പല്ലെക്കലെ: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടി20യിലും നിരാശപ്പെടുത്തി സഞ്ജു സാംസണ്‍. ആദ്യ മത്സരത്തില്‍ അവസരം ലഭിക്കാതിരുന്ന സഞ്ജുവിന് രണ്ടാം മത്സരത്തില്‍ ഓപ്പണര്‍ റോളില്‍ അവസരം ലഭിച്ചിരുന്നു. എന്നാല്‍ നേരിട്ട ആദ്യ പന്തില്‍ ഗോള്‍ഡന്‍ ഡെക്കായാണ് സഞ്ജു പുറത്തായത്. മൂന്നാം മത്സരത്തില്‍ സഞ്ജു പ്ലേയിങ് 11ലുണ്ടാകില്ലെന്ന് കരുതിയെങ്കിലും വീണ്ടും അവസരം ലഭിച്ചു. ഇത്തവണ സഞ്ജുവിന്റെ ഇഷ്ട ബാറ്റിങ് പൊസിഷനായ മൂന്നാം നമ്പറിലാണ് കളിച്ചത്.
എന്നാല്‍ ഈ അവസരവും മുതലാക്കാന്‍ സഞ്ജുവിന് സാധിച്ചില്ല. നാല് പന്ത് നേരിട്ട് അക്കൗണ്ട് തുറക്കാതെയാണ് സഞ്ജു പുറത്താവുന്നത്. യുവ പേസര്‍ ചമിന്‍ഡു വിക്രമസിന്‍ഹെയാണ് സഞ്ജുവിനെ പുറത്താക്കിയത്. സമ്മര്‍ദ്ദം സൃഷ്ടിച്ച വിക്രമസിന്‍ഹെയുടെ പദ്ധതിയില്‍ സഞ്ജു കുടുങ്ങുകയായിരുന്നു. ക്ഷമ കാട്ടാതെ വലിയ ഷോട്ടിന് ശ്രമിച്ച സഞ്ജുവിന് ടൈമിങ് പിഴച്ചപ്പോള്‍ ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. സഞ്ജുവില്‍ വലിയ പ്രതീക്ഷവെച്ച ആരാധകരെ വീണ്ടും അദ്ദേഹം നിരാശപ്പെടുത്തുകയായിരുന്നു.
ആദ്യ രണ്ട് മത്സരവും നടന്ന പല്ലെക്കലെയിലാണ് മൂന്നാം മത്സരവും നടന്നത്. എന്നാല്‍ ആദ്യ രണ്ട് മത്സരവും നടന്ന പിച്ചിലല്ല മൂന്നാം മത്സരം നടന്നത്. ടേണും സ്വിങ്ങുമുള്ള പിച്ചില്‍ പന്തിന്റെ ഗതി മനസിലാക്കാന്‍ സഞ്ജുവിന് സാധിക്കാതെ പോയി. തുടര്‍ച്ചയായി അവസരം ലഭിച്ചാല്‍ സഞ്ജു തിളങ്ങുമെന്ന് അഭിപ്രായപ്പെടുന്ന പ്രമുഖരുടെയെല്ലാം പ്രതീക്ഷകള്‍ തെറ്റിയിരിക്കുകയാണ്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സഞ്ജു ഡെക്കായി മടങ്ങിയത് തീര്‍ത്തും നിരാശപ്പെടുത്തുന്ന കാര്യമാണ്.
നാല് താരങ്ങള്‍ക്ക് വിശ്രമം നല്‍കി ഇറങ്ങിയ ഇന്ത്യ റിഷഭ് പന്തിന് വിശ്രമം നല്‍കിയാണ് സഞ്ജുവിനെ വിക്കറ്റ് കീപ്പറായി കളിപ്പിച്ചത്. സഞ്ജുവിന് മുതലാക്കാന്‍ സാധിക്കുന്ന അവസരമായിരുന്നു ലഭിച്ചത്. എന്നാല്‍ ഇതിനെ വേണ്ടവിധം ഉപയോഗപ്പെടുത്താന്‍ സഞ്ജുവിന് സാധിക്കാതെ പോയി. ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ സഞ്ജു തയ്യാറാകുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. പിച്ചിന്റെ സ്വഭാവം മനസിലാക്കാതെ മോശം ഷോട്ട് കളിച്ച് സഞ്ജു വിക്കറ്റ് തുലക്കുകയായിരുന്നു.

പുതിയ പരിശീലകനായ ഗൗതം ഗംഭീറും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും സഞ്ജുവിന്റെ പ്രതിഭയില്‍ വിശ്വാസം അര്‍പ്പിച്ചാണ് റിഷഭിനെ പുറത്തിരുത്തി സഞ്ജുവിനെ കളിപ്പിച്ചത്. ഗംഭീര പ്രകടനത്തോടെ സെലക്ടര്‍മാരുടെ ശ്രദ്ധ നേടാന്‍ സഞ്ജുവിനെപ്പോലൊരു സീനിയര്‍ താരത്തിന് മുന്നിലുള്ള സുവര്‍ണ്ണാവസരമായിരുന്ന ഇതെങ്കിലും അദ്ദേഹം അവസരം നഷ്ടപ്പെടുത്തി. ഇതിനോടകം ഏകദിന പരമ്പരയില്‍ നിന്ന് തഴയപ്പെട്ട സഞ്ജുവിന് ടി20 പരമ്പരയില്‍ തിളങ്ങേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമായിരുന്നു.
എന്നാല്‍ സഞ്ജു അവസരങ്ങള്‍ തുലച്ചതോടെ ഇന്ത്യന്‍ ടീമില്‍ നിന്ന് തഴയപ്പെടുമെന്ന കാര്യം ഉറപ്പാണ്. അടുത്ത പരമ്പരയില്‍ സഞ്ജു ടീമിലുണ്ടാകില്ലെന്നുറപ്പ്. ദ്രുവ് ജുറേലിനെപ്പോലെ വ്യത്യസ്ത ഷോട്ട് കളിക്കാന്‍ കെല്‍പ്പുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ അവസരം കാത്തിരിക്കവെ സഞ്ജുവിന് കാര്യങ്ങള്‍ കടുപ്പം. ഇഷാന്‍ കിഷനും തിരിച്ചുവരവിന് ഒരുങ്ങവെ സഞ്ജുവിന് സെലക്ടര്‍മാരുടെ ശ്രദ്ധ നേടാന്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് മികവ് കാട്ടേണ്ടത് അത്യാവശ്യമായിരിക്കുകയാണ്.
പ്ലേയിങ് 11: ഇന്ത്യ-യശ്വസി ജയ്‌സ്വാള്‍, ശുബ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (c), സഞ്ജു സാംസണ്‍, റിയാന്‍ പരാഗ്, റിങ്കു സിങ്, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, ഖലീല്‍ അഹമ്മദ്, രവി ബിഷ്‌നോയ്, മുഹമ്മദ് സിറാജ്
ശ്രീലങ്ക- പതും നിസങ്ക, കുശാല്‍ മെന്‍ഡിസ്, കുശാല്‍ പെരേര, കമിന്‍ഡു മെന്‍ഡിസ്, ചരിത് അസലന്‍ക (c), ചമിന്‍ഡു വിക്രമസിങ്‌ഹെ, വനിന്‍ഡു ഹസരങ്ക, രമേഷ് മെന്‍ഡിസ്, മഹേഷ് തീക്ഷണ, മതീഷ പതിരാന, അസിത ഫെര്‍ണാണ്ടോ