ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നു ടി20കളുടെ പരമ്പരയ്ക്കു ശനിയാഴ്ച തുടക്കമാവുകയാണ്. കടലാസില്‍ കരുത്തര്‍ സൂര്യകുമാര്‍ യാദവ് നയിക്കുന്ന ഇന്ത്യ തന്നെയാണങ്കിലും ലങ്കയെ നിസാരരായി തള്ളിക്കളയാന്‍ സാധിക്കില്ല. കളി ജയിപ്പിക്കാന്‍ ശേഷിയുള്ള ചില താരങ്ങള്‍ ഇപ്പോഴത്തെ ലങ്കന്‍ സംഘത്തിലുണ്ട്. ചരിത് അസലന്‍കയ്ക്കു കീഴില്‍ ശക്തമായ 16 അംഗ സ്‌ക്വാഡിനെയാണ് ലങ്ക പ്രഖ്യാപിച്ചിരിക്കുന്നത്.
കഴിഞ്ഞ ടി20 ലോകകപ്പിലേറ്റ നിരാശ ഇന്ത്യക്കെതിരായ പരമ്പരയില്‍ വിജയം കൊയ്തു കൊണ്ട് മായ്ച്ചു കളയാനായിരിക്കും ലങ്കയുടെ ശ്രമം. സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വനിന്ദു ഹസരങ്ക നയിച്ച ലങ്കന്‍ ടീം ഗ്രൂപ്പുഘട്ടത്തില്‍ തന്നെ നാണംകെട്ട് പുറത്താവുകയായിരുന്നു. തുടര്‍ന്ന് ഹസരങ്ക ക്യാപറ്റന്‍സിയൊഴിയുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ത്യക്കെതിരായ പരമ്പരയില്‍ അസലന്‍കയെ പതിയ ക്യാപ്റ്റനായി ലങ്ക നിയമിച്ചിരിക്കുന്നത്.

ടി20 പരമ്പരയില്‍ ഇന്ത്യക്കു ഏറ്റവുമധികം ഭീഷണിയുയര്‍ത്താന്‍ സാധ്യതയുള്ള മൂന്നു ലങ്കന്‍ താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം. വനിന്ദു ഹസരങ്കയാണ് ഈ ലിസ്റ്റിലെ ഒരാള്‍. ബോളും ബാറ്റും കൊണ്ട് മാച്ച് വിന്നിങ് പ്രകടനങ്ങള്‍ കാഴ്ചവയ്ക്കാന്‍ അദ്ദേഹത്തിനു സാധിക്കും. ടി20യില്‍ വളരെ മികച്ച റെക്കോര്‍ഡ് കൂടിയാണ് ഹസരങ്കയ്ക്കുള്ളത്. 68 മല്‍സരങ്ങളില്‍ നിന്നും 6.85 ഇക്കോണമി റേറ്റില്‍ 15.44 ശരാശരിയില്‍ 110 വിക്കറ്റുകള്‍ അദ്ദേഹം നേടിക്കഴിഞ്ഞു.
2019ല്‍ അരങ്ങേറിയ ഹസരങ്ക ലങ്കന്‍ ടീമിലെ അവിഭാജ്യ ഘടകം കൂടിയാണ്. ഐപിഎല്ലില്‍ കളിച്ച് പരിചയമുള്ളതിനാല്‍ തന്നെ ഇന്ത്യന്‍ താരങ്ങളുടെ കരുത്തും ദൗര്‍ബല്യവും ലെഗ് സ്പിന്നര്‍ക്കു നന്നായി അറിയാം. ടി20 പരമ്പരയില്‍ ഹസരങ്കയെ ഇതു സഹായിച്ചേക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ അദ്ദേഹത്തെ നേരിടാന്‍ പുതിയ പ്ലാന്‍ ഇന്ത്യക്കു തയ്യാറാക്കേണ്ടതായി വരികയും ചെയ്യും.
വലംകൈയന്‍ ഫാസ്റ്റ് ബൗളര്‍ ദുഷ്മന്ത ചമീരയാണ് ലങ്കന്‍ നിരയില്‍ ഇന്ത്യക്കു ഭീഷണിയാവുന്ന രണ്ടാമത്തൊള്‍. മികച്ച വേഗതയും ന്യൂബോള്‍ നന്നായി സ്വിങ് ചെയ്യിക്കാനുള്ള മിടുക്കും അദ്ദേഹത്തെ അപകടകാരിയാക്കി തീര്‍ക്കുന്നു. നേരത്തേ ഇന്ത്യക്കെതിരേ കളിച്ചപ്പോള്‍ ബാറ്റിങ് നിരയ്ക്കു വെല്ലുവിളിയുയര്‍ത്താന്‍ ചമീരയ്ക്കായിരുന്നു.
വരാനിരിക്കുന്ന മൂന്നു ടി20കളുടെ പരമ്പരയിലും ലങ്കന്‍ ബൗളിങിനു അദ്ദേഹം ചുക്കാന്‍ പിടിക്കും. ബ്രേക്ക്ത്രൂകള്‍ നല്‍കാന്‍ മിടുക്കനായ ചമീരയുടെ തുടക്കത്തിലെ ഓവറുകള്‍ ഇന്ത്യക്കു വെല്ലുവിളി തന്നെ ആയിരിക്കും. ഇതിനെ അതിജീവിക്കാനായാല്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കു കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമായിരിക്കും.

മുന്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ കുശാല്‍ മെന്‍ഡിസാണ് ശ്രീലങ്കന്‍ ടീമില്‍ ഇന്ത്യക്കു ഭീഷണി ആയേക്കാവുന്ന മൂന്നാമത്തെയാള്‍. തുടക്കം മുതല്‍ ആക്രമിച്ചു കളിക്കാന്‍ ഇഷ്ടപ്പെടുന്ന താരമാണ് അദ്ദേഹം. അതുകൊണ്ടു തന്നെ കുശാലിനെ നേരത്തേ തന്നെ പുറത്താക്കിയില്ലെങ്കില്‍ ഇന്ത്യക്കു കാര്യങ്ങള്‍ കടുപ്പമായി മാറും.
ക്രീസില്‍ നിലയുറപ്പിച്ചു കഴിഞ്ഞാല്‍ പുറത്താക്കാന്‍ വളരെ ബുദ്ധിമുട്ടുള്ള താരവുമാണ് കുശാല്‍. ലങ്കന്‍ പ്രീമിയര്‍ ലീഗില്‍ മികച്ച പ്രകടനം നടത്തിയ ശേഷമാണ് അദ്ദേഹത്തിന്റെ വരവ്. 11 മല്‍സരങ്ങളില്‍ നിന്നും 149.55 സ്‌ട്രൈക്ക് റേറ്റില്‍ 329 റണ്‍സ് കുശാല്‍ സ്‌കോര്‍ ചെയ്തിരുന്നു. ഇന്ത്യക്കെതിരേയും ഈ ഫോം നിലനിര്‍ത്താമെന്ന ആത്മവിശ്വാസത്തിലായിരിക്കും അദ്ദേഹം.