നീണ്ട ഇടവേളയ്ക്കു ശേഷം ടീം ഇന്ത്യ വീണ്ടും ഏകദിന ഫോര്‍മാറ്റിലേക്കു തിരിച്ചെത്തുകയാണ്. ശ്രീലങ്കയ്‌ക്കെതിരേ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയാണ് ആഗസ്റ്റ് ആദ്യവാരം ഇന്ത്യ കളിക്കാനിരിക്കുന്നത്. കഴിഞ്ഞ ഡിസംബറിലെ സൗത്താഫിക്കന്‍ പര്യടനത്തിലാണ് അവസാനമായി ഏകദിനത്തില്‍ ഇന്ത്യ കളിച്ചത്. കെഎല്‍ രാഹുലിനു കീഴില്‍ പരമ്പര സ്വന്തമാക്കാനും ഇന്ത്യക്കായിരുന്നു. അടുത്ത വര്‍ഷം ഐസിസി ചാംപ്യന്‍സ് ട്രോഫി നടക്കാനിരിക്കെ അതിനുള്ള മികച്ച തയ്യാറെടുപ്പും കൂടിയാണ് ലങ്കയ്‌ക്കെതിരായ പരമ്പര.
ഈ കാരണത്താല്‍ തന്നെയാണ് നേരത്തേ ബ്രേക്ക് ആവശ്യപ്പെട്ടിരുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുന്‍ നായകന്‍ വിരാട് കോലി എന്നിവരോടെല്ലാം ഈ പരമ്പരയില്‍ കളിക്കാന്‍ പുതിയ കോച്ചായിട്ടുള്ള ഗൗതം ഗംഭീര്‍ ആവശ്യപ്പെട്ടത്. ഇരുവരും അതിനു സമ്മതം മൂളുകയുമായിരുന്നു. പക്ഷെ മറ്റു രണ്ടു സീനിയര്‍ കളിക്കാരായ ഹാര്‍ദിക് പാണ്ഡ്യയും ജസ്പ്രീത് ബുംറയും ഈ പരമ്പരയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്.

ഇന്ത്യയുടെ ശക്തമായ പ്ലെയിങ് ഇലവനില്‍ ആരൊക്കെയാവും ഇടം പിടിക്കുകയെന്നു നമുക്കു നോക്കാം. ക്യാപ്റ്റന്‍ രോഹിത്തും പുതിയ വൈസ് ക്യാപ്റ്റന്‍ കൂടിയായ യുവതാരം ശുഭ്മന്‍ ഗില്ലും ചേര്‍ന്നായിരിക്കും ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യുക. ഏകദിനത്തില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് ഓപ്പണിങ് ജോടി കൂടിയാണ് ഇരുവരും. കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകപ്പില്‍ രോഹിത് - ഗില്‍ ജോടി കസറിയിരുന്നു. ടീമിന്റെ കുതിപ്പിനു പ്രധാന കാരണങ്ങളിലൊന്നും ഇതായിരുന്നു.
മധ്യനിരയിലേക്കു വന്നാല്‍ തന്റെ ഫേവറിറ്റ് പൊസിഷനായ മൂന്നാം നമ്പറില്‍ കോലി തന്നെ കളിക്കും. നാലാം നമ്പറില്‍ ശ്രേയസ് അയ്യരായിരിക്കും. അഞ്ചാമനായി കെഎല്‍ രാഹുലാണ് ബാറ്റ് ചെയ്യുക. ആറാമന്‍ വിക്കറ്റ് കീപ്പറായ റിഷഭ് പന്തായിരിക്കും. ഏഴാമനായി ഇടകൈയന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലും കളിക്കാനിറങ്ങും. കഴിഞ്ഞ ഏകദിന ലോകകപ്പിലും ഇന്ത്യയുടെ ടോപ്പ് ഫൈവ് ഇതേ ക്രമത്തില്‍ തന്നെയായിരുന്നു.
പരിക്കു കാരണം ലോകകപ്പ് നഷ്ടമായ റിഷഭ് ഈ പരമ്പരയിലൂടെ ഇലവനിലേക്കു തിരികെയെത്തിയിരിക്കുകയാണ്. ഏകദേശം ഒന്നര വര്‍ഷത്തിനു ശേഷമാണ് അദ്ദേഹം ഈ ഫോര്‍മാറ്റില്‍ കളിക്കാനൊരുങ്ങുന്നത്. ഈ വര്‍ഷത്തെ ഐപിഎല്ലിലൂടെ കളിക്കളത്തിലേക്കു മടങ്ങിയെത്തിയ റിഷഭ് കളിച്ചതെല്ലാം ടി20 മല്‍സരങ്ങളായിരുന്നു. അതുകൊണ്ടു തന്നെ ഏകദിനത്തിന്റെ ശൈലിയിലേക്കു തന്റെ ബാറ്റിങ് സമീപനത്തെ അദ്ദേഹത്തിനു മാറ്റിയെടുക്കുകയും ചെയ്യേണ്ടതുണ്ട്.

ഹാര്‍ദിക്കിനു ഈ പരമ്പരയില്‍ വിശ്രമം നല്‍കിയതോടെയാണ് രാഹുലിനെയും റിഷഭിനെയും ഇന്ത്യക്കു ഒരുമിച്ച് കളിപ്പിക്കാന്‍ സാധിക്കുന്നത്. അല്ലായിരുന്നെങ്കില്‍ രണ്ടിലൊരാള്‍ക്കു പുറത്തിരിക്കേണ്ടി വരുമായിരുന്നു. ആറാം നമ്പറില്‍ ഹാര്‍ദിക്കും കളിക്കേണ്ടതായിരുന്നു. ഹാര്‍ദിക്കിന്റെ അഭാവത്തില്‍ ആറാമത്തെ ബൗളിങ് ഓപ്ഷനെയാണ് ഇന്ത്യക്കു നഷ്ടമായിരിക്കുന്നത്. ഇന്ത്യന്‍ ടോപ്പ് ഫൈവിലെ ആരും ബൗള്‍ ചെയ്യില്ലെന്നത് ഒരു തിരിച്ചടിയാണ്.
ഏഴാമനായ അക്ഷറിനു ശേഷം പിന്നീട് ബൗളര്‍മാരുടെ ഊഴമായിരിക്കും. കുല്‍ദീപ് യാദവായിരിക്കും ടീമിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍. പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുക മുഹമ്മദ് സിറാജായിരിക്കും. കൂടെ ഇടംകൈയന്‍ പേസറായ അര്‍ഷ്ദീപ് സിങും പുതുമുഖമായ ഹര്‍ഷിത് റാണയുമുണ്ടാവും.
ഇന്ത്യയുടെ സാധ്യതാ പ്ലെയിങ് 11
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ.