ഇന്ത്യന്‍ ടി20 ടീമിന്റെ സ്ഥിരം ക്യാപ്റ്റനെന്ന നിലയിലുള്ള തന്റെ തുടക്കം ഗംഭീരമാക്കിയിരിക്കുകയാണ് വെടിക്കെട്ട് ബാറ്ററായ സൂര്യകുമാര്‍ യാദവ്. ഈ ഫോര്‍മാറ്റില്‍ ടീമിനെ നയിക്കാന്‍ ഏറ്റവു അനുയോജ്യനായ താരം താനാണെന്നു അദ്ദേഹം ഈ പരമ്പരയില്‍ കാണിച്ചു തന്നിരിക്കുകയാണ്. മൂന്നു മല്‍സരങ്ങളുടെ പരമ്പര തൂത്തുവാരിയാണ് ക്യാപ്റ്റന്‍ സൂര്യയുടെ യുഗം ആരംഭിച്ചിരിക്കുന്നത്. പുതിയ കോച്ച് ഗൗതം ഗംഭീറിനും ഏറെ ആഹ്ലാദിക്കാനും അഭിമാനിക്കാനും നല്‍കുന്നതാണ് ഈ പരമ്പര നേട്ടം.
രോഹിത് ശര്‍മ, വിരാട് കോലി, രവീന്ദ്ര ജഡേജ തുടങ്ങിയ ലോകോത്തര മാച്ച് വിന്നര്‍മാരുടെ വിരമിക്കലിനു ശേഷമുള്ള ഇന്ത്യയുടെ പ്രധാനപ്പെട്ട ആദ്യ ടി20 പരമ്പരയെന്ന നിലയില്‍ ലോകം ഉറ്റുനോക്കിയ പരമ്പരയായിരുന്നു ഇത്. ടി20 ടീമില്‍ ഇന്ത്യന്‍ ടീമിനെ മികച്ച രീതിയില്‍ തന്നെ മുന്നോട്ടു കൊണ്ടുപോവാനുള്ള ശേഷി തനിക്കും സംഘത്തിനുമുണ്ടെന്നു സൂര്യ തെളിയിക്കുകയും ചെയ്തു. ഈ ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ടീമിനു കാര്യമായ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നു തന്നെയാണ് ഈ പരമ്പര കാണിച്ചു തന്നിരിക്കുന്നത്.

ഇന്ത്യയെ സംബന്ധിച്ച് മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ പല പോസിറ്റീവുകളും ചില നെഗറ്റീവുകളുമുണ്ടെന്നു കാണാന്‍ സാധിക്കും. ഇവ എന്തൊക്കെയാണെന്നു നമുക്കു പരിശോധിക്കാം. ടീമിനെ സംബന്ധിച്ച് ഏറ്റവും വലിയ പോസിറ്റീവുകളിലൊന്ന് റിയാന്‍ പരാഗെന്ന ഓള്‍റൗണ്ടറെ ലഭിച്ചുവെന്നതാണ്. സിംബാബ്‌വെയുമായുള്ള തൊട്ടുമുമ്പത്തെ പരമ്പരയില്‍ കാര്യമായി തിളങ്ങാതിരുന്നിട്ടും പരാഗിനെ ലങ്കയ്‌ക്കെതിരേയും ടീമില്‍ നിലനിര്‍ത്തുകയായിരുന്നു. ടീമിനു വേണ്ടി തനിക്കു എന്തൊക്കെ ചെയ്യാന്‍ സാധിക്കുമെന്നു പരാഗ് ഈ പരമ്പരയില്‍ കാണിച്ചു തരികയും ചെയ്തു.
ബൗളറെന്ന നിലയില്‍ പരാഗില്‍ സൂര്യയര്‍പ്പിച്ച വിശ്വാസമാണ് എടുത്തു പറയേണ്ടത്. പരമ്പരയിലെ രണ്ടു മല്‍സരങ്ങളിലും നാലോവര്‍ ക്വാട്ട പരാഗ് പൂര്‍ത്തിയാക്കുകയും ചെയ്തു. 6.64 ഇക്കോണമി റേറ്റില്‍ മൂന്നു വിക്കറ്റുകളാണ് വീഴ്ത്തിയത്. ഡെത്ത് ഓവറുകളിലടക്കം പരാഗ് ബൗള്‍ ചെയ്തുവെന്നതാണ് അതിശയിപ്പിക്കുന്ന കാര്യം. ബാറ്റിങില്‍ രണ്ടിന്നിങ്‌സുകളില്‍ നിന്നും 33 റണ്‍സായിരുന്നു പരാഗിന്റെ സംഭാവന. ഇന്ത്യന്‍ ടീമിനോടൊപ്പം വലിയൊരു ഭാവിയുള്ള താരമാണ് അദ്ദേഹമെന്നു വ്യക്തമായിരിക്കുകയാണ്. ഫോം നിലനിര്‍ത്താന്‍ കഴിയുകയാണെങ്കില്‍ ജഡ്ഡുവിന്റെ യഥാര്‍ഥ പകരക്കാരനായി മാറാന്‍ പരാഗിനു സാധിക്കുകയും ചെയ്യും.
ഇന്ത്യയുടെ മറ്റൊരു പോസിറ്റീവ് യുവ സ്പിന്നര്‍ രവി ബിഷ്‌നോയിയുടെ പ്രകടനമാണ്. സ്റ്റാര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന്റെ അഭാവത്തിലും ഇന്ത്യന്‍ സ്പിന്‍ ബൗളിങിനു ചുക്കാന്‍ പിടിക്കാന്‍ തനിക്കു കഴിയുമെന്നു യുവ സ്പിന്നര്‍ കാണിച്ചുതന്നു. പരമ്പരയില്‍ ഇന്ത്യക്കായി കൂടുതല്‍ വിക്കറ്റുകളെടുത്തതും ബിഷ്‌നോയ് തന്നെയാണ്. മൂന്നു മല്‍സരങ്ങളില്‍ നിന്നും 8.4 ഇക്കോണമി റേറ്റില്‍ ആറു വിക്കറ്റുകളാണ് താരം പിഴുതത്. ബൗളിങിലെ വൈവിധ്യവും വിക്കറ്റുകളെടുക്കാനുള്ള മിടുക്കും ബിഷ്‌നോയിയെ അപകടകാരിയാക്കി മാറ്റുന്നു.

ഈ പരമ്പരയില്‍ ഇന്ത്യയുടെ ഏറ്റവും വലിയ നെഗറ്റീവ് മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിന്റെ ഫ്‌ളോപ്പ് ഷോയാണ്. ബാറ്റിങില്‍ വട്ടപ്പൂജ്യവുമായാണ് അദ്ദേഹം മടങ്ങുന്നത്. കളിച്ച രണ്ടിന്നിങ്‌സുകളിലും അക്കൗണ്ട് തുറക്കാന്‍ സഞ്ജുവിനായില്ല. രണ്ടാം ടി20യില്‍ ഓപ്പണറായപ്പോള്‍ ഗോള്‍ഡന്‍ ഡെക്കായ അദ്ദേഹം അവസാന കളിയില്‍ മൂന്നാം നമ്പറില്‍ ഇറങ്ങിയപ്പോഴും ഡെക്കായി മടങ്ങി.
ആദ്യ ടി20യില്‍ സഞ്ജു തഴയപ്പെട്ടപ്പോള്‍ ഒരുപാട് വിമര്‍ശനങ്ങള്‍ ടീം മാനേജ്‌മെന്റ് നേരിട്ടിരുന്നു. പിന്നാലെ രണ്ടു മികച്ച അവസരങ്ങള്‍ സഞ്ജുവിനു ലഭിച്ചെങ്കിലും അദ്ദേഹം അതു മുതലാക്കിയതുമില്ല. ഇനിയൊരു പരമ്പരയില്‍ സഞ്ജുവിനു അവസരം ലഭിക്കാനുള്ള സാധ്യത തീരെ കുറവാണ്.
ഇന്ത്യയെ സംബന്ധിച്ച് മറ്റൊരു വലിയ നെഗറ്റീവ് ഇടംകൈയന്‍ പേസര്‍ ഖലീല്‍ അഹമ്മദിന്റെ മോശം പ്രകടനമാണ്. സിംബാബ്‌വെയ്‌ക്കെതിരായ കഴിഞ്ഞ ടി20 പരമ്പരയിലും അദ്ദേഹം ബൗളിങില്‍ നിരാശപ്പെടുത്തിയിരുന്നു. എന്നിട്ടും ലങ്കയ്‌ക്കെതിരേ ഖലീലിനെ നിലനിര്‍ത്തുകയായിരുന്നു.
പക്ഷെ ബൗളിങില്‍ യാതൊരു ഇംപാക്ടുമുണ്ടാക്കാന്‍ അദ്ദേഹത്തിനായില്ല. അവസാന ടി20യിലാണ് ഖലീലിനെ ഇന്ത്യ പരീക്ഷിച്ചത്. മൂന്നോവറില്‍ വിക്കറ്റൊന്നുമില്ലാതെ 28 റണ്‍സ് അദ്ദേഹം വാരിക്കോരി നല്‍കുകയും ചെയ്തു. ഹര്‍ഷിത് റാണയപ്പോലെയുള്ള ബൗളര്‍മാര്‍ അവസരം കാത്തുനില്‍ക്കവെ ഖലീലിനു ഇനിയൊരു അവസരം കിട്ടിയേക്കില്ല.