IND vs SL: സഞ്ജു പാടുപെടും! ഏകദിനം കളിക്കുക ഇനി കടുപ്പം, 'വില്ലനെ' കുറിച്ച് മുന്‍ വിക്കറ്റ് കീപ്പര്‍
ഇന്ത്യക്കു വേണ്ടി ഏകദിന ഫോര്‍മാറ്റില്‍ കളിക്കുകയെന്നത് സഞ്ജു സാംസണിനു ഇനി വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരിക്കുമെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ വിക്കറ്റ് കീപ്പര്‍ സാബ കരീം. ശ്രീലങ്കയ്‌ക്കെതിരേ അടുത്ത മാസമാദ്യം നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ നിന്നും സഞ്ജു തഴയപ്പെട്ടിരുന്നു. ടി20 ടീമില്‍ മാത്രമേ അദ്ദേഹത്തിനു ഇടം പിടിക്കാനായിട്ടുള്ളൂ. റിഷഭ് പന്തും കെഎല്‍ രാഹുലുമാണ് ഏകദിനത്തില്‍ ടീമിന്റെ വിക്കറ്റ് കീപ്പര്‍മാരായുള്ളത്. മികച്ച ഫോമിലായിട്ടും ഏകദിനത്തില്‍ സഞ്ജുവിനെ തഴഞ്ഞതിനെതിരേ വിമര്‍ശനം ശക്തമാണ്.
അവസാനമായി ഇന്ത്യക്കു വേണ്ടി കളിച്ച ഏകദിനത്തില്‍ സെഞ്ച്വറി കുറിച്ചിട്ടുള്ള താരം കൂടിയാണ് അദ്ദേഹം. കഴിഞ്ഞ ഡിസംബറില്‍ സൗത്താഫ്രിക്കയുമായുള്ള മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലായിരുന്നു ഇത്. കെഎല്‍ രാഹുല്‍ നയിച്ച ടീമിനു വേണ്ടിയാണ് നിര്‍ണായകമായ അവസാന കളിയില്‍ മൂന്നാം നമ്പറില്‍ ഇറങ്ങി സഞ്ജു സെഞ്ച്വറി കുറിച്ചത്. അദ്ദേഹത്തിന്റെ കന്നി അന്താരാഷ്ട്ര സെഞ്ച്വറിയും കൂടിയായിരുന്നു ഇത്.

ഇന്ത്യ ജയിച്ച ഈ മല്‍സരത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ചായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. എന്നിട്ടും ലങ്കയുമായുള്ള പരമ്പരയില്‍ അദ്ദേഹം തഴയപ്പെടുകയായിരുന്നു. ഇതാണ് ആരാധകരെയും ചൊടിപ്പിച്ചത്. സോഷ്യല്‍ മീഡിയയില്‍ പുതിയ കോച്ച് ഗൗതം ഗംഭീര്‍, മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ എന്നിവരെല്ലാം വലിയ വിമര്‍ശനമാണ് ടീം പ്രഖ്യാപനത്തിനു ശേഷം നേരിട്ടു കൊണ്ടിരിക്കുന്നത്.
ന്യൂസ് 24 ചാനലിനോടു സംസാരിക്കവെയാണ് ഏകദിന ടീമിലേക്കു മടങ്ങിയെത്തുകയെന്നതു സഞ്ജുവിനു വളരെ കടുപ്പം തന്നെയായിരിക്കുമെന്നു സാബ കരീം ചൂണ്ടിക്കാട്ടിയത്. മലയാളി താരത്തിന്റെ പ്രധാന വില്ലന്‍ ആരാണെന്നും അദ്ദേഹം തുറന്നു പറയുകയും ചെയ്തു. പരിക്കില്‍ നിന്നു മുക്തനായി റിഷഭ് തിരിച്ചെത്തിയതാണ് ഏകദിനത്തില്‍ സഞ്ജുവിന്റെ വഴിയടച്ചതെന്നാണ് സാബ കരീം പറയുന്നത്.
ഏകദിന സെറ്റപ്പിലേക്കു ഇനി തിരിച്ചുവരികയെന്നത് സഞ്ജു സാംസണിനു വളരെയധികം ബുദ്ധിമുട്ടായിരിക്കും. ഒരുപാട് പുതിയ മുഖങ്ങളെ നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. വളരെ കുറച്ചു സ്ലോട്ടുകള്‍ മാത്രമേ ടീമിലുള്ളൂ. പ്രത്യേകിച്ചും റിഷഭ് പന്തിന്റെ മടങ്ങിവരവോടെ സഞ്ജുവിനു കാര്യങ്ങള്‍ ദുഷ്‌കരമായിട്ടുണ്ട്. റിഷഭിന്റെ ഏകദിനത്തിലെ റെക്കോര്‍ഡ് നോക്കിയാല്‍ അതു വളരെ മികച്ചതാണെന്നു നമുക്കു കാണാന്‍ സാധിക്കുമെനന്നും സാബ കരീം വിശദമാക്കി.
ടി20 ഫോര്‍മാറ്റില്‍ റിഷഭ് പന്ത് അത്ര മിടുക്കനല്ല. ടി20യില്‍ അവന്‍ നേരത്തേ ഇലവന്റെ ഭാഗവുമായിരുന്നില്ല. പക്ഷെ ഏകദിന ടീമിലെ സ്ഥിരം സാന്നിധ്യമാണ് റിഷഭ്. അതുകൊണ്ടാണ് അവനെ ഏകദിന സെറ്റപ്പില്‍ നിലനിര്‍ത്തിയിരിക്കുന്നത്. ഇന്ത്യയുടെ ഏകദിന സെറ്റപ്പിന്റെ ഭാഗമായി മാറുകയെന്നതു സഞ്ജു സാംസണിനു വളരെ കടുപ്പമായിരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ഏകദിന ടീമിലേക്കു ഇനി മടങ്ങിയെത്തുകയെന്നതും ബുദ്ധിമുട്ടായിരിക്കുമെന്നും സാബ കരീം ചൂണ്ടിക്കാട്ടി.

ശ്രീലങ്കന്‍ പര്യടനത്തില്‍ രണ്ടു പരമ്പരകളിലും യുവ ഓപ്പണര്‍ ശുഭ്മന്‍ ഗില്ലിനെ വൈസ് ക്യാപ്റ്റനാക്കിയ തീരമാനത്തെ അദ്ദേഹം സ്വാഗതവും ചെയ്തു. തൊട്ടുമുമ്പത്തെ സിംബാബ്‌വെ പര്യനത്തിലെ അഞ്ചു ടി20കളുടെ പരമ്പരയില്‍ ഇന്ത്യയെ നയിച്ചത് ഗില്ലായിരുന്നു. പരമ്പരയില്‍ ഇന്ത്യ 4-1നു ജയിക്കുകയും ചെയ്തിരുന്നു.
നേതൃശേഷിയുള്ളതു കൊണ്ടാണ് ഗില്ലിനു ഇപ്പോള്‍ വൈസ് ക്യാപ്റ്റന്‍സി നല്‍കിയിരിക്കുന്നത്. സിംബാബ്‌വെയില്‍ അവന്‍ ടീമിനെ നയിച്ചിരുന്നു, ആദ്യ കളി തോറ്റ ശേഷം പരമ്പരയിലേക്കു ടീമിനെ തിരിച്ചുകൊണ്ടുവരികയും ചെയ്തു. ഈ പരമ്പരയില്‍ കോച്ചായിരുന്ന വിവിഎസ് ലക്ഷ്മണില്‍ നിന്നും ഗില്ലിനു ഏറെ പ്രചോദനം ലഭിച്ചിട്ടുണ്ടാവും.
അവനെ സംബന്ധിച്ച് ഇതു പലതും പഠിക്കാനുള്ള അവസരമായിരിക്കും. ഇതേ രീതിയില്‍ പെര്‍ഫോം ചെയ്താന്‍ ക്യാപ്റ്റന്റെ റോളിലേക്കും ഗില്ലിനെ കൊണ്ടുവരാന്‍ സാധിക്കുമെന്നായിരിക്കും സെലക്ടര്‍മാര്‍ ആലോചിക്കുന്നതെന്നും സാബ കരീം കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications