
ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗമേറിയ ഫിഫ്റ്റിയെന്ന റെക്കോര്‍ഡാണ് റിഷഭ് പന്ത് സ്വന്തം പേരിലാക്കിയിരിക്കുന്നത്. ഫിഫ്റ്റി തികയ്ക്കാന്‍ 28 ബോളുകള്‍ മാത്രമേ അദ്ദേഹത്തിനു വേണ്ടി വന്നുള്ളൂ. ഏഴു ബൗണ്ടറികളും രണ്ടു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.
മുന്‍ ക്യാപ്റ്റനും ഇതിഹാസ ഓള്‍റൗണ്ടറുമായ കപില്‍ ദേവായിരുന്നു നേരത്തേ ടെസ്റ്റില്‍ ഏറ്റവും വേഗമേറിയ ഫിഫ്റ്റിയടിച്ച ഇന്ത്യന്‍ താരം. 30 ബോളുകളില്‍ നിന്നായിരുന്നു ഇത്. 1982ലായിരുന്നു കപില്‍ ഈ റെക്കോര്‍ഡിട്ടത്. ഇതാണ് റിഷഭ് ഇപ്പോള്‍ പഴങ്കഥയാക്കിയിരിക്കുന്നത്. കപിലിനു പിന്നിലായി അതിവേഗ ഫിഫ്റ്റിക്കാരിലെ മറ്റു താരങ്ങള്‍ ശര്‍ദ്ദുല്‍ ടാക്കൂര്‍ (31 ബോള്‍, ഇംഗ്ലണ്ടിനെതിരേ, 2021), വീരേന്ദര്‍ സെവാഗ് (32 ബോള്‍, ഇംഗ്ലണ്ടിനെതിരേ, 2008) എന്നിവരാണ്.

ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രമെടുത്താല്‍ ഇന്ത്യയിലെ അതിവേഗ ഫിഫ്റ്റിയെന്ന ലോക റെക്കോര്‍ഡ് പാകിസ്താന്റെ മുന്‍ നായകനും ഇതിഹാസ ഓള്‍റൗണ്ടറുമായ ഷാഹിദ് അഫ്രീഡിക്കു സ്വന്തമാണ്. 2005ല്‍ ബെംഗളുരുവില്‍ വച്ച് ഇന്ത്യക്കെതിരേ 26 ബോളില്‍ ഫിഫ്റ്റിയടിച്ചായിരുന്നു അദ്ദേഹം ലോക റെക്കോര്‍ഡ് സ്ഥാപിച്ചത്. വെറും രണ്ടു ബോളുകള്‍ക്കാണ് അഫ്രീഡിക്കൊപ്പമെത്താനുള്ള സുവര്‍ണാവസരം റിഷഭ് പന്തിനു നഷ്ടമായത്.
എങ്കിലും ടെസ്റ്റിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ ഫിഫ്റ്റിയെന്ന മുന്‍ ഇംഗ്ലണ്ട് ഇതിഹാസം ഇയാന്‍ ബോതമിന്റെ ലോക റെക്കോര്‍ഡിനൊപ്പം റിഷഭ് എത്തിയിരിക്കുകയാണ്. 1981ല്‍ ഇന്ത്യക്കെതിരേ ബോത്തം അര്‍ധസെഞ്ച്വറി തികച്ചത് 28 ബോളുകളില്‍ നിന്നു തന്നെയായിരുന്നു.

പിങ്ക് ബോള്‍ ടെസ്റ്റിലെ രണ്ടിന്നിങ്‌സുകളിലും മികച്ച പ്രകടനം നടത്തിയതോടെ റിഷഭ് പന്ത് മറ്റൊരു റെക്കോര്‍ഡ് കൂടി കുറിച്ചിട്ടുണ്ട്. ഒരു ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലും 150ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റോടെ 30 പ്ലസ് സ്‌കോര്‍ ചെയ്ത ആദ്യ താരമായാണ് അദ്ദേഹം മാറിയത്.
ബെംഗളൂരു ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ 150 സ്‌ട്രൈക്ക് റേറ്റിലാണ് റിഷഭ് ഏഴു ബൗണ്ടറികളോടെ 26 ബോളില്‍ 39 റണ്‍സ് സ്‌കോര്‍ ചെയ്തത്. 31 ബോളില്‍ 50 റണ്‍സെടുത്ത രണ്ടാമിന്നിങ്‌സില്‍ അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ് 161.29 ആയിരുന്നു.

റിഷഭ് പന്തിന്റെ അതിവേഗ ഫിഫ്റ്റിക്കു മറ്റു ചില പ്രത്യേകതകള്‍ കൂടിയുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു വിക്കറ്റ് കീപ്പറുടെ ഏറ്റവും വേഗമേറിയ ഫിഫ്റ്റിയാണ് അദ്ദേഹം സ്വന്തം പേരില്‍ കുറിച്ചത്. മാത്രല്ല പിങ്ക് ബോള്‍ ടെസ്റ്റിന്റെ ചരിത്രത്തിലെ അതിവേഗ ഫിഫ്റ്റിയെന്ന റെക്കോര്‍ഡും റിഷഭ് തന്റെ പേരിലേക്കു മാറ്റിയിട്ടുണ്ട്.
ടെസ്റ്റില്‍ റിഷഭിന്റെ ഇന്ത്യയിലെ ഇതുവരെയുള്ള പ്രകടനമെടുത്താല്‍ ഒരു സെഞ്ച്വറിയും ആറു ഫിഫ്റ്റികളുമാണ് സമ്പാദ്യം. ഇംഗ്ലണ്ടിനെതിരേ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നേടിയ 101 റണ്‍സാണ് അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. 92 (84 ബോള്‍), 92 (134), 91 (88), 11 (19), 58* (77), 1 (8), 101 (118), 96 (97), 39 (26), 50 (31) എന്നിങ്ങനെയാണ് നാട്ടില്‍ ഇതുവരെയുള്ള റിഷഭിന്റെ പ്രകടനം.


Click it and Unblock the Notifications











