മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ശ്രീലങ്കന്‍ പരമ്പര ഇന്ന് ആരംഭിക്കുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് നടക്കാനിരിക്കുമ്പോള്‍ ഇന്ത്യക്ക് മുന്നില്‍ വെല്ലുവിളികളേറെയാണ്. ഗൗതം ഗംഭീറെന്ന പുതിയ പരിശീലകന് കീഴില്‍ ഇന്ത്യ കളിക്കുന്ന ആദ്യത്തെ പരമ്പരയാണിത്. കൂടാതെ ഹാര്‍ദിക് പാണ്ഡ്യയെ മാറ്റി സൂര്യകുമാര്‍ യാദവിനെ നായകനാക്കി ഇന്ത്യ ഇറങ്ങുമ്പോള്‍ എങ്ങനെയാവും ടീമിന്റെ പ്രകടനമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
സൂര്യകുമാര്‍ യാദവ് ടി20യില്‍ മികച്ച റെക്കോഡുള്ള ബാറ്റ്‌സ്മാനാണെങ്കിലും ക്യാപ്റ്റനെന്ന നിലയില്‍ വലിയ അനുഭവസമ്പത്തില്ല. അതുകൊണ്ടുതന്നെ സമ്മര്‍ദ്ദ ഘട്ടത്തിലെ പ്രകടനമടക്കം കാത്തിരുന്ന് കണ്ടറിയണം. ഇപ്പോഴിതാ ഇന്ത്യയുടെ നായകനാവുമ്പോള്‍ സൂര്യകുമാര്‍ യാദവ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യം എന്താണെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകനായ രവി ശാസ്ത്രി. ബൗളര്‍മാരുടെ കരുത്ത് തിരിച്ചറിയുകയെന്നതാണ് പ്രധാനപ്പെട്ട കാര്യമെന്നാണ് രവി ശാസ്ത്രി പറയുന്നത്.
'ഇന്ത്യയുടെ നായകനാവുമ്പോള്‍ സൂര്യകുമാര്‍ യാദവ് ഒരു കാര്യം തിരിച്ചറിയേണ്ടതായുണ്ട്. അത് തങ്ങളുടെ ബൗളര്‍മാരുടെ കരുത്ത് എന്താണെന്നും പരിമിതി എന്താണെന്നുമാണ്. ഒരു ബൗളര്‍ക്ക് ഇത്തരമൊരു ദൗര്‍ബല്യമുണ്ടെന്ന് ഞാനൊരിക്കലും പറയില്ല. അവരുടെ കരുത്തിനെക്കുറിച്ചും പ്രത്യേകമായി പറയാനാവില്ല. മികച്ച രീതിയില്‍ ഫീല്‍ഡിങ് വിന്യസിക്കുന്ന കാര്യത്തിലും സൂര്യ ശ്രദ്ധ നല്‍കേണ്ടതായുണ്ട്. ഇക്കാര്യങ്ങളാണ് സൂര്യ പഠിക്കേണ്ടത്.
സൂര്യയുടെ പ്രതിഭ എന്താണെന്ന് എല്ലാവര്‍ക്കുമറിയാം. നിലവിലെ ഏറ്റവും മികച്ച ടി20 ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് സൂര്യ. സ്വയം മാച്ച് വിന്നറായ താരമാണവന്‍. എപ്പോഴും തന്റേതായ വ്യത്യസ്തമായ പ്രകടനം നടത്താന്‍ അവന് സാധിക്കും. സൂര്യയെ നായകനാക്കിയത് മോശമായ തീരുമാനമാണെന്ന് ഒരിക്കലും പറയാനാവില്ല' ഐസിസി റിവ്യൂ പരിപാടിയില്‍ സംസാരിക്കവെ രവി ശാസ്ത്രി പറഞ്ഞു. സൂര്യകുമാര്‍ യാദവ് മികച്ച ടി20 ബാറ്റ്‌സ്മാനാണ്.

എന്നാല്‍ മികച്ച ക്യാപ്റ്റനാവുമോയെന്നത് കാലം തെളിയിക്കേണ്ടതാണ്. ടി20 ലോകകപ്പ് നേടിയതിന് ശേഷം ഇന്ത്യ സീനിയര്‍ താരങ്ങളോടെ കളിക്കുന്ന ആദ്യത്തെ പരമ്പരയാണിത്. അതുകൊണ്ടുതന്നെ ചാമ്പ്യന്‍ ടീമിന്റെ പ്രകടനം ഇന്ത്യ കാഴ്ചവെക്കേണ്ടതായുണ്ട്. അല്ലാത്ത പക്ഷം സൂര്യക്കും ഗംഭീറിനും വലിയ വിമര്‍ശനം നേരിടേണ്ടതായി വരും. ടി20യിലെ അനുഭവസമ്പത്ത് സൂര്യക്ക് ഗുണം ചെയ്യും. എന്നാല്‍ ക്യാപ്റ്റനെന്ന നിലയിലെ പരിചയസമ്പത്ത് കുറവ് തിരിച്ചടിയാവാനാണ് സാധ്യത.
ശ്രീലങ്ക തട്ടകത്തില്‍ കരുത്തുറ്റ നിരയാണ്. സനത് ജയസൂര്യയെന്ന പരിശീലകന് കീഴില്‍ ആത്മവിശ്വാസം വീണ്ടെടുത്ത് ശ്രീലങ്ക ഇറങ്ങിയാല്‍ കാര്യങ്ങള്‍ കടുപ്പമാവും. സൂര്യയെ സംബന്ധിച്ചുള്ള മറ്റൊരു പ്രശ്‌നം ടീമിലെ ഭിന്നത മാറ്റി മുന്നോട്ട് പോവുകയെന്നതാണ്. നായകസ്ഥാനത്ത് നിന്ന് അപ്രതീക്ഷിതമായി ഹാര്‍ദിക് പാണ്ഡ്യയെ മാറ്റിയതില്‍ താരത്തിന് അതൃപ്തിയുണ്ടാവും. ഇത് ടീമിനെ ബാധിക്കാത്ത രീതിയില്‍ മുന്നോട്ട് പോകേണ്ടത് ക്യാപ്റ്റന്റെ ഉത്തരവാദിത്തമാണ്.
കൂടാതെ യുവതാരനിരയാണ് ഇന്ത്യക്കുള്ളത്. രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ വിരമിച്ചതിനാല്‍ ഇവരുടെ പകരക്കാരെ വളര്‍ത്തുകയെന്ന ഉത്തരവാദിത്തവും സൂര്യക്ക് മുകളിലാണ്. സഞ്ജു സാംസണെ ടി20യില്‍ സൂര്യകുമാര്‍ ഉപയോഗിക്കുന്നത് എങ്ങനെയാണെന്നും കണ്ടറിയണം. റിയാന്‍ പരാഗിനെപ്പോലെയുള്ള യുവതാരങ്ങളെ പിന്തുണച്ച് വളര്‍ത്തേണ്ടതായുണ്ട്. ഇതിന് സൂര്യക്ക് സാധിക്കുമോയെന്ന കാര്യവും കണ്ടറിയണം.
ഏറ്റവും പ്രധാനപ്പെട്ട കാര്യം ബാറ്റ്‌സ്മാനെന്ന നിലയിലെ സൂര്യയുടെ പ്രകടനമാണ്. മധ്യ ഓവറുകളിലെ സൂര്യയുടെ കടന്നാക്രമണം ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ട കാര്യമാണ്. നായകനാവുമ്പോഴുള്ള സമ്മര്‍ദ്ദം സൂര്യയുടെ ബാറ്റിങ് പ്രകടനത്തെ ബാധിക്കാതെ നോക്കേണ്ടതായുണ്ട്. ക്യാപ്റ്റനാവുമ്പോള്‍ അടിച്ചു തകര്‍ത്തു കളിക്കല്‍ ശൈലി സൂര്യകുമാര്‍ മാറ്റുമോയെന്ന കാര്യവും കണ്ടറിയണം. എന്തായാലും ശ്രീലങ്കന്‍ പരമ്പര സൂര്യകുമാറിന്റെ നായകനെന്ന നിലയിലെ പ്രകടനത്തെ വിലയിരുത്തപ്പെടുന്നതാവുമെന്ന് ഉറപ്പാണ്.