Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: സിറാജിനു പകരം 19ാം ഓവര്‍, സൂര്യയുടെ നേരത്തേയുള്ള പ്ലാനോ? വെളിപ്പെടുത്തി റിങ്കു

പല്ലെക്കെലെ: ശ്രീലങ്കയ്ക്കെതിരായ അവസാന ടി20 മല്‍സരത്തില്‍ ഇന്ത്യ സൂപ്പര്‍ ഓവറില്‍ ത്രസിപ്പിക്കുന്ന വിജയം കൊയ്തപ്പോള്‍ ഏറ്റവും വലിയ സര്‍പ്രൈസ് ഡെത്ത് ഓവറിലെ ബൗളിങ് പരീക്ഷണമായിരുന്നു. 19ാം ഓവറില്‍ റിങ്കു സിങും 20ാം ഓവറില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവുമാണ് ബൗള്‍ ചെയ്തത്.

ഇതോടെയാണ് കളി ടൈയാവുകയും മല്‍സരം സൂപ്പര്‍ ഓവറിലേക്കു കടക്കുകയും ചെയ്തത്. സീനിയര്‍ ബൗളറായ മുഹമ്മദ് സിറാജിനു ഒരോവര്‍ ബാക്കിനില്‍ക്കെയായിരുന്നു റിങ്കുവിനെ സൂര്യ പന്തേല്‍പ്പിച്ചത്. ഇതു നേരത്തേയുള്ള പ്ലാനായിരുന്നോയെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് റിങ്കു.

RINKU SINGH

ബിസിസിഐ പോസ്റ്റ് ചെയ്ത വീഡിയോയില്‍ സംസാരിക്കവെയാണ് ബൗളിങില്‍ സൂര്യ നടത്തിയ വലിയ ചൂതാട്ടത്തെക്കുറിച്ച് അദ്ദേഹം തുറന്നു പറഞ്ഞത്. ആഭ്യന്തര ക്രിക്കറ്റില്‍ ഞാന്‍ കുറച്ചു വിക്കറ്റുകള്‍ നേടിയിരുന്നു. ഏകദിനത്തിലും ഞാന്‍ ഒരു വിക്കറ്റെടുത്തിട്ടുണ്ട്. ഈ പരമ്പരയില്‍ ബൗളിങിനായി തയ്യാറായി ഇരിക്കാന്‍ സൂര്യ എന്നെ അറിയിക്കുകയും ചെയ്തതായി റിങ്കു വെളിപ്പെടുത്തുന്നു.

ഈ മല്‍സരത്തിനു മുമ്പ് ഞാന്‍ ബൗളിങ് പരിശീലനമൊന്നും നടത്തിയിരുന്നില്ല. എങ്കിലും ബൗളിങില്‍ പരിശീലനം തുടര്‍ന്നു കൊണ്ടിരിക്കണമെന്നു സൂര്യ ഭായ് എന്നോടു പറഞ്ഞിരുന്നു. ഈ കളിയില്‍ ബൗള്‍ ചെയ്യുമെന്നു ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. കാരണം മല്‍സരത്തിലെ സാഹചര്യം വളരെ കടുപ്പമേറിയതായിരുന്നു. എന്നാല്‍ എന്നോടു ബൗള്‍ ചെയ്യാന്‍ സൂര്യ ആവശ്യപ്പെടുകയായിരുന്നുവെന്നും റിങ്കൂ കൂട്ടിച്ചേര്‍ത്തു.

138 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യമായിരുന്നു ലങ്കയ്ക്കു ഇന്ത്യ നല്‍കിയത്. കളിയുടെ 18ാം ഓവര്‍ വരെ ലങ്ക വിജയമുറപ്പിക്കുകയും ചെയ്തിരുന്നു. ഖലീല്‍ അഹമ്മദെറിഞ്ഞ 18ാം ഓവറില്‍ 12 റണ്‍സ് ലങ്കയ്ക്കു ലഭിച്ചിരുന്നു. ഇതില്‍ ആറു റണ്‍സും വൈഡുകളില്‍ നിന്നായിരുന്നു. 18ാം ഓവര്‍ കഴിഞ്ഞപ്പോള്‍ ലങ്ക നാലു വിക്കറ്റിനു 129 റണ്‍സെടുത്തിരുന്നു. ആറു വിക്കറ്റുകള്‍ കൈയിലിക്കെ അവസാനത്തെ രണ്ടോവറില്‍ വേണ്ടത് വെറും ഒമ്പതു റണ്‍സ് മാത്രം. 19ാം ഓവറില്‍ സിറാജിനെ സൂര്യ വിളിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

പക്ഷെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് റിങ്കുവിനെ സ്‌കൈ പന്തേല്‍പ്പിക്കുകയായിരുന്നു. ഫിഫ്റ്റിക്കരികെ നില്‍ക്കുകയായിരുന്ന കുശാല്‍ പെരേരയെ (46) രണ്ടാമത്തെ ബോളില്‍ തന്നെ റിങ്കു മടക്കി. ഓവറിലെ അവസാനത്തെ ബോളില്‍ രമേഷ് മെന്‍ഡിസിനെയും (3) അദ്ദേഹം പുറത്താക്കി. ഓവറില്‍ ലങ്കയ്ക്കു നേടാനായത് വെറും മൂന്നു റണ്‍സ് മാത്രമാണ്.

RINKU SINGH- SURYAKUMAR YADAV

അവസാനത്തെ ഓവറില്‍ ലങ്കയ്ക്കു ജയിക്കാന്‍ വേണ്ടത് ആറു റണ്‍സായിരുന്നു. നാലു വിക്കറ്റുകളും അവരുടെ പക്കലുണ്ടായിരുന്നു. ഈ ഓവറിലും സിറാജിനെ സൂര്യ പന്തേല്‍പ്പിച്ചില്ല. പകരം സൂര്യ സ്വയം ബൗള്‍ ചെയ്യാനെത്തുകയും ചെയ്തു. ഈ ചൂതാട്ടവും വിജയം കണ്ടു. രണ്ടാമത്തെ ബോളില്‍ കമിന്ദു മെന്‍ഡിസിനെ സൂര്യ പുറത്താക്കി. അദ്ദേഹത്തിന്റെ കന്നി ടി20 വിക്കറ്റും കൂടിയാണിത്.

അടുത്ത ബോളില്‍ മഹീഷ് തീക്ഷണയെയും (0) സൂര്യ മടക്കി. ഓവറില്‍ ലങ്കയ്ക്കു വെറും അഞ്ചു റണ്‍സ് മാത്രമേ ലഭിച്ചുള്ളൂ. ഇതോടെയാണ് മല്‍സരം ടൈയില്‍ കലാശിച്ചത്. തുടര്‍ന്നുള്ള സൂപ്പര്‍ ഓവറില്‍ രണ്ടു റണ്‍സ് മാത്രമേ ലങ്കയ്ക്കു ലഭിച്ചുള്ളൂ. മൂന്നു ബോളിനിടെ രണ്ടു വിക്കറ്റും നഷ്ടമാവുകയും ചെയ്തു. ഇന്ത്യക്കു ജയിക്കാന്‍ മൂന്നു റണ്‍സ് മാത്രമ വേണമന്നിരിക്കെ ആദ്യ ബോളില്‍ ബൗണ്ടറി പായിച്ച് സൂര്യ ടീമിന്റെ വിജയ റണ്‍സ് കുറിക്കുകയായിരുന്നു.

Story first published: Thursday, August 1, 2024, 13:47 [IST]
Other articles published on Aug 1, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+