ശ്രീലങ്കയ്‌ക്കെതിരേയുള്ള വൈറ്റ് ബോള്‍ പരമ്പരകള്‍ക്കായി ഇന്ത്യന്‍ ടീം ലങ്കന്‍ മണ്ണിലെത്തിക്കഴിഞ്ഞു. മൂന്നു വീതം ടി20, ഏകദിന പരമ്പരകളാണ് മെന്‍ ഇന്‍ ബ്ലൂ ഇവിടെ കളിക്കുക. ശനിയാഴ്ച രാത്രി ഏഴു മണി മുതല്‍ പല്ലെക്കെലെയിലാണ് ആദ്യ ടി20 നടക്കാനിരിക്കുന്നത്. ശേഷിച്ച മല്‍സങ്ങള്‍ 28, 30 തിയ്യതികളിലുമാണ്. പുതിയ കോച്ച് ഗൗതം ഗംഭീറിനു കീഴില്‍ ഇന്ത്യയുടെ ആദ്യത്തെ പരമ്പരയും കൂടിയാണ് ലങ്കയിലേത്.
അതുകൊണ്ടു തന്നെ ടി20, ഏകദിന പരമ്പരകള്‍ സ്വന്തമാക്കി ആധികാരികമായി തന്റെ ആദ്യത്തെ ദൗത്യം പൂര്‍ത്തിയാക്കാനായിരിക്കും അദ്ദേഹത്തിന്റെ ആഗ്രഹം. ശനിയാഴ്ച നടക്കാനിരിക്കുന്ന ആദ്യ ടി20യില്‍ ഏറ്റവും ശക്തമായ ടീമിനെ തന്നെ ഇറക്കാനായിരിക്കും ഗംഭീറിന്റെ പ്ലാന്‍. പുതിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനു കീഴിലാണ് ഈ പരമ്പരയ്ക്കു ഇന്ത്യ കച്ചമുറുക്കുക.

ഇതിഹാസ ബാറ്റര്‍മാരായ രോഹിത് ശര്‍മ, വിരാട് കോലി എന്നിവരുടെ വിരമിക്കലിനു ശേഷം ഇന്ത്യ ആദ്യമായി കളിക്കുന്ന ടി20 പരമ്പരയെന്ന പ്രത്യേകതയും ഇതിനുണ്ട്. എങ്ങനെയവും ആദ്യ ടി20ക്കുള്ള ഇന്ത്യയുടെ ഇലവനെ ഗംഭീര്‍ ഇറക്കുകയെന്നു നമുക്കു പരിശോധിക്കാം.
വിക്കറ്റ് കീപ്പര്‍മാരായ റിഷഭ് പന്തിനെയും മലയാളി താരം സഞ്ജു സാംസണിനെയും ഒരുമിച്ച് പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയുള്ള ഒരു സര്‍പ്രൈസ് നീക്കത്തിനു ഗംഭീര്‍ തുനിഞ്ഞേക്കുമെന്നാണ് വിവരം. അങ്ങനെ വന്നാല്‍ അതു സഞ്ജുവിനു കസറാനുള്ള സുവര്‍ണാവസരം കൂടിയായിരിക്കും. സ്‌പെഷ്യലിസ്റ്റ് ബാറ്ററായിട്ടാണ് അദ്ദേഹം കളിക്കുക. വിക്കറ്റിനു പിന്നില്‍ റിഷഭ് തന്നെയായിരിക്കും.
കഴിഞ്ഞ ടി20 ലോകകപ്പില്‍ മൂന്നാം നമ്പറിലാണ് റിഷഭ് മുഴുവന്‍ മല്‍സരങ്ങളിലും ബാറ്റ് വീശിയത്. പക്ഷെ പുതിയ റോളില്‍ അദ്ദേഹം പ്രതീക്ഷിച്ച ഇംപാക്ടുണ്ടാക്കിയില്ല. അതിനാല്‍ ലങ്കയ്‌ക്കെതിരേ മൂന്നാം നമ്പറില്‍ നിന്നും റിഷഭിനെ ഗംഭീര്‍ മാറ്റിയേക്കും. പകരം ഈ റോള്‍ സഞ്ജുവിനായിരിക്കും ലഭിക്കുക. കോലി ഒഴിച്ചിട്ട മൂന്നാം നമ്പറിന് ഏറ്റവും അനുയോജ്യനായിട്ടുള്ള താരം കൂടിയാണ് അദ്ദേഹം.
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി സഞ്ജു ഈ റോളിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്. ശ്രദ്ധേയമായ പ്രകടനവും മൂന്നാമനായി ഇറങ്ങി അദ്ദേഹം കാഴ്ചവയ്ക്കുകയും ചെയ്തിട്ടുണ്ട്. ഗംഭീറിനു ഏറെ മതിപ്പുള്ള ബാറ്ററും കൂടിയാണ് സഞ്ജു. അതുകൊണ്ടു തന്നെ അദ്ദേഹത്തിനു ഈ റോള്‍ ഗംഭീര്‍ നല്‍കാനുള്ള സാധ്യതയും കൂടുതലാണ്. മൂന്നാം നമ്പറില്‍ സഞ്ജു കളിക്കുകയാണെങ്കില്‍ റിഷഭിനു പഴയ പൊസിഷനായ അഞ്ചിലേക്കു മാറേണ്ടതായും വരും.
ഓപ്പണിങില്‍ യുവ ബാറ്റിങ് സെന്‍സേഷനുകളായ ശുഭ്മന്‍ ഗില്ലും യശസ്വി ജയ്‌സ്വാളും തന്നെയായിരിക്കും. രോഹിത്തിന്റെ അഭാവം നികത്തുകയെന്ന വലിയ ചുമതലയാണ് ഗില്ലിനുള്ളത്. ഈ പരമ്പരയില്‍ ടീമിന്റെ വൈസ് ക്യാപ്റ്റനും കൂടിയാണ് അദ്ദേഹം. വണ്‍ഡൗണായി സഞ്ജുവെത്തുമ്പോള്‍ നാലാമനായി ക്യാപ്റ്റന്‍ സൂര്യയും ബാറ്റ് ചെയ്യും. അഞ്ചാം നമ്പറില്‍ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായ റിഷഭായിരിക്കും.
ആറാമന്റെ കാര്യത്തില്‍ ചെറിയ ആശയക്കുഴപ്പമുണ്ടാവും. ഫിനിഷറായ റിങ്കു സിങോ, വമ്പനടിക്കാരനായ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശിവം ദുബെയോ ആവും ഈ പൊസിഷനില്‍ കളിക്കുക. ഏഴാമായി സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെത്തും. എട്ടാമനായി മറ്റൊരു ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിന്റെ ഊഴമായിരിക്കും. ഒമ്പതാമനായി സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ രവി ബിഷ്‌നോയ് കളിക്കും. രണ്ടു സ്‌പെഷ്യലിസ്റ്റ് പേസര്‍മാരാണ് ടീമിലുണ്ടാവുക. മുഹമ്മദ് സിറാജും അര്‍ഷ്ദീപ് സിങുമായിരിക്കും ഇത്.
ആദ്യ ടി20ക്കുള്ള ഇന്ത്യന്‍ 11
യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), റിങ്കു സിങ് / ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, രവി ബിഷ്‌നോയ്, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്.