കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യയുടെ മൂന്ന് മത്സര ഏകദിന പരമ്പരക്ക് ഇന്ന് തുടക്കമാവുകയാണ്. ടി20 പരമ്പര തൂത്തുവാരിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരക്ക് ഇറങ്ങുന്നത്. ഗൗതം ഗംഭീര്‍ പരിശീലകനായ ശേഷം വിരാട് കോലിയും രോഹിത് ശര്‍മയും കളിക്കുന്ന ആദ്യത്തെ പരമ്പരയാണിത്. രോഹിത്താണ് ഏകദിന പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത്. വിരാട് കോലിയും ടീമിലുണ്ട്. കോലിയുമായി ഗംഭീറിനുണ്ടായിരുന്ന അഭിപ്രായ ഭിന്നതകള്‍ക്കെല്ലാം പരിഹാരമായെന്നാണ് വിവരം.
അതുകൊണ്ടുതന്നെ ഇന്ത്യ ശക്തമായ കുതിപ്പ് ഏകദിന പരമ്പരയിലും നടത്തുമെന്നുറപ്പ്. ഇന്ത്യ യുവതാരങ്ങള്‍ക്കടക്കം പ്രാധാന്യം നല്‍കിയാണ് ഏകദിന ടീമിനെ തിരഞ്ഞെടുത്തിരിക്കുന്നത്. ടി20 ലോകകപ്പിന് ശേഷം രോഹിത്തും കോലിയും തിരിച്ചെത്തിയപ്പോള്‍ ജസ്പ്രീത് ബുംറ വിശ്രമത്തില്‍ തുടരുകയാണ്. കെ എല്‍ രാഹുലും ശ്രേയസ് അയ്യരും ടീമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. സഞ്ജു സാംസണ്‍ തഴയപ്പെട്ടപ്പോള്‍ റിഷഭ് പന്തിന്റെ ബാക്കപ്പായി രാഹുലാണ് കീപ്പറാവുന്നത്.

ഇതോടെ ഇന്ത്യയുടെ പ്ലേയിങ് 11ല്‍ രണ്ട് വിക്കറ്റ് കീപ്പര്‍മാരും കളിക്കുമോയെന്ന ചോദ്യമാണ് ശക്തമായി ഉയര്‍ന്ന് കേള്‍ക്കുന്നത്. രാഹുല്‍ ഏകദിനത്തില്‍ മികച്ച റെക്കോഡുള്ള താരമാണ്. അതുകൊണ്ടുതന്നെ റിഷഭിനെ പുറത്തിരുത്തി രാഹുലിനെ ഏകദിനം കളിപ്പിക്കുമോ അതോ രണ്ട് പേരും പ്ലേയിങ് 11 ഉണ്ടാകുമോയെന്ന ചോദ്യമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്. ഇപ്പോഴിതാ പ്ലേയിങ് 11ല്‍ രാഹുലും റിഷഭും ഒന്നിച്ച് കളിക്കുമോയെന്നത് വ്യക്തമാക്കിയിരിക്കുകയാണ് രോഹിത് ശര്‍മ.
'രാഹുലും റിഷഭും ഇന്ത്യയുടെ പ്രധാന താരങ്ങളാണ്. ഇവരിലാരെന്നത് ബുദ്ധിമുട്ടുള്ള തീരുമാനമാണ്. ഇവരിലൊരാളെ മാത്രമായി തിരഞ്ഞെടുക്കുകയെന്നത് പ്രയാസമാണ്. ഇവര്‍ രണ്ട് പേരും മാച്ച് വിന്നര്‍മാരായ താരങ്ങളാണ്. ഇന്ത്യക്കായി നിരവധി മത്സരങ്ങള്‍ ഇവര്‍ ജയിപ്പിച്ചിട്ടുണ്ട്. ടീം പ്ലേയിങ് 11 തിരഞ്ഞെടുപ്പ് ബുദ്ധിമുട്ടാകുന്നത് നല്ല കാര്യമാണ്. ആരെയാണ് തിരഞ്ഞെടുക്കുകയെന്നും ഒഴിവാക്കുകയെന്നും ചര്‍ച്ച ചെയ്യേണ്ടി വരുന്നത് ടീം കരുത്ത് വ്യക്തമാക്കുന്നതാണ്.
അത്രത്തോളം ശക്തമാണ് ടീം എന്നാണ് ഇതില്‍ നിന്ന് മനസിലാകുക. ഇത്തരം പ്രശ്‌നങ്ങളെ നല്ല സൂചനയായാണ് കാണുന്നത്. നായകനെന്ന നിലയില്‍ ഇത്തരം വെല്ലുവിളികളുണ്ടാവുന്നതിനെ ഇഷ്ടപ്പെടുന്നു' രോഹിത് ശര്‍മ പറഞ്ഞു. യശ്വസി ജയ്‌സ്വാള്‍ ഇല്ലാത്തതിനാല്‍ രോഹിത് ശര്‍മക്കൊപ്പം ശുബ്മാന്‍ ഗില്‍ ഓപ്പണറായി എത്തുമെന്ന് ഉറപ്പാണ്. മൂന്നാം നമ്പറില്‍ വിരാട് കോലി കളിക്കുമ്പോള്‍ നാലാം നമ്പറില്‍ ആരെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവരിലൊരാള്‍ക്കാവും അവസരം ലഭിക്കുക.
രണ്ട് പേരും മികച്ച റെക്കോഡുള്ളവരും പരിശീലകന്‍ ഗൗതം ഗംഭീറിനോട് ചേര്‍ന്ന് നില്‍ക്കുന്നവരുമാണ്. അതുകൊണ്ടുതന്നെ ആരെ തഴയുമെന്നതാണ് കണ്ടറിയേണ്ടത്. ശ്രേയസിനെക്കാള്‍ സീനിയര്‍ താരമെന്ന നിലയിലും മികച്ച താരമെന്ന നിലയിലും ഇന്ത്യ രാഹുലിനെ കളിപ്പിക്കാനാണ് സാധ്യത. അഞ്ചാം നമ്പറില്‍ റിഷഭ് പന്ത് കളിക്കുമ്പോള്‍ ആറാം നമ്പറില്‍ ഹാര്‍ദിക് പാണ്ഡ്യക്ക് പകരം ശിവം ദുബെയെ ഇന്ത്യ കളിപ്പിക്കാനാണ് സാധ്യത.
റിയാന്‍ പരാഗ് എത്താനും സാധ്യതയുണ്ട്. കൊളംബോയിലെ പിച്ച് സ്പിന്നിനെ തുണക്കുന്നതാണ്. അതുകൊണ്ടുതന്നെ ഇന്ത്യ മൂന്ന് സ്പിന്നര്‍മാരുമായാവും കളിക്കാനിറങ്ങുകയെന്നുറപ്പ്. അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരോടൊപ്പം സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി കുല്‍ദീപ് യാദവും ഉണ്ടാവും. ഇന്ത്യയുടെ യുവതാരങ്ങളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട പരമ്പരയാണിത്.
ചാമ്പ്യന്‍സ് ട്രോഫി വരാനിരിക്കെ ടീമിലിടം നേടാന്‍ ഇവര്‍ക്ക് മികച്ച പ്രകടനം കാഴ്ചവെച്ച് സെലക്ടര്‍മാരുടെ ശ്രദ്ധ നേടേണ്ടതായുണ്ട്. ടി20 പരമ്പരയിലെ ജയം ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്. എന്നാല്‍ ഏകദിനത്തില്‍ ശക്തമായി തിരിച്ചെത്താന്‍ ശ്രീലങ്ക ശ്രമിക്കുമ്പോള്‍ പോരാട്ടം കടുക്കുമെന്നുറപ്പാണ്.