പുതിയ ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനും കോച്ച് ഗൗതം ഗംഭീറിനും കീഴില്‍ ശ്രീലങ്കയില്‍ വിജയക്കൊടി പാറിക്കാന്‍ തയ്യാറെടുക്കുകയാണ് ടീം ഇന്ത്യ. ഈ മാസം 27 മുതലാണ് മൂന്നു മല്‍സരങ്ങളുടെ പരമ്പരയ്ക്കു തുടക്കമാവുന്നത്. രോഹിത് ശര്‍മ, വിരാട് കോലി യുഗത്തിനു ശേഷം ഇന്ത്യ ആദ്യമായി കളിക്കുന്ന പരമ്പരയും കൂടിയാണിത്. കഴിഞ്ഞ ടി20 ലോകകപ്പ് നേട്ടത്തിനു ശേഷം ഇരുവരു ഈ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.
സിംബാബ്‌വെയ്‌ക്കെതിരേ അടുത്തിടെ നടന്ന അഞ്ചു ടി20കളുടെ പരമ്പര 4-1നു സ്വന്തമാക്കിയതിന്റെ ആവേശത്തിലാണ് ലങ്കയിലേക്കു ഇന്ത്യന്‍ ടീം പറക്കുക. സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ ഈ പരമ്പരയില്‍ ടീമിനെ നയിച്ചത് യുവ ഓപ്പണര്‍ ശുഭ്മന്‍ ഗില്ലായിരുന്നു. ഈ പരമ്പരയുടെ ഭാഗമായിരുന്ന അഭിഷേക് ശര്‍മ, റുതുരാജ് ഗെയ്ക്വാദ്, ധ്രുവ് ജുറേല്‍ എന്നിവരൊന്നും ലങ്കന്‍ പര്യടനത്തിന്റെ ഭാഗമല്ല.

ശ്രീലങ്കുമായുള്ള ആദ്യ ടി20 മല്‍സരത്തില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ആരൊക്കെയാവും ഇടം പിടിക്കുകയെന്നു നമുക്കു നോക്കാം. നേരത്തേ സിംബാബ്‌വെയ്‌ക്കെതിരേ നാലു ഓപ്പണിങ് ബാറ്റര്‍മാര്‍ ഇന്ത്യന്‍ സംഘത്തിലുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഇലവന്‍ തിരഞ്ഞെടുക്കാന്‍ ഇന്ത്യ അല്‍പ്പം വിയര്‍ക്കുകയും ചെയ്തിരുന്നു. പക്ഷെ ലങ്കയ്‌ക്കെതിരേ ഈ പ്രശ്‌നം ടീമിനെ അലട്ടില്ല. കാരണം യശസ്വി ജയ്‌സ്വാളും ഗില്ലും മാത്രമല്ല ഓപ്പണര്‍മാരായി ടീമിലുള്ളൂ. അതുകൊണ്ടു തന്നെ ഇവര്‍ തന്നെ മൂന്നു കളിയിലും ഓപ്പണ്‍ ചെയ്യും.
പക്ഷെ മൂന്നാം നമ്പറില്‍ ആരെ കളിപ്പിക്കുമെന്നത് ടീം മാനേജ്‌മെന്റിനു തലവേദനയാവും. കഴിഞ്ഞ ടി20 ലോകകപ്പില്‍ ഈ റോള്‍ നിര്‍വഹിച്ച റിഷഭ് പന്തിനെ ഇറക്കണോ, അല്ലെങ്കില്‍ മറ്റൊരു വിക്കറ്റ് കീപ്പറായ സഞ്ജു സാംസണിനു അവസരം നല്‍കണമോയെന്നതാണ് കുഴപ്പിക്കുന്ന കാര്യം. ടീം മാനേജ്‌മെന്റിനു പ്രിയങ്കരനായ റിഷഭിനു തന്നെ നറുക്കുവീഴാനാണ് സാധ്യത. ഇതോടെ സഞ്ജുവിനു പുറത്തിരിക്കേണ്ടി വരികയും ചെയ്യും.
സിംബാബ്‌വെയുമായുള്ള പരമ്പരയിലെ അവസാന മല്‍സരത്തില്‍ സഞ്ജു ഫിഫ്റ്റിയോടെ കസറിയിരുന്നു. പക്ഷ ഇതൊന്നും ഇലവനില്‍ സ്ഥാനം നിലനിര്‍ത്താന്‍ അദ്ദേഹത്തെ സഹായിച്ചേക്കില്ല. കഴിഞ്ഞ ടി20 ലോകകപ്പിലും റിഷഭും സഞ്ജുവുമായിരുന്നു വിക്കറ്റ് കീപ്പര്‍മാര്‍. അന്നു റിഷഭ് മുഴുവന്‍ മല്‍സരങ്ങളിലും കളിച്ചപ്പോള്‍ മലയാളി താരത്തിനു ഒന്നില്‍പ്പോലും അവസരം ലഭിച്ചില്ല.

ലങ്കയ്‌ക്കെതിരേ റിഷഭിനു ശേഷം നാലാം നമ്പറില്‍ നായകന്‍ സൂര്യയാണ് കളിക്കുക. അഞ്ചാം നമ്പറില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയായിരിക്കും. ക്യാപ്റ്റന്റെയോ, വൈസ് ക്യാപ്റ്റന്റെയോ ചുമതലയില്ലാതെ വെറുമൊരു താരമായി മാത്രം ഏറെക്കാലത്തിനു ശേഷം അദ്ദേഹം കളിക്കുന്ന പരമ്പരയാണിത്. ഹാര്‍ദിക് കഴിഞ്ഞാല്‍ ആറാം നമ്പറില്‍ ഫിനിഷര്‍ റിങ്കു സിങാണ് എത്തുക. തുടര്‍ന്നു ഓള്‍റൗണ്ടര്‍മാരുടെ ഊഴമായിരിക്കും.
വിരമിച്ച രവീന്ദ്ര ജഡേജുടെ പൊസിഷനില്‍ കളിക്കുക മറ്റൊരു ഇടംകൈയന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറായ വാഷിങ്ടണ്‍ സുന്ദറായിരിക്കും. പിന്നാലെ മറ്റൊരു ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലുമെത്തും. രവി ബിഷ്‌നോയിയാവും ടീമിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍. പേസ് ബൗളിങിനു നേതൃത്വം നല്‍കുക മുഹമ്മദ് സിറാജും അര്‍ഷ്ദീപ് സിങുമായിരിക്കും.
ഇന്ത്യയുടെ സാധ്യതാ പ്ലെയിങ് 11
ശുഭ്മന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, വാഷിങ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, രവി ബിഷ്‌നോയ്, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്.