IND vs SL: തോറ്റ് തുന്നംപാടി ഇന്ത്യ, കണക്കുകൂട്ടല്‍ പിഴച്ചത് എവിടെ? രോഹിത് ശര്‍മ വ്യക്തമാക്കുന്നു
കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിലും നാണംകെട്ട തോല്‍വി ഏറ്റുവാങ്ങി ഇന്ത്യ പരമ്പര കൈവിട്ടിരിക്കുകയാണ്. ആദ്യ മത്സരം ടൈയായപ്പോള്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യ ജയിക്കാവുന്ന കളി തോറ്റു. മൂന്നാം മത്സരത്തില്‍ അനാവശ്യ പരീക്ഷണം നടത്തി 110 റണ്‍സിന് ഇന്ത്യ തോല്‍വി വഴങ്ങുകയായിരുന്നു. ഇതോടെ പരമ്പരയും തോറ്റു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 7 വിക്കറ്റിന് 248 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 26.1 ഓവറില്‍ 138 റണ്‍സില്‍ കൂടാരം കയറി.
ഇന്ത്യന്‍ ടീമില്‍ രോഹിത് ശര്‍മ, ശുബ്മാന്‍ ഗില്‍, വിരാട് കോലി, റിഷഭ് പന്ത് എന്നിവരെല്ലാം ഉണ്ടായിരുന്നു. എന്നിട്ടും ടീമിന് വിജയത്തിലേക്കെത്താനായില്ല. ഇപ്പോഴിതാ ഇന്ത്യയുടെ തോല്‍വിയെക്കുറിച്ച് നായകന്‍ രോഹിത് ശര്‍മ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. 'ചില കാര്യങ്ങള്‍ ഗൗരവകരമായി കാണേണ്ടതായുണ്ട്. വ്യക്തിപരമായ പദ്ധതികള്‍ പാളി. പരമ്പരയിലുടെനീളം ഞങ്ങള്‍ സമ്മര്‍ദ്ദത്തിലായി. വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമായിരുന്നു. വ്യത്യസ്മായ പദ്ധതികള്‍ വേണമായിരുന്നു.
ഇത്തരം പിച്ചുകളില്‍ കളിക്കാന്‍ കഴിവുള്ള താരങ്ങള്‍ ആരൊക്കെയാണെന്ന് ചിന്തിക്കണമായിരുന്നു. ഈ പിച്ചില്‍ സ്ഥിരമായി അവസരം ലഭിച്ചാലെ ഫോമിലേക്കെത്താനാവു. ഒന്നോ രണ്ടോ അവസരംകൊണ്ട് ജയിക്കാനാവില്ല. ഇത് ഞങ്ങളുടെ മോശം പരമ്പരയായിരുന്നു. അത് അംഗീകരിക്കുന്നു. സ്പിന്നര്‍മാര്‍ക്കെതിരേ കൂടുതല്‍ ആക്രമണോത്സകത കാട്ടണമായിരുന്നു. അവര്‍ ഞങ്ങളുടെ മുകളില്‍ സമ്മര്‍ദ്ദം സൃഷ്ടിച്ചു. താരങ്ങള്‍ നന്നായി പരിശീലനം നടത്തുന്നതും നെറ്റ്‌സില്‍ വ്യത്യസ്തമായ ഷോട്ടുകള്‍ കളിക്കുന്നതും കണ്ടിരുന്നു.
എന്നാല്‍ അതൊന്നും മത്സരത്തില്‍ മുതലാക്കാനായില്ല' രോഹിത് ശര്‍മ പറഞ്ഞു. മൂന്നാം മത്സരത്തില്‍ കെ എല്‍ രാഹുലിനെ പുറത്തിരുത്തി റിഷഭ് പന്തുമായാണ് ഇന്ത്യ ഇറങ്ങിയത്. ഇന്ത്യയുടെ പ്ലേയിങ് 11 തന്നെ ദുരന്തമായിരുന്നു. മുഹമ്മദ് സിറാജ് എന്ന ഒരു പേസറെ മാത്രം ഉപയോഗിച്ചാണ് ഇന്ത്യ ഇറങ്ങിയത്. റിയാന്‍ പരാഗിനെപ്പോലെയുള്ള യുവ താരങ്ങള്‍ക്ക് ശ്രീലങ്കയിലെ സ്പിന്‍ പിച്ചില്‍ തിളങ്ങാന്‍ സാധിക്കുമെന്ന പരിശീലകന്‍ ഗൗതം ഗംഭീറിന്റെ കണക്കുകൂട്ടലാണ് തെറ്റിയത്.

രോഹിത് ശര്‍മ ആക്രമിച്ചാണ് തുടങ്ങിയത്. 20 പന്തില്‍ 35 റണ്‍സെടുത്ത് രോഹിത് മടങ്ങിയ ശേഷം ഇന്ത്യ കൂട്ടത്തകര്‍ച്ച നേരിടുകയായിരുന്നു. ശുബ്മാന്‍ ഗില്‍ 6 റണ്‍സും വിരാട് കോലി 20 റണ്‍സും റിഷഭ് പന്ത് ആറ് റണ്‍സും ശ്രേയസ് അയ്യര്‍ എട്ട് റണ്‍സും എടുത്ത് പുറത്തായി. റിയാന്‍ പരാഗ് 15 റണ്‍സെടുത്തപ്പോള്‍ ശിവം ദുബെ 9 റണ്‍സാണ് നേടിയത്. വാഷിങ്ടണ്‍ സുന്ദര്‍ 30 റണ്‍സെടുത്ത് പുറത്തായി. ഒമ്പത് ബാറ്റ്‌സ്മാന്‍മാരുമായി ഇറങ്ങിയിട്ടും ഇന്ത്യക്ക് ജയിക്കാന്‍ സാധിക്കാതെ പോയി.
ഗൗതം ഗംഭീര്‍ പരിശീലകനായ ശേഷമുള്ള ആദ്യത്തെ ഏകദിന പരമ്പരയാണിത്. ഇതില്‍ ഇന്ത്യ തീര്‍ത്തും നിരാശപ്പെടുത്തിയതോടെ ഗംഭീറിന് വലിയ സമ്മര്‍ദ്ദം നേരിടേണ്ടി വരുമെന്ന് ഉറപ്പാണ്. ടീം തിരഞ്ഞെടുപ്പും പ്ലേയിങ് 11 തിരഞ്ഞെടുപ്പുമെല്ലാം പാളി. വലിയ ഇടവേളക്ക് ശേഷമാണ് ഇന്ത്യ ശ്രീലങ്കയോട് ഏകദിന പരമ്പര തോല്‍ക്കുന്നത്. മികച്ച താരനിരയുണ്ടായിട്ടും ഇന്ത്യക്ക് മികച്ച പോരാട്ടം കാഴ്ചവെക്കാനായില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം.
ചാമ്പ്യന്‍സ് ട്രോഫി വരാനിരിക്കെ ഇന്ത്യക്ക് വലിയ ക്ഷീണമുണ്ടാക്കുന്ന പരമ്പരയാണിത്. ഈ വര്‍ഷം ഇന്ത്യക്ക് ഇനി ഏകദിന പരമ്പരയില്ല. ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പായി കൂടുതല്‍ ഏകദിന പരമ്പരകള്‍ കളിക്കാതെ പോയാല്‍ ഇന്ത്യക്ക് വലിയ നാണക്കേട് നേരിടേണ്ടി വന്നേക്കും. ഗൗതം ഗംഭീറിന്റെ അനാവശ്യ പരീക്ഷണങ്ങള്‍ ഇന്ത്യന്‍ ടീമിനെ തളര്‍ത്തുന്നുണ്ട്. പരിശീലകനെന്ന നിലയില്‍ ടീമില്‍ വലിയ അഴിച്ചുപണി നടത്തുന്നത് ടീമിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications