പല്ലെക്കെലെ: രാഹുല്‍ ദ്രാവിഡ് മാറി ഗൗതം ഗംഭീറും രോഹിത് ശര്‍മയ്ക്കു പകരം സൂര്യകുമാര്‍ യാദവും വന്നിട്ടും മലയാളി താരം സഞ്ജു സാംസണിന്റെ കാര്യത്തില്‍ മാറ്റമൊന്നുമില്ല. ശ്രീലങ്കയ്‌ക്കെതിരായ ആദ്യത്തെ ടി20 മല്‍സരത്തിനുള്ള ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ നിന്നും അദ്ദേഹം തഴയപ്പെട്ടിരിക്കുകയാണ്. മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ സഞ്ജുവിനു ഇടം ലഭിക്കുമെന്നായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചത്. പക്ഷെ ആരു മാറിയാലും തന്റെ വിധി ഇതു തന്നെയാണെന്നു അദ്ദേഹത്തിനു ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്.
റിഷഭ് പന്താണ് വിക്കറ്റ് കീപ്പറായി ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഇടം പിടിച്ചത്. അവസാന പരമ്പരയില്‍ ഫ്‌ളോപ്പായിരുന്ന റിയാന്‍ പരാഗിനു വരെ ടീമില്‍ സ്ഥാനം ലഭിച്ചിട്ടും സഞ്ജുവിന്റെ സ്ഥാനം പുറത്തു തന്നെയായിരുന്നു. സിംബാബ്‌വെയുമായുള്ള കഴിഞ്ഞ അഞ്ചു ടി20കളുടെ പരമ്പരയിലെ അവസാനത്തെ മല്‍സരത്തില്‍ ഫിഫ്റ്റികുറിക്കാന്‍ അദ്ദേഹത്തിനായിരുന്നു. ബാറ്റിങ് തകര്‍ച്ച നേരിട്ട ഇന്ത്യയെ അന്നു രക്ഷിച്ചത് സഞ്ജുവിന്റെ ഫിഫ്റ്റിയായിരുന്നു. പക്ഷെ ഈ പ്രകടനവും ലങ്കയ്‌ക്കെതിരേ സ്ഥാനം നിലനിര്‍ത്താന്‍ അദ്ദേഹത്തെ സഹായിച്ചില്ല.

പുതിയ കോച്ച് ഗംഭീറിനും ക്യാപ്റ്റന്‍ സൂര്യക്കുമെതിരേ വലിയ ആരാധകരോഷമാണ് ഉയരുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇരുവരും വലിയ പ്രതിഷേധമാണ് നേരിടുന്നത്. നേരത്തേ അവസാനമായി കളിച്ച ഏകദിനത്തില്‍ സെഞ്ച്വറി നേടിയിട്ടുള്ള താരമാണ് സഞ്ജു. കഴിഞ്ഞ ഡിസംബറില്‍ നടന്ന സൗത്താഫ്രിക്കന്‍ പര്യടനത്തിലായിരുന്നു ഇത്. എന്നിട്ടും ലങ്കയുമായുള്ള ഏകദിന സ്‌ക്വാഡില്‍ പോലും അദ്ദേഹത്തിനു സ്ഥാനം ലഭിച്ചില്ല. ഇതിന്റെ ചൂടാറു മുമ്പാണ് അവസാന കളിയില്‍ ഫിഫ്റ്റിയുണ്ടായിട്ടും സഞ്ജുവിനു പുറത്തിരിക്കേണ്ടി വന്നിരിക്കുന്നത്.
ഗൗതം ഗംഭീറിനെപ്പോലെ വാക്കിനു വിലയില്ലാത്ത മറ്റൊരാള്‍ കാണില്ല. സഞ്ജു സാംസണിനെ കളിപ്പിച്ചില്ലെങ്കില്‍ അതു അദ്ദേഹത്തിന്റെയല്ല, മറിച്ച് ഇന്ത്യയുടെ നഷ്ടമാണെന്നു പൊക്കിയടിച്ചയാളാണ് അദ്ദേഹം. ഇപ്പോള്‍ ഗംഭീര്‍ എന്താണ് ചെയ്തിട്ടുള്ളതെന്നു നോക്കൂ. സെഞ്ച്വറിക്കു പിന്നാലെ സഞ്ജുവിനെ ഏകദിന ടീമില്‍ നിന്നും തഴഞ്ഞു. അതിനു ശേഷം ഫിഫ്റ്റിക്കു തൊട്ടുപിറകെ ടി20യിലും അദ്ദേഹത്തെ പ്ലെയിങ് ഇലവനില്‍ നിന്നും തഴഞ്ഞിരിക്കുകയാണ് ഗംഭീര്‍. ഇതു വലിയ ചതിയാണെന്നും ആരാധകര്‍ ആഞ്ഞടിക്കുന്നു.
സഞ്ജു സാംസണിന്റെ കഥ പഴയതു പോലെ തന്നെ തുടരുകയാണ്. രാഹുല്‍ ദ്രാവിഡിനു പകരം ഗൗതം ഗംഭീര്‍ വന്നപ്പോഴെങ്കിലും അദ്ദേഹത്തിന്റെ സമയം തെളിയുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചത്. എന്നാല്‍ ആരു വന്നാലു സഞ്ജു രക്ഷപ്പെടാന്‍ പോവില്ലെന്നു ഇപ്പോള്‍ ഉറപ്പായിരിക്കുകയാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

സിംബാബ്‌വെയ്‌ക്കെതിരേ ദുരന്തമായ റിയാന്‍ പരാഗിനെ കളിപ്പിക്കും. ടി20 വഴങ്ങാത്ത റിഷഭ് പന്തിനു എത്ര അവസരങ്ങള്‍ വേണമെങ്കിലും നല്‍കും. പക്ഷെ മല്‍സരം ജയിപ്പിക്കാന്‍ ശേഷിയുള്ള സഞ്ജു സാംസണിനു മാത്രം കളിക്കാന്‍ അവസരമില്ല. ഇന്ത്യന്‍ ക്രിക്കറ്റിലെ വൃത്തികെട്ട രാഷ്ട്രീയം തന്നെയാണ് വീണ്ടും മറനീക്കി പുറത്തു വന്നിരിക്കുന്നത്. ഇന്ത്യന്‍ ടീമില്‍ ഒരിക്കലും സ്ഥാനമുറപ്പിക്കാന്‍ സഞ്ജുവിനു സാധിക്കില്ല. ഇതു വീണ്ടും തെളിഞ്ഞിരിക്കുകയാണെന്നു ആരാധകര്‍ വിമര്‍ശിക്കുന്നു.
സഞ്ജു സാംസണിനു പകരം റിഷഭ് പന്ത് വീണ്ടും പ്ലെയിങ് ഇലവനില്‍. ഇതെല്ലാം ഇന്ത്യയില്‍ മാത്രമേ നടക്കുകയുള്ളൂ. ടി20 ഫോര്‍മാറ്റ് വഴങ്ങില്ലെന്നു വീണ്ടും വീണ്ടും റിഷഭ് തെളിയിച്ചിട്ടും അദ്ദേഹത്തെ ടീം മാനേജ്‌മെന്റ് നിര്‍ബന്ധിച്ച് കളിപ്പിക്കുകയാണന്നു തോന്നുന്നു. ടി20ക്കു ഏറ്റവും അനുയോജ്യനായ സഞ്ജു സാംസണിനെ തഴഞ്ഞിന് എന്തു ന്യായീകരണമാണ് ഗൗതം ഗംഭീറിനും സൂര്യകുമാര്‍ യാദവിനും നല്‍കാനുള്ളതെന്നും ആരാധകര്‍ ചോദിക്കുന്നു.