Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: നെറ്റ്‌സില്‍ കിടുക്കി സഞ്ജു, മിന്നല്‍ ഫീല്‍ഡിങ്ങും; പ്ലേയിങ് 11ല്‍ സീറ്റുണ്ടോ?

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യയുടെ ടി20 പരമ്പര നാളെ ആരംഭിക്കാന്‍ പോവുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയെ വളരെ ആകാംക്ഷയോടെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇതിന് കാരണം ഗൗതം ഗംഭീര്‍ പരിശീലകനായ ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ പരമ്പരയായതിനാലാണ്. ഇന്ത്യന്‍ ടീമില്‍ വലിയ പൊളിച്ചെഴുത്ത് ഇതിനോടകം ഗംഭീര്‍ നടത്തിയിട്ടുണ്ട്. നായകനാവേണ്ടിയിരുന്ന ഹാര്‍ദിക് പാണ്ഡ്യയെ തഴഞ്ഞ് ആ സ്ഥാനത്ത് സൂര്യകുമാര്‍ യാദവിനെയാണ് ഗംഭീര്‍ നിയമിച്ചിരിക്കുന്നത്.

ടി20 ടീമില്‍ യുവതാരങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയാണ് ഗംഭീര്‍ ടീമിനെ ഇറക്കിയിരിക്കുന്നത്. വിക്കറ്റ് കീപ്പര്‍മാരായി റിഷഭ് പന്തും സഞ്ജു സാംസണുമാണ് ടീമിലുള്ളത്. ഏകദിന ടീമില്‍ നിന്ന് തഴയപ്പെട്ട സഞ്ജു സാംസണിന് ഇന്ത്യയുടെ ടി20 ടീമില്‍ കളിക്കാനുള്ള അവസരം ലഭിക്കേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം അദ്ദേഹത്തിന്റെ കരിയറിനെയത് പ്രതികൂലമായി ബാധിച്ചേക്കും. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം സഞ്ജു തഴയപ്പെട്ടേക്കും.

ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി റിഷഭിനെയാണ് ഗംഭീര്‍ പരിഗണിക്കുകയെന്നാണ് വിവരം. അങ്ങനെ വരുമ്പോള്‍ സഞ്ജുവിനത് കടുത്ത തിരിച്ചടിയാവും. ടി20 ലോകകപ്പിലും ബെഞ്ചിലിരുത്തപ്പെട്ട സഞ്ജുവിന് ശ്രീലങ്കയ്‌ക്കെതിരായ ടി20യിലും അവസരം ലഭിക്കാതെ വന്നാല്‍ പിന്നീടൊരു തിരിച്ചുവരവ് പോലും കടുപ്പമാവും. സഞ്ജു പ്ലേയിങ് 11 ഉണ്ടാവാനുള്ള സാധ്യത വിരളമാണെന്നിരിക്കെ സഞ്ജു സാംസണിന്റെ പരിശീലന വീഡിയോ വൈറലാവുകയാണ്.

നെറ്റ്‌സില്‍ തുടര്‍ച്ചയായി വലിയ ഷോട്ടുകള്‍ കളിക്കുന്ന സഞ്ജു ഫീല്‍ഡറെന്ന നിലയിലും ഏറെ നേരം പരിശീലനം നടത്തി. തകര്‍പ്പന്‍ ഡൈവിങ് ക്യാച്ചുകളടക്കം നേടാന്‍ സഞ്ജുവിന് സാധിച്ചു. നേരത്തെ തന്നെ സഞ്ജു തന്റെ ഫീല്‍ഡിങ് മികവ് തെളിയിച്ചിട്ടുള്ളതാണ്. വിക്കറ്റ് കീപ്പറായി റിഷഭിനെയാണ് പരിഗണിക്കുന്നതെങ്കില്‍ സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായി സഞ്ജു സാംസണെ കളിപ്പിക്കണമെന്നാണ് ആരാധകര്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത്.

sanju samson ind vs sl

എന്നാല്‍ ഇതിനുള്ള സാധ്യത കുറവാണെന്ന് പറയാം. ഓപ്പണര്‍മാരായി ശുബ്മാന്‍ ഗില്ലും യശ്വസി ജയ്‌സ്വാളും കളിക്കുമ്പോള്‍ ടി20 ലോകകപ്പിലേതുപോലെ മൂന്നാം നമ്പറില്‍ റിഷഭ് പന്ത് കളിച്ചേക്കും. അതിവേഗത്തില്‍ റണ്‍സുയര്‍ത്താനും വ്യത്യസ്ത ഷോട്ടുകള്‍ കളിക്കാനും കെല്‍പ്പുള്ള റിഷഭിനെ സഞ്ജുവിനെക്കാള്‍ ഗംഭീര്‍ പിന്തുണക്കുമെന്നുറപ്പ്. നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവ് കളിക്കും. ക്യാപ്റ്റനെന്ന നിലയില്‍ സൂര്യക്ക് പരമ്പര നിര്‍ണ്ണായകമാണ്.

അഞ്ചാം നമ്പറില്‍ ഹാര്‍ദിക് പാണ്ഡ്യ കളിക്കാനാണ് സാധ്യത. പേസ് ഓള്‍റൗണ്ടറെന്ന നിലയില്‍ ഹാര്‍ദിക്കിന് ടീമില്‍ നിര്‍ണ്ണായക റോളാണുള്ളത്. നായകസ്ഥാനത്ത് നിന്ന് തഴഞ്ഞതിന്റെ പ്രതികാരം വീട്ടാന്‍ ഹാര്‍ദിക് ശ്രമിക്കുമെന്നുറപ്പ്. ആറാം നമ്പറില്‍ ഫിനിഷറായി റിങ്കു സിങ്ങിനെ കളിപ്പിച്ചേക്കും. റിങ്കു സിങ് അതിവേഗതത്തില്‍ റണ്‍സുയര്‍ത്തുന്ന ഫിനിഷറാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായ റിങ്കു സിങ്ങിനെ ഗംഭീര്‍ പിന്തുണക്കും.

പിന്നീട് അക്ഷര്‍ പട്ടേലും വാഷിങ്ടണ്‍ സുന്ദറും കളിക്കും. ഇങ്ങനെയാണ് പ്ലേയിങ് 11 വരുന്നതെങ്കില്‍ സഞ്ജു സാംസണിന് കാര്യങ്ങള്‍ കടുപ്പമാവും. റിഷഭിനെ ഒഴിവാക്കി സഞ്ജു സാംസണിനെ കളിപ്പിക്കുകയെന്നത് ഒരിക്കലും നടക്കാന്‍ സാധ്യതയില്ലാത്ത കാര്യമാണ്. എന്നാല്‍ ഏക സാധ്യത റിങ്കു സിങ്ങിനെ മാറ്റി സഞ്ജുവിനെ കളിപ്പിക്കുകയെന്നതാണ്. കെകെആറില്‍ റിങ്കുവിന് വലിയ പിന്തുണ ഗംഭീര്‍ നല്‍കിയിരുന്നില്ല. അതുകൊണ്ടുതന്നെ ഗംഭീര്‍ റിങ്കുവിനെ മാറ്റി സഞ്ജുവിനെ കളിപ്പിക്കുമോയെന്നതാണ് അറിയേണ്ടത്.

എന്തായാലും മികച്ച മുന്നൊരുക്കം സഞ്ജു നടത്തിയിട്ടുണ്ട്. ഗംഭീര്‍ സഞ്ജുവിന് ബാറ്റിങ് തന്ത്രങ്ങള്‍ പറഞ്ഞുകൊടുക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. ഇതെല്ലാം സഞ്ജു പ്ലേയിങ് 11 ഉണ്ടാവുമെന്ന ശുഭ പ്രതീക്ഷ നല്‍കുന്നതാണ്. ദക്ഷിണാഫ്രിക്കയില്‍ സെഞ്ച്വറി നേടിയിട്ടും സഞ്ജുവിനെ ഏകദിനത്തില്‍ നിന്ന് തഴഞ്ഞതിന് ഗംഭീറിനെതിരേ വിമര്‍ശനം ഉയരുന്നുണ്ട്. ഇതിനിടെ ടി20 കളിപ്പിക്കാതിരിക്കുകയും ചെയ്താല്‍ ആരാധക രോഷം ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്.

Story first published: Friday, July 26, 2024, 13:44 [IST]
Other articles published on Jul 26, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+