പല്ലെക്കലെ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടി20യില്‍ സഞ്ജു സാംസണിന് അവസരം ലഭിച്ചപ്പോള്‍ സന്തോഷിച്ച ആരാധകര്‍ക്ക് നിരാശ. മഴ രസംകൊല്ലിയായ മത്സരത്തില്‍ ഓപ്പണര്‍ റോളിലാണ് സഞ്ജു എത്തിയത്. രണ്ടാം ഓവറിലെ ആദ്യ പന്തില്‍ത്തന്നെ സഞ്ജു സാംസണ്‍ പുറത്താവുകയായിരുന്നു. സ്പിന്നര്‍ മഹേഷ് തീക്ഷണയുടെ പന്തില്‍ ഗോള്‍ഡന്‍ ഡെക്കായാണ് സഞ്ജു പുറത്തായത്. ശുബ്മാന്‍ ഗില്ലിന് പരിക്കേറ്റതോടെയാണ് സഞ്ജു പ്ലേയിങ് 11ലെത്തിയത്.
ഓപ്പണര്‍ റോളില്‍ യശ്വസി ജയ്‌സ്വാളിനൊപ്പമിറങ്ങിയ സഞ്ജു നേരിട്ട ആദ്യ പന്തില്‍ത്തന്നെ ക്ലീന്‍ബൗള്‍ഡാവുകയായിരുന്നു. ഇടവേളക്ക് ശേഷം ലഭിച്ച അവസരത്തെ സഞ്ജു മുതലാക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചതെങ്കിലും തീര്‍ത്തും നിരാശപ്പെടുത്തി. ക്യാരം ബോള്‍ മനസിലാക്കാന്‍ സാധിക്കാതെ പോയ സഞ്ജുവിന് നാണംകെട്ട് മടങ്ങേണ്ടി വരികയായിരുന്നു. മൂന്നാം ടി20യില്‍ സഞ്ജുവിന് സീറ്റ് നേടാനുള്ള അവസരം കൂടിയാണ് നഷ്ടമായതെന്ന് പറയാം.
സഞ്ജുവിന് ശീലമില്ലാത്ത ബാറ്റിങ് പൊസിഷനാണ് ഓപ്പണിങ്. എന്നാല്‍ ഇന്ത്യന്‍ ടീമിന്റെ സാഹചര്യത്തില്‍ എവിടെ അവസരം ലഭിച്ചാലും കളിക്കേണ്ടത് അത്യാവശ്യമാണ്. പക്ഷെ സഞ്ജു വീണ്ടും അവസരം കളഞ്ഞ് കുളിച്ചു.
മികച്ച യുവതാരങ്ങള്‍ അവസരത്തിനായി കാത്തിരിക്കവെ സഞ്ജുവിന് ടീമില്‍ നിലനില്‍ക്കാന്‍ മികച്ച പ്രകടനം അത്യാവശ്യമായിരുന്നു. ശിവം ദുബെയെ തഴഞ്ഞ് സഞ്ജുവിന് അവസരം നല്‍കാന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍ തയ്യാറായെങ്കിലും മുതലാക്കാന്‍ സഞ്ജുവിന് സാധിക്കാതെ പോയി.
ഇനി ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന് വിളി ലഭിക്കാനുള്ള അവസരം കൂടിയാണ് അദ്ദേഹം നഷ്ടപ്പെടുത്തിയത്. ഏകദിന ടീമിന് പുറത്തുള്ള സഞ്ജുവിന് ടി20 പരമ്പര മുതലാക്കേണ്ടിയിരുന്നെങ്കിലും നിരാശപ്പെടുത്തി പുറത്താകേണ്ടി വന്നു.
സഞ്ജു ഇനി ഇന്ത്യന്‍ ടീമില്‍ കാണില്ലെന്നും സഞ്ജുവിനെ ഇനിയും പിന്തുണച്ചിട്ട് കാര്യമില്ലെന്നുമാണ് നിരാശയോടെ ആരാധകര്‍ പ്രതികരിക്കുന്നത്. മഴ മൂലം ഇന്ത്യയുടെ വിജയ ലക്ഷ്യം 8 ഓവറില്‍ 78 റണ്‍സായി പുനര്‍ നിശ്ചയിച്ചിരുന്നു.

ഈ അവസരത്തില്‍ വെടിക്കെട്ട് പ്രകടനത്തോടെ ഇന്ത്യയുടെ ഹീറോയാകാനുള്ള അവസരമാണ് സഞ്ജു നഷ്ടപ്പെടുത്തിയത്. ടി20 ലോകകപ്പില്‍ റിഷഭ് പന്തിനെ പിന്തുണച്ച ഇന്ത്യ സഞ്ജുവിന് ബെഞ്ചിലിരുത്തിയിരുന്നു.
ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടി20യിലും സഞ്ജു പ്ലേയിങ് 11ന് പുറത്തായിരുന്നു. കാത്തിരുന്ന് ലഭിച്ച അവസരമാണ് സഞ്ജു കളഞ്ഞ് കുളിച്ചത്. മൂന്നാം ടി20യില്‍ ശുബ്മാന്‍ ഗില്‍ തിരിച്ചെത്തുമെന്നുറപ്പാണ്. അങ്ങനെ വന്നാല്‍ സഞ്ജുവിന്റെ സീറ്റ് വീണ്ടും തെറിക്കും.
റിഷഭ് പന്ത് വിക്കറ്റ് കീപ്പറായി ടീമിലുണ്ടായിരുന്നിട്ടും സഞ്ജുവിന് സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായി അവസരം ലഭിക്കുകയായിരുന്നു. പക്ഷെ ഇത് മുതലാക്കാന്‍ സഞ്ജുവിന് സാധിക്കാതെ പോയി എന്നതാണ് ദൗര്‍ഭാഗ്യകരം. യശ്വസി ജയ്‌സ്വാളും സൂര്യകുമാര്‍ യാദവുമെല്ലാം മികവിനൊത്ത് ഉയര്‍ന്നിട്ടും സഞ്ജു നിരാശപ്പെടുത്തി. രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജുവിന് കീഴില്‍ കളിക്കുന്ന ജയ്‌സ്വാളും റിയാന്‍ പരാഗും കൈയടി നേടുമ്പോഴും ക്യാപ്റ്റന് തിളങ്ങാനാവുന്നില്ല.
സ്പിന്നിനെതിരേ സഞ്ജുവിന്റെ കണക്കുകള്‍ മികച്ചതാണ്. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് വരുമ്പോള്‍ സ്പിന്നിന് മുന്നില്‍ സഞ്ജുവിന് മുട്ടിടിക്കുമെന്നതാണ് മുന്‍ കണക്കുകള്‍. ശ്രീലങ്കയില്‍ 15ന് താഴെയാണ് സഞ്ജുവിന്റെ ടി20 ശരാശരി.
സ്പിന്നിന് മുന്‍തൂക്കമുള്ള പിച്ചില്‍ തനിക്ക് തിളങ്ങാനാവില്ലെന്ന് പ്രകടനംകൊണ്ട് ഒരിക്കല്‍ക്കൂടി സഞ്ജു തെളിയിച്ചിരിക്കുകയാണ്. പുതിയ ക്യാപ്റ്റനും കോച്ചിനും കീഴില്‍ സഞ്ജു ഏറെ പ്രതീക്ഷിച്ചിരുന്നെങ്കിലും ലഭിച്ച അവസരം മുതലാക്കാന്‍ സാധിക്കാതെ പോയി.
പ്ലേയിങ് 11: ഇന്ത്യ- യശ്വസി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ് (c) റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, റിയാന്‍ പരാഗ്, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, രവി ബിഷ്‌നോയ്, മുഹമ്മദ് സിറാജ്
ശ്രീലങ്ക: പതും നിസങ്ക, കുശാല്‍ മെന്‍ഡിസ്, കുശാല്‍ പെരേര, കമിന്‍ഡു മെന്‍ഡിസ്, ചരിത് അസലന്‍ക (c), ദസുന്‍ ഷനക, വനിന്‍ഡു ഹസരങ്ക, മഹേഷ് തീക്ഷണ, മതീശ പതിരാന, അസിത ഫെര്‍ണാണ്ടോ, രമേഷ് മെന്‍ഡിസ്