പല്ലെക്കലെ: ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പര സഞ്ജുവിനെ സംബന്ധിച്ച് ജീവന്‍ മരണ പോരാട്ടമായിരുന്നു. ഏകദിന പരമ്പരയില്‍ നിന്ന് തഴയപ്പെട്ട സഞ്ജുവിന് ടീമില്‍ തുടരാന്‍ ടി20 പരമ്പര മുതലാക്കേണ്ടത് അത്യാവശ്യമായിരുന്നു. എന്നാല്‍ അവസരം മുതലാക്കാന്‍ അദ്ദേഹത്തിന് സാധിക്കാതെ പോയി. ആദ്യ മത്സരത്തില്‍ അവസരം ലഭിക്കാതിരുന്ന സഞ്ജുവിന് രണ്ടാം മത്സരത്തില്‍ ഓപ്പണര്‍ റോളിലാണ് അവസരം ലഭിച്ചത്. എന്നാല്‍ ഗോള്‍ഡന്‍ ഡെക്കായാണ് സഞ്ജു പുറത്തായത്.
മൂന്നാം മത്സരത്തില്‍ സഞ്ജു പ്ലേയിങ് 11ലുണ്ടാകില്ലെന്ന് കരുതിയെങ്കിലും റിഷഭ് പന്തിന് വിശ്രമം നല്‍കി ഇന്ത്യ സഞ്ജുവിനെ നിലനിര്‍ത്തി. ഇത്തവണ നാല് പന്ത് നേരിട്ടെങ്കിലും അക്കൗണ്ട് തുറക്കാനാവാതെയാണ് സഞ്ജു പുറത്തായത്. ഒരു റണ്‍സ് പോലും നേടാനാവാത്ത സഞ്ജു മൂന്നാം മത്സരത്തില്‍ വിക്കറ്റ് കീപ്പറെന്ന നിലയിലും നിരാശപ്പെടുത്തി. തുടക്കത്തില്‍ രണ്ട് ക്യാച്ചുകളാണ് സഞ്ജു പാഴാക്കിയത്. തുടര്‍ച്ചയായി ഡെക്കായതോടെ സഞ്ജുവിന്റെ കരിയര്‍ അവസാനിച്ചുവെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.
സഞ്ജു ഇനി ടി20 ടീമില്‍ കാണാന്‍ സാധ്യത കുറവാണെന്ന് പ്രമുഖരടക്കം പറയുമ്പോഴും സഞ്ജുവിന്റെ മുന്നില്‍ വാതില്‍ അടഞ്ഞിട്ടില്ലെന്ന് തന്നെ പറയാം. പരിശീലകന്‍ ഗൗതം ഗംഭീറും നായകന്‍ സൂര്യകുമാര്‍ യാദവും സഞ്ജുവിനെ പിന്തുണക്കാനാണ് സാധ്യത. ഇതിന് ചില കാരണങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ കാര്യം ബാക്കപ്പ് വിക്കറ്റ് കീപ്പറായി സഞ്ജുവിനോളം മികവുള്ള മറ്റ് താരങ്ങളില്ലെന്നതാണ്.
ഇഷാന്‍ കിഷന്‍, ദ്രുവ് ജുറേല്‍ എന്നിവരാണ് അവസരം കാത്ത് പുറത്തുള്ളത്. ഇതില്‍ ഇഷാന്‍ കിഷനെ ഇപ്പോള്‍ ഇന്ത്യ പരിഗണിക്കുന്നില്ല. ബിസിസി ഐയുടെ നിര്‍ദേശം അവഗണിച്ച് ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്നതോടെ ഇഷാന്‍ കിഷനെ സെലക്ടര്‍മാര്‍ തഴഞ്ഞു. ഇനി ഇഷാന് തിരിച്ചുവരാന്‍ ആഭ്യന്തര ക്രിക്കറ്റ് കളിച്ച് മികവ് തെളിയിക്കേണ്ടതായുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഇഷാന് തിരിച്ചുവരാന്‍ കൂടുതല്‍ സമയം വേണ്ടിവരും.

ദ്രുവ് ജുറേല്‍ യുവതാരമാണ്. മധ്യനിര താരമായ ജുറേലിന് ടി20 ടീമിലേക്ക് വിളി നല്‍കാന്‍ നിലവില്‍ സാധ്യത വിരളമാണ്. ടെസ്റ്റില്‍ ബാക്കപ്പ് കീപ്പറായി ജുറേലിനെ വളര്‍ത്താനാണ് നിലവിലെ ടീം മാനേജ്‌മെന്റിന്റെ പദ്ധതി. അതുകൊണ്ടുതന്നെ സഞ്ജു സാംസണിന് മുന്നില്‍ ഇനിയും അവസരങ്ങളുണ്ടാവും. വരുന്ന പരമ്പരകളില്‍ മികവ് കാട്ടാനായാല്‍ സഞ്ജുവിന് സ്ഥാനം നിലനിര്‍ത്താന്‍ സാധിക്കും. നിലവിലെ രണ്ട് മോശം പ്രകടനംകൊണ്ട് സഞ്ജുവിനെ എഴുതിത്തള്ളാന്‍ ഗംഭീര്‍ തയ്യാറായേക്കില്ല.
ഇടവേളക്ക് ശേഷമാണ് സഞ്ജുവിന് കളിക്കാന്‍ അവസരം ലഭിക്കുന്നത്. അതുകൊണ്ടുതന്നെ രണ്ട് തുടര്‍ ഡെക്കുകള്‍ സഞ്ജുവിന്റെ വഴി അടക്കുമെന്ന് പറയാനാവില്ല. മറ്റൊരു കാര്യം സഞ്ജുവിനെ ഏത് ബാറ്റിങ് പൊസിഷനിലും കളിപ്പിക്കാമെന്നതാണ്. ഓപ്പണിങ് മുതല്‍ ഫിനിഷര്‍ റോളില്‍വരെ സഞ്ജുവിനെ കളിപ്പിക്കാന്‍ സാധിക്കും. ഇഷാനും ജുറേലിനും ഈ മികവ് അവകാശപ്പെടാനാവില്ല. അതുകൊണ്ടുതന്നെ സഞ്ജുവിനെ ഗംഭീര്‍ പിന്തുണക്കുമെന്നുറപ്പ്.
സ്പിന്നിനെതിരേ മികച്ച പ്രകടനം നടത്താന്‍ കഴിവുള്ള താരമാണ് സഞ്ജു. സ്പിന്നിനെതിരായ റെക്കോഡുകള്‍ പരിഗണിച്ചാല്‍ നിലവില്‍ ഏറ്റവും പ്രഹരശേഷിയുള്ള ബാറ്റ്‌സ്മാന്‍മാരിലൊരാള്‍ സഞ്ജു സാംസണ്‍. രണ്ട് മോശം പ്രകടനംകൊണ്ട് മാത്രം സഞ്ജുവിന്റെ സീറ്റ് തെറിക്കാന്‍ സാധ്യതയില്ല. ഒരു വര്‍ഷം മൂന്ന് തവണ ടി20യില്‍ ഡെക്കായ ഇന്ത്യന്‍ താരങ്ങളുടെ കണക്ക് പരിശോധിക്കുമ്പോള്‍ സഞ്ജുവും അതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
എന്നാല്‍ രോഹിത് ശര്‍മ രണ്ട് തവണയും വിരാട് കോലി ഒരു തവണയും ഈ നാണക്കേട് നേരിട്ടവരാണ്. അതുകൊണ്ടുതന്നെ രണ്ട് തുടര്‍ ഡെക്കുകള്‍ സഞ്ജുവിനെ മോശം താരമാക്കില്ല. സഞ്ജുവിന്റെ അതിവേഗത്തില്‍ റണ്‍സുയര്‍ത്താനുള്ള കഴിവ് അപാരമാണ്. ഇത് അധികമാര്‍ക്കും അവകാശപ്പെടാന്‍ സാധിക്കാത്തതാണ്. വിരാട് കോലിക്ക് പകരം മൂന്നാം നമ്പറില്‍ വളരാന്‍ സഞ്ജുവിന് സാധിച്ചേക്കും. ഇതിന് പിന്തുണയും തുടര്‍ അവസരവും ലഭിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.