റി മുംബൈ ഹാര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയിരുന്നു. ഇത് വലിയ വിവാദമാവുകയും ചെയ്തിരുന്നു.
അടുത്ത സീസണിന് മുമ്പ് മെഗാ താരലേലം നടക്കാനിരിക്കെ രോഹിത് മുംബൈ ഇന്ത്യന്‍സ് വിടുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. റിപ്പോര്‍ട്ടുകളും ഇത് ശരിവെക്കുന്ന തരത്തിലാണ്. അതുകൊണ്ടുതന്നെയാണ് ശ്രീലങ്കന്‍ ആരാധകന്‍ രോഹിത്തിനെ ട്രോളിയത്. രോഹിത് ശര്‍മ അടുത്ത സീസണില്‍ മുംബൈ ഇന്ത്യന്‍സിലുണ്ടാവുമോയെന്നത് കാത്തിരുന്ന് കണ്ടറിയേണ്ട കാര്യമാണ്. ടി20 ലോകകപ്പില്‍ ഇന്ത്യയെ കിരീടം ചൂടിച്ച ശേഷം രോഹിത് കളിക്കുന്ന ആദ്യത്തെ പരമ്പരയാണിത്.

ശ്രീലങ്കയ്‌ക്കെതിരേ രോഹിത്തിന്റെ റെക്കോഡുകള്‍ എതിരാളികളെ ഭയപ്പെടുത്തുന്നതാണ്. ഏകദിനത്തില്‍ മൂന്ന് തവണ ഇരട്ട സെഞ്ച്വറി നേടിയ രോഹിത് രണ്ട് തവണയും ഈ നേട്ടം സ്വന്തമാക്കിയത് ശ്രീലങ്കയ്‌ക്കെതിരേയാണ്. ശ്രീലങ്കയിലെ പിച്ചില്‍ രോഹിത് ശര്‍മയുടെ റെക്കോഡുകള്‍ മികച്ചതാണ്. അതുകൊണ്ടുതന്നെ ഇത്തവണ മികവ് ആവര്‍ത്തിക്കാന്‍ രോഹിത്തിന് സാധിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഗൗതം ഗംഭീറിന്റെ പരിശീലനത്തിന് കീഴില്‍ രോഹിത് കളിക്കുന്ന ആദ്യത്തെ പരമ്പരയാണിത്.
ഇന്ത്യന്‍ ടീമില്‍ വലിയ അഴിച്ചുപണി ഇതിനോടകം ഗംഭീര്‍ നടത്തിക്കഴിഞ്ഞു. പന്തെറിയാന്‍ സാധിക്കുന്ന കൂടുതല്‍ ബാറ്റ്‌സ്മാന്‍മാരെ വളര്‍ത്താനാണ് ഗംഭീര്‍ ശ്രമിക്കുന്നത്. ഏകദിനത്തില്‍ വിരാട് കോലിയും രോഹിത് ശര്‍മയും ശ്രേയസ് അയ്യരുമെല്ലാം പന്തെറിയാന്‍ സാധ്യതയുണ്ട്. സഞ്ജു സാംസണ്‍ ഏകദിന ടീമിലില്ലെന്നത് ആരാധകര്‍ക്ക് നിരാശയുണ്ടാക്കുന്ന കാര്യമാണ്. എന്നാല്‍ കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവരെല്ലാം ടീമിലുണ്ട്.
ഇടവേളക്ക് ശേഷമാണ് രാഹുലും ശ്രേയസും കളിക്കാന്‍ പോകുന്നത്. ആദ്യ മത്സരത്തില്‍ രാഹുല്‍ ഇന്ത്യയുടെ പ്ലേയിങ് 11ലുണ്ടാവുമെന്ന് ഉറപ്പാണ്. എന്നാല്‍ ശ്രേയസ് അയ്യര്‍ക്ക് ആദ്യ മത്സരത്തില്‍ അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്. താരങ്ങളെ മാറി മാറി പരീക്ഷിക്കാന്‍ ധൈര്യം കാട്ടുന്ന പരിശീലകനാണ് ഗംഭീര്‍. റിയാന്‍ പരാഗിനെപ്പോലെയുള്ള യുവ പ്രതിഭകളെ ഏകദിനത്തിലും പിന്തുണച്ച് വളര്‍ത്താന്‍ ഗംഭീര്‍ തയ്യാറാവുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാവിക്ക് ഗുണം ചെയ്യുന്നതാണ്.
അവസാന സീസണിലെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി തിളങ്ങിയ ഹര്‍ഷിത് റാണ ഏകദിന ടീമിലുണ്ട്. ജസ്പ്രീത് ബുംറ വിശ്രമത്തില്‍ തുടരുകയാണ്. ടി20 പരമ്പര തൂത്തുവാരിയ ഇന്ത്യക്ക് ഏകദിനത്തിലും ഇതേ മികവ് ആവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.