പല്ലെക്കെലെ: ടി20യില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ അഭാവം നികത്താന്‍ തനിക്കു സാധിക്കുമെന്നു ശ്രീലങ്കയുമായുള്ള ആദ്യ പോരാട്ടത്തില്‍ തന്നെ തെളിയിച്ചിരിക്കുകയാണ് യുവ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗ്. ബാറ്റിങില്‍ കാര്യമായി സംഭാവന ചെയ്യാന്‍ സാധിച്ചില്ലെങ്കിലും ബൗളിങില്‍ ടീമിന്റെ സര്‍പ്രൈസ് ഹീറോ ആയി അദ്ദേഹം മാറുകയായിരുന്നു. ഡെത്തോവറില്‍ പരാഗിനെ വച്ചുള്ള ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ പരീക്ഷണം ക്ലിക്കാവുകയും ചെയ്തു. മൂന്നു വിക്കറ്റുകളാണ് അദ്ദേഹം പോക്കറ്റിലാക്കിയത്. എല്ലാം ക്ലീന്‍ ബൗള്‍ഡുമായിരുന്നു.
1.2 ഓവറില്‍ 3.8 ഇക്കോണമി റേറ്റില്‍ അഞ്ചു റണ്‍സ് മാത്രം വിട്ടുകൊടുത്താണ് മൂന്നു പേരെ പരാഗ് മടക്കിയത്. കമിന്ദു മെന്‍ഡിസ് (20), മഹീഷ് തീക്ഷണ (2), ദില്‍ഷന്‍ മധുഷങ്ക (0) എന്നിവരായിരുന്നു അദ്ദേഹത്തിന്റെ ഇരകള്‍. മൂന്നു പേരെയും പരാഗ് ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. നേരത്തേ ബാറ്റിങില്‍ ആറാം നമ്പറിലാണ് അദ്ദേഹം ഇറങ്ങിയത്. ആറു ബോളില്‍ ഏഴു റണ്‍സെടുത്ത് മടങ്ങുകയും ചെയ്തു. ബാറ്റിങിലെ ഈ ക്ഷീണം ബൗളിങില്‍ പരാഗ് തീര്‍ക്കുകയായിരുന്നു.

ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ബൗളിങില്‍ തന്നിലര്‍പ്പിച്ച വിശ്വാസം പരാഗ് കാത്തുസൂക്ഷിക്കുകയായിരുന്നു. ബൗളിങില്‍ ഭാവിയില്‍ പല മാച്ച് വിന്നിങ് പ്രകടനങ്ങളും നടത്താന്‍ തനിക്കു സാധിക്കുമെന്നാണ് ഈ മല്‍സരത്തില്‍ യുവതാരം തെളിച്ചിരിക്കുന്നത്. ബൗളിങില്‍ പരാഗ് ഇത്രയും കേമനായിട്ടും ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനായ സഞ്ജു സാംസണ്‍ എന്തുകൊണ്ട് വേണ്ട രീതിയില്‍ ഉപയോഗിച്ചില്ലെന്നതാണ് ചോദ്യം.
വല്ലപ്പോഴും മാത്രമേ റോയല്‍സിനായി പരാഗ് പന്തെറിയാറുള്ളൂ. എന്നാല്‍ അടുത്ത സീസണില്‍ നിലനിര്‍ത്തിയാല്‍ റോയല്‍സിനായി ബൗളിങിലും കസറാന്‍ സാധിക്കുമെന്നു സഞ്ജുവിനു അദ്ദേഹം നേരിട്ടു തന്നെ കാണിച്ചു കൊടുത്തിരിക്കുകയാണ്. 2019 മുതല്‍ റോയല്‍സിന്റെ ഭാഗമാണ് പരാഗ്. 70 മല്‍സരങ്ങളില്‍ ഇതിനകം കളിച്ചുകഴിഞ്ഞ അദ്ദേഹം വെറും 175 ബോളുകള്‍ മാത്രമേ ഇതുവരെ എറിഞ്ഞിട്ടുള്ളൂ. നാലു വിക്കറ്റുകളാണ് പരാഗ് വീഴ്ത്തിയത്.

2019ല്‍ രണ്ടു വിക്കറ്റുകളെടുത്ത അദ്ദേഹം പിന്നീടുള്ള അഞ്ചു സീസണുകളില്‍ വീഴ്ത്തിയത് രണ്ടു വിക്കറ്റുകള്‍ മാത്രമാണ്. 2023ല്‍ ഒരോവര്‍ പോലും പരാഗിനെക്കൊണ്ട് നായകന്‍ സഞ്ജു ബൗള്‍ ചെയ്യിച്ചിരുന്നില്ല. കഴിഞ്ഞ തവണയാവട്ടെ വെറും 18 ബോളുകളാണ് താരമെറിഞ്ഞത്. ഒമ്പത് ഇക്കോണമി റേറ്റില്‍ വിക്കറ്റില്ലാതെ വഴങ്ങിയത് 27 റണ്‍സുമാണ്.
ആഭ്യന്തര ക്രിക്കറ്റില്‍ അസമിനായി ബാറ്റിങിനൊപ്പം ബൗളിങിലും പരാഗ് മിന്നിക്കാറുണ്ട്. പക്ഷെ ഐപിഎല്ലില്‍ അദ്ദേഹത്തിനു ബൗളിങില്‍ വേണ്ടത്ര അവസരങ്ങള്‍ ലഭിക്കുന്നില്ലെന്നു കാണാം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 29 മല്‍സരങ്ങളില്‍ നിന്നും 50 വിക്കറ്റുകള്‍ പരാഗ് വീഴ്ത്തിയിട്ടുണ്ട്. 3.82 എന്ന മികച്ച ഇക്കോണമി റേറ്റിലാണിത്. ഒരു ഫൈഫറും അഞ്ചു നാലു വിക്കറ്റ് നേട്ടവുമുള്‍പ്പെടെയാണിത്.
ലിസ്റ്റ് എ ക്രിക്കറ്റിലാവട്ടെ 44 ഇന്നിങ്‌സുകളില്‍ പരാഗ് പന്തെറിഞ്ഞിട്ടുണ്ട്. 4.93 ഇക്കോണമി റേറ്റില്‍ 50 വിക്കറ്റുകളും നേടി. മൂന്നു തവണ നാലു വിക്കറ്റുകള്‍ വീഴ്ത്താന്‍ അദ്ദേഹത്തിനായിട്ടുണ്ട്. ടി20യില്‍ 65 ഇന്നിങ്‌സുകളിലാണ് പരാഗ് ബൗള്‍ ചെയ്തിട്ടുള്ളത്. ഇവയില്‍ 7.21 എന്ന മികച്ച ഇക്കോണമി റേറ്റില്‍ 44 വിക്കറ്റുകളും പോക്കറ്റിലാക്കി. ഇന്ത്യക്കൊപ്പം ഇനിയുള്ള മല്‍സരങ്ങളിലും ബൗളിങില്‍ കസറാന്‍ പരാഗിനു സാധിച്ചാല്‍ അതു സഞ്ജുവിനും ഐപിഎല്ലില്‍ മുതല്‍ക്കൂട്ടായി മാറുമെന്നുറപ്പാണ്.