പല്ലെക്കലെ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടി20യിലും സഞ്ജു സാംസണ്‍ പൂജ്യത്തിന് പുറത്തായിരിക്കുകയാണ്. രണ്ടാം ടി20യില്‍ ഗോള്‍ഡന്‍ ഡെക്കായ സഞ്ജു മൂന്നാം ടി20യില്‍ നാല് പന്ത് നേരിട്ടാണ് പൂജ്യത്തിന് പുറത്തായത്. അവസാനം കളിച്ച അഞ്ച് ടി20യില്‍ മൂന്ന് മത്സരത്തിലും സഞ്ജു ഡെക്കിനാണ് പുറത്തായതെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം. പ്രതിഭാശാലിയെന്ന് പറയുമ്പോഴും ലഭിക്കുന്ന അവസരം മുതലാക്കാന്‍ സഞ്ജുവിന് സാധിക്കുന്നില്ല.
ഡെക്കിന് പുറത്തായതോടെ സഞ്ജു സാംസണ്‍ നാണംകെട്ട റെക്കോഡില്‍ പേരു ചേര്‍ത്തിരിക്കുകയാണ്. ഒരു വര്‍ഷം കൂടുതല്‍ തവണ ടി20യില്‍ ഡെക്കാവുന്ന താരമെന്ന നാണക്കേടിലേക്കാണ് സഞ്ജു എത്തിയിരിക്കുന്നത്. ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് സഞ്ജു ടി20യില്‍ ഡെക്കിന് മടങ്ങുന്നത്. സഞ്ജുവിന് വലിയ നാണക്കേടുണ്ടാകുന്ന കണക്കാണിതെങ്കിലും പല വമ്പന്മാരും ഈ റെക്കോഡിലുണ്ടെന്നതാണ് കൗതുകകരം. വിരാട് കോലി ഈ വര്‍ഷം മൂന്ന് തവണ ഡെക്കിന് പുറത്തായി.
2022ല്‍ രോഹിത് ശര്‍മ മൂന്ന് തവണ ഡെക്കായിരുന്നു. 2018ലും ഇതേ നാണക്കേട് രോഹിത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. 2009ല്‍ യൂസുഫ് പഠാനും മൂന്ന് തവണ ഡെക്കായിരുന്നു. സഞ്ജുവിന് വളരെ കുറച്ച് അവസരങ്ങളാണ് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ ലഭിക്കുന്ന അവസരങ്ങളെ അദ്ദേഹം മുതലാക്കേണ്ടത് അത്യാവശ്യമാണ്. പക്ഷെ മികവിനൊത്ത് അവസരം മുതലാക്കാന്‍ സഞ്ജുവിന് സാധിക്കുന്നില്ല. രണ്ടാം ടി20യില്‍ ഓപ്പണറായാണ് സഞ്ജു കളിച്ചത്.
ഗോള്‍ഡന്‍ ഡെക്കായാണ് മടങ്ങിയത്. മൂന്നാം ടി20യില്‍ സഞ്ജുവിന് ഇഷ്ട ബാറ്റിങ് പൊസിഷനായ മൂന്നാം നമ്പറില്‍ അവസരം ലഭിച്ചു. എന്നാല്‍ അവസരം മുതലാക്കാനാവാതെ നാല് പന്തില്‍ ഡെക്കിനാണ് മടങ്ങിയത്. 9 വര്‍ഷത്തോളമായി സഞ്ജു ഇന്ത്യന്‍ ടീമിലേക്കെത്തിയിട്ട്. എന്നാല്‍ ടി20യില്‍ അവസരം ലഭിച്ചത് 30 മത്സരങ്ങളില്‍ മാത്രമാണ്. തുടര്‍ച്ചയായി വളരെ വിരളമായാണ് സഞ്ജുവിന് അവസരം ലഭിച്ചിട്ടുള്ളത്. ഇപ്പോള്‍ ഗൗതം ഗംഭീറാണ് ഇന്ത്യയുടെ മുഖ്യ പരിശീലകന്‍.

അദ്ദേഹം തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും സഞ്ജുവിന് അവസരം നല്‍കിയെങ്കിലും മുതലാക്കാന്‍ സഞ്ജുവിന് സാധിക്കാതെ പോയി. സഞ്ജുവിന് ഇനി ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജു അവസാന ഐപിഎല്ലിലടക്കം തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. ഐപിഎല്ലില്‍ സ്പിന്നര്‍മാര്‍ക്കെതിരേ മികച്ച റെക്കോഡുള്ള സഞ്ജുവിന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഈ മികവ് ആവര്‍ത്തിക്കാനാവുന്നില്ലെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം.
വിക്കറ്റ് കീപ്പര്‍ സ്ഥാനം ലക്ഷ്യമിട്ട് ഇഷാന്‍ കിഷനും ദ്രുവ് ജുറേലും ടീമിന് പുറത്തുണ്ട്. റിഷഭ് പന്ത് ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായിരിക്കെ സഞ്ജുവിന്റെ ബാക്കപ്പ് സ്ഥാനം തെറിക്കാനാണ് സാധ്യത കൂടുതല്‍. ലഭിക്കുന്ന അവസരങ്ങളെ മുതലാക്കാന്‍ സാധിക്കാത്ത സഞ്ജുവിനെ ഇനി പരിഗണിച്ചേക്കില്ല.
മൂന്നാം മത്സരം കാണാന്‍ മുഖ്യ സെലക്ടറായ അജിത് അഗാര്‍ക്കറുമുണ്ടായിരുന്നു. സഞ്ജുവിന്റെ നിരാശപ്പെടുത്തുന്ന പ്രകടനത്തിന് അദ്ദേഹവും സാക്ഷിയായതോടെ തഴയപ്പെടാന്‍ സാധ്യത ഏറി. അടുത്ത പരമ്പരയില്‍ സഞ്ജു ടീമിലുണ്ടാവുമോയെന്നത് കാത്തിരുന്ന് കണ്ടറിയണം.
മൂന്നാം ടി20യില്‍ ഇന്ത്യയുടെ ബാറ്റിങ് നിര പ്രതീക്ഷിച്ച പ്രകടനമല്ല നടത്തിയത്. യശ്വസി ജയ്‌സ്വാള്‍ 10 റണ്‍സെടുത്ത് പുറത്തായപ്പോള്‍ സഞ്ജു ഡെക്കായി. റിങ്കു സിങ് 1 റണ്‍സെടുത്ത് മടങ്ങിയപ്പോള്‍ നായകന്‍ സൂര്യകുമാര്‍ യാദവ് 8 റണ്‍സാണ് നേടിയത്. ശിവം ദുബെ 13 റണ്‍സെടുത്തപ്പോള്‍ റിയാന്‍ പരാഗ് 18 പന്തില്‍ 26 റണ്‍സുമായി ഭേദപ്പെട്ട പ്രകടനം നടത്തി. വാഷിങ്ടണ്‍ സുന്ദര്‍ 25 റണ്‍സെടുത്തു. 39 റണ്‍സെടുത്ത ശുബ്മാന്‍ ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.