ഇന്ത്യന്‍ ടീമിനൊപ്പം മലയാളി താരം സഞ്ജു സാംസണിനു വീണ്ടുമൊരു അവസരം ലഭിക്കുമോയെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ദിനേഷ് കാര്‍ത്തിക്. ശ്രീലങ്കയ്‌ക്കെതിരേ സമാപിച്ച മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലെ അവസാനത്തെ രണ്ടു കളിയിലും സഞ്ജു പ്ലെയിങ് ഇലവന്റെ ഭാഗമായിരുന്നു. പക്ഷെ ഇവയില്‍ അദ്ദേഹം ഡെക്കാവുകയും ചെയ്തു. രണ്ടാം ടി20യില്‍ ഗോള്‍ഡന്‍ ഡെക്കായ സഞ്ജു അവസാന കളിയില്‍ നാലു ബോള്‍ നേരിട്ട ശേഷം പൂജ്യത്തിനു മടങ്ങുകയായിരുന്നു.
ക്രിക്ക്ബസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുള്ള വീഡിയോയില്‍ സംസാരിക്കവെയാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ സഞ്ജുവിന്റെ ഭാവിയെക്കുറിച്ച് ഡിക്കെ സംസാരിച്ചത്. ടി20 ക്രിക്കറ്റില്‍ നന്നായി പെര്‍ഫോം ചെയ്തിട്ടുള്ള റിഷഭ് പന്തിനെപ്പോലെ ഒരാള്‍ നിങ്ങള്‍ക്കുണ്ട്. അതിനാല്‍ തന്നെ സഞ്ജു സാംസണിനു കാര്യങ്ങള്‍ കടുപ്പം തന്നെയായിരിക്കും. പക്ഷെ നിങ്ങളോടു ഞാനൊരു കാര്യം പറയാം. സഞ്ജു സാംസണ്‍ ഒരു പോരാളിയാണ്. അവസരം ലഭിക്കുകയാണെങ്കില്‍ അദ്ദേഹം അതിശയിപ്പിക്കുന്ന പ്രകടനങ്ങള്‍ നടത്തുക തന്നെ ചെയ്യുമെന്നും ഡിക്കെ ഈ വീഡിയോയില്‍ പറയുന്നു.

ലങ്കയുമായുള്ള പരമ്പരയിലെ ദയനീയ പ്രകടനം കൊണ്ടു മാത്രം സഞ്ജു ഒരു മോശം താരമാണെന്നു അര്‍ഥമില്ലെന്നും എല്ലായ്‌പ്പോഴും അദ്ദേഹമൊരു സ്‌പെഷ്യല്‍ പ്ലെയര്‍ തന്നെയാണെന്നും ഡിക്കെ ചൂണ്ടിക്കാട്ടി. ലങ്കയ്‌ക്കെതിരേ നിരാശപ്പെടുത്തിയതു കൊണ്ടു മാത്രം സഞ്ജു സാംസണ്‍ ഒരു മോശം കളിക്കാരനാവില്ല. അദ്ദേഹം ഒരു സ്‌പെഷ്യല്‍ പ്ലെയറാണന്നു തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.
സാഹചര്യങ്ങളെ നന്നായി കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള താരമാണ് സഞ്ജു. വളരെ ശോഭനമായ ഒരു ഭാവിയും അദ്ദേഹത്തിനുണ്ട്. ഇന്ത്യക്കു വേണ്ടി ഭാവിയില്‍ നന്നായി പെര്‍ഫോം ചെയ്യാന്‍ സഞ്ജുവിനു കഴിയും. ഇക്കാര്യത്തില്‍ തനിക്കു ഒരു സംശയവമുല്ലിന്നെന്നും കാര്‍ത്തിക് വിശദമാക്കി.
സഞ്ജുവിനെ സംബന്ധിച്ച് അദ്ദേഹം മറക്കാനാഗ്രഹിക്കുന്ന പരമ്പരയാണ് ലങ്കയ്ക്കതിരേയുള്ളത്. കാരണം ടി20 ടീമില്‍ സ്ഥാനമുറപ്പിക്കാനും പുതിയ കോച്ച് ഗൗതം ഗംഭീറിന്റെയും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെയും വിശ്വാസം നേടിയെടുക്കാനുള്ള രണ്ടു സുവര്‍ണാവസരങ്ങളാണ് അദ്ദേഹം കളഞ്ഞുകുളിച്ചത്. സിംബാബ്‌വെയുമായുള്ള തൊട്ടുമുമ്പത്തെ ടി20 പരമ്പരയിലെ അവസാന കളിയില്‍ ഫിഫ്റ്റി നേടിയിട്ടും ലങ്കയ്‌ക്കെതിരായ ആദ്യ ടി20യില്‍ സഞ്ജുവിനു അവസരം ലഭിച്ചില്ല.
എന്നാല്‍ പരിക്കു കാരണം രണ്ടാം ടി20യില്‍ ഓപ്പണറും വൈസ് ക്യാപ്റ്റനുമായ ശുഭ്മന്‍ ഗില്ലിനു പുറത്തിരിക്കേണ്ടി വന്നപ്പോള്‍ പകരം സഞ്ജുവിനു നറുക്കുവീഴുകയായിരുന്നു. യശസ്വി ജയ്‌സ്വാളിനോടൊപ്പം ഓപ്പണ്‍ ചെയ്യാനുള്ള അവസരവും അദ്ദേഹത്തിനു ലഭിച്ചു. പക്ഷെ ആദ്യ ബോളില്‍ തന്നെ ക്ലീന്‍ ബൗള്‍ഡാവാനായിരുന്നു സഞ്ജുവിന്റെ വിധി. സ്പിന്നര്‍ മഹീഷ് തീക്ഷണയാണ് അദ്ദേഹത്തെ ബൗള്‍ഡാക്കിയത്.

പക്ഷെ ടീം മാനേജ്‌മെന്റ് സഞ്ജുവിലുള്ള വിശ്വാസം കൈവിട്ടില്ല. അപ്രസക്തമായ മൂന്നാമത്തെയും അവസാനത്തെയും കളിയില്‍ ഒരവസരം കൂടി അദ്ദേഹത്തിനു ഗംഭീറും സൂര്യയും നല്‍കുകയായിരുന്നു. ഇത്തവണ ഫേവറിറ്റ് ബാറ്റിങ് പൊസിഷനായ മൂന്നാം നമ്പറാണ് സഞ്ജുവിനു കിട്ടിയത്. രണ്ടാം ഓവറില്‍ തന്നെ അദ്ദേഹം ബാറ്റിങിനായി ക്രീസിലെത്തുകയും ചെയ്തു. പക്ഷെ റണ്ണെടുക്കാന്‍ വിഷമിച്ച സഞ്ജു നാലാമത്തെ ബോളില്‍ പുറത്താവുകയായിരുന്നു.
ചമിന്ദു വിക്രമസിംഗയ്‌ക്കെതിരേ വലിയ ഷോട്ടിനു തുനിഞ്ഞ അദ്ദേഹത്തിന്റെ ടൈമിങ് പാളിയപ്പോള്‍ വനിന്ദു ഹസരംഗ മികച്ചൊരു ക്യാച്ചിലൂടെ മടക്കുകയായിരുന്നു. ലങ്കയുമായി നടക്കാനിരിക്കുന്ന ഏകദിന പരമ്പരയില്‍ സഞ്ജു ടീമിന്റെ ഭാഗമല്ല. ഇനി ബംഗ്ലാദേശുമായി നാട്ടില്‍ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയില്‍ അദ്ദേഹത്തിനു സ്ഥാനം ലഭിക്കുമോയെന്നാണ് അറിനാനുള്ളത്.