മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യയുടെ പരമ്പര നാളെ ആരംഭിക്കാനിരിക്കെ എല്ലാവരും വലിയ പ്രതീക്ഷയിലാണ്. ഗൗതം ഗംഭീറെന്ന പരിശീലകന് കീഴില്‍ ഇന്ത്യ കളിക്കുന്ന ആദ്യത്തെ പരമ്പരയാണിത്. ടീം തിരഞ്ഞെടുപ്പില്‍ ചില ഞെട്ടിപ്പിക്കുന്ന തീരുമാനങ്ങളെടുക്കാന്‍ ഗംഭീര്‍ ധൈര്യം കാട്ടിയിരുന്നു. ഇത് ടീമിനെ എങ്ങനെ ബാധിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ടി20 ലോകകപ്പില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനും ഗംഭീര പ്രകടനത്തോടെ വിജയ ശില്‍പ്പിയാവുകയും ചെയ്ത താരമാണ് ഹാര്‍ദിക് പാണ്ഡ്യ.
രോഹിത് ശര്‍മ വിരമിച്ചപ്പോള്‍ സ്വാഭാവികമായും അടുത്തതായി നായകനാവേണ്ടിയിരുന്നത് ഹാര്‍ദിക്കായിരുന്നു. എന്നാല്‍ ഹാര്‍ദിക് പാണ്ഡ്യയെ മാറ്റി പകരം സൂര്യകുമാര്‍ യാദവിനെ ടി20 നായകനാക്കിയാണ് ഇന്ത്യ ശ്രീലങ്കയില്‍ ഇറങ്ങുന്നത്. ഈ തീരുമാനത്തിനെതിരേ വ്യാപക വിമര്‍ശനമുണ്ട്. ഇതിനോടകം മികവ് തെളിയിച്ച നായകനായിട്ടും ഹാര്‍ദിക്കിനെ തഴഞ്ഞ് ഗംഭീര്‍ സൂര്യകുമാറിനെ ക്യാപ്റ്റനാക്കിയത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലെ ബന്ധം കൊണ്ടാണെന്ന ആരോപണം ശക്തമാണ്.
എന്നാല്‍ ഇപ്പോഴിതാ സൂര്യകുമാറിനെ ഇന്ത്യയുടെ നായകനാക്കാന്‍ ആദ്യം ശ്രമിച്ചത് ഗംഭീറല്ലെന്നും മുന്‍ പരിശീലകനായ രാഹുല്‍ ദ്രാവിഡ് ഇതിനായുള്ള നീക്കം നടത്തിയിരുന്നുവെന്നുമാണ് ഇപ്പോള്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഇന്ത്യയുടെ ബൗളിങ് പരിശീലകനായിരുന്നു പരാസ് മാംബ്രെയാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്. 'ടി20 ലോകകപ്പില്‍ ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കി ഇറങ്ങാനായിരുന്നു ഇന്ത്യ പദ്ധതിയിട്ടിരുന്നത്.
എന്നാല്‍ അപ്രതീക്ഷിതമായി ഹാര്‍ദിക്കിന് പരിക്കേറ്റതോടെ ടീമിന്റെ എല്ലാ പ്രതീക്ഷകളും തെറ്റി. ആ സമയത്ത് രോഹിത് ശര്‍മയും വിരാട് കോലിയും ടി20 ടീമിലില്ലായിരുന്നു. ഒരു വര്‍ഷത്തോളം ഇവര്‍ ഇടവേളയെടുത്ത് പുറത്ത് നില്‍ക്കുകയായിരുന്നു. അതുകൊണ്ടുതന്നെ നിലവിലെ ടീമില്‍ നിന്നൊരു നായകനെ കൊണ്ടുവരാനാണ് രാഹുല്‍ ദ്രാവിഡും സഹ പരിശീലകരും ചര്‍ച്ച നടത്തിയത്. എല്ലാവര്‍ക്കും സ്വീകാര്യനും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിവുള്ളവനുമായ സൂര്യകുമാറിനെയാണ് എല്ലാവരും നിര്‍ദേശിച്ചത്.

യുവതാരങ്ങളോടെല്ലാം വളരെ സൗഹൃദത്തോടെ പെരുമാറുന്ന താരമാണ് സൂര്യകുമാര്‍ യാദവ്. ടി20യില്‍ വളരെയധികം അനുഭവസമ്പത്തും അവനുണ്ട്. എല്ലാവരുമായി അടുത്ത സൗഹൃദം കാത്ത് സൂക്ഷിക്കുന്ന താരമാണ് സൂര്യകുമാര്‍. ബുദ്ധിമാനും ധൈര്യശാലിയുമായ ക്രിക്കറ്റ് താരമാണവന്‍' മാംബ്രെ പറഞ്ഞു. എന്നാല്‍ ഇതിന് മുന്നോടിയായി രോഹിത് ശര്‍മയും വിരാട് കോലിയും ടി20യിലേക്ക് തിരിച്ചുവരാന്‍ താല്‍പര്യം അറിയിച്ചതോടെ ഇവര്‍ക്ക് അവസരം നല്‍കി.
രോഹിത് ശര്‍മയുള്ളപ്പോള്‍ മറ്റൊരു നായകനെക്കുറിച്ച് ആലോചിക്കാനാവില്ല. അതുകൊണ്ടാണ് അന്ന് സൂര്യക്ക് നായകസ്ഥാനം ലഭിക്കാതെ പോയത്. കാര്യങ്ങള്‍ അനുകൂലമായി വന്നിരുന്നെങ്കില്‍ ദ്രാവിഡ് പരിശീലകനായിരിക്കെ സൂര്യകുമാര്‍ യാദവ് ഇന്ത്യയുടെ ടി20 നായകനായി എത്തുമായിരുന്നു. അതുകൊണ്ടുതന്നെ ഗംഭീറിനെ തെറ്റ് പറയാനാവില്ല. ഹാര്‍ദിക് പാണ്ഡ്യയെക്കാളും സീനിയര്‍ താരം സൂര്യകുമാറാണ്. ക്യാപ്റ്റന്‍സി അര്‍ഹിക്കുന്ന താരമാണ് സൂര്യ.
ടി20യില്‍ പകരക്കാരനില്ലാത്ത പ്രതിഭയായി ഇതിനോടകം മാറാന്‍ സൂര്യക്ക് സാധിച്ചിട്ടുണ്ട്. നായകസ്ഥാനത്തേക്കെത്തുമ്പോഴും ഈ മികവ് തുടരാന്‍ സൂര്യക്ക് സാധിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. മുംബൈ ഇന്ത്യന്‍സിനേയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനേയും ഒരു തവണ നയിക്കാന്‍ സൂര്യക്ക് സാധിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരേ ഇന്ത്യയെ നയിക്കാനുള്ള ഭാഗ്യവും സൂര്യക്ക് ലഭിച്ചു.
അഞ്ച് മത്സരങ്ങളില്‍ ജയിപ്പിക്കാനും സൂര്യക്കായി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ക്യാപ്റ്റനായി സെഞ്ച്വറി നേടാനും സൂര്യകുമാറിന് സാധിച്ചിട്ടുണ്ട്. സൂര്യയുടെ റെക്കോഡുകള്‍ നോക്കുമ്പോള്‍ ക്യാപ്റ്റനായി ശോഭിക്കാനാണ് സാധ്യത. എന്നാല്‍ ഹാര്‍ദിക് പാണ്ഡ്യ ഗുജറാത്ത് ടൈറ്റന്‍സിനെ അരങ്ങേറ്റ സീസണില്‍ കപ്പടിപ്പിക്കുകയും രണ്ടാം സീസണില്‍ റണ്ണറപ്പുകളാക്കുകയും ചെയ്ത ക്യാപ്റ്റനാണ്. സമ്മര്‍ദ്ദ സാഹചര്യങ്ങളില്‍ മികവ് കാട്ടാന്‍ ഹാര്‍ദിക്കിന് മികവുണ്ട്.
ഈ കഴിവ് സൂര്യക്കുണ്ടാവുമോയെന്നതാണ് കണ്ടറിയേണ്ടത്. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലൂടെത്തന്നെ ഇത് വ്യക്തമാവുമെന്നുറപ്പ്. എന്തായാലും വലിയ വെല്ലുവിളിയാണ് ഗംഭീറിനെയും സൂര്യകുമാറിനേയും കാത്തിരിക്കുന്നതെന്ന് നിസംശയം പറയാം.