മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി ഗൗതം ഗംഭീര്‍ ചുമതലയേറ്റെടുത്തിരിക്കുകയാണ്. ശ്രീലങ്കയ്‌ക്കെതിരേ നാളെ ആരംഭിക്കുന്ന പരമ്പരയില്‍ ഗംഭീറിന്റെ പരിശീലനത്തിലാവും ഇന്ത്യ ഇറങ്ങുക. ടീമിലേക്കെത്തിയതിന് പിന്നാലെ ഗംഭീര്‍ നടത്തിയ ചില നീക്കങ്ങള്‍ ഇതിനോടകം വലിയ ചര്‍ച്ചയായിട്ടുണ്ട്. ഇതിലൊന്ന് ഹാര്‍ദിക് പാണ്ഡ്യയെ തഴഞ്ഞ് സൂര്യകുമാര്‍ യാദവിനെ ടി20 നായകനാക്കിയതാണ്. ഗംഭീര്‍ ചുമതലയേല്‍ക്കുന്നതിന് മുമ്പ് തന്നെ വിരാട് കോലിയും രോഹിത് ശര്‍മയും ടി20 കരിയര്‍ അവസാനിപ്പിച്ചു.
ഇവരുടെ ഭാവി ഗംഭീറിന് കീഴില്‍ എങ്ങനെയാവുമെന്നതാണ് കണ്ടറിയേണ്ടത്. ഒരിക്കല്‍ സഹതാരമായിരുന്ന ഗംഭീര്‍ പരിശീലകനാവുമ്പോള്‍ രോഹിത് ശര്‍മക്ക് സന്തോഷം മാത്രം. കാരണം ഗംഭീറുമായി അടുത്ത ബന്ധമാണ് രോഹിത് ശര്‍മക്കുള്ളത്. അതേ സമയം കോലിക്ക് വലിയ ഭീഷണിയായി ഗംഭീര്‍ മാറിയേക്കും. ഇരുവരും തമ്മില്‍ അത്ര മികച്ച ബന്ധമല്ല ഉള്ളത്. ഐപിഎല്ലിലടക്കം പല തവണ ഇരുവരും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയിരുന്നു.
നേരത്തെ രോഹിത് ശര്‍മയെക്കുറിച്ചും കോലിയെക്കുറിച്ചും പറഞ്ഞ കാര്യമല്ല പരിശീലകനായ ശേഷം ഗംഭീര്‍ പറയുന്നത്. ഇപ്പോള്‍ ഇരുവരേയും മാച്ച് വിന്നര്‍മാരെന്നും കോലിയെ ഇതിഹാസമെന്നുമെല്ലാണ് വിശേഷിപ്പിച്ചത്. എന്നാല്‍ നേരത്തെ പരിശീലകനായാല്‍ ടി20യില്‍ സീനിയര്‍ താരങ്ങള്‍ വേണ്ടെന്ന നിലപാടാണ് ഗംഭീര്‍ സ്വീകരിക്കുന്നത്. ഗംഭീറിന്റെ പല തീരുമാനങ്ങളും നേരത്തെ പറഞ്ഞതിന് വിപരീതമാണെന്ന് വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം കെ ശ്രീകാന്ത്.
'ഗൗതം ഗംഭീര്‍ യു ടേണ്‍ എടുത്തിരിക്കുകയാണ്. ടി20 ലോകകപ്പില്‍ തിളങ്ങിയില്ലെങ്കില്‍ രോഹിത്തും കോലിയും ഇന്ത്യന്‍ ടീമിലുണ്ടാകില്ലെന്നാണ് ഗംഭീര്‍ പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ അവര്‍ മാച്ച് വിന്നര്‍മാരാണെന്നും ഇതിഹാസങ്ങളാണെന്നും പറയുന്നു. ഇവരില്‍ ഇനിയും ഏറെ ക്രിക്കറ്റ് ബാക്കിയുണ്ടെന്നും കഴിയുന്നിടത്തോളം കളിക്കാമെന്നും ഫിറ്റാണെങ്കില്‍ 2027ലെ ലോകകപ്പും കളിക്കണമെന്ന് പറയുന്നു' ശ്രീകാന്ത് യുട്യൂബ് ചാനലില്‍ സംസാരിക്കവെ പറഞ്ഞു.

ഗംഭീര്‍ നേരത്തെ പലപ്പോഴും ക്രിക്കറ്റ് മത്സരങ്ങളെ നിരൂപിക്കാറുണ്ട്. ഈ സമയത്ത് കോലിയേയും രോഹിത്തിനേയും പ്രശംസിക്കാറുണ്ടെങ്കിലും പല വിമര്‍ശനങ്ങളും ഗംഭീര്‍ ഉയര്‍ത്തിയിരുന്നു. അതുകൊണ്ടുതന്നെ പരിശീലകനാവുമ്പോള്‍ ഗംഭീറിന്റെ നിലപാട് എങ്ങനെയാവുമെന്നാണ് എല്ലാവരും ഉറ്റുനോക്കിയത്. പക്ഷെ ഇരുവരേയും പിന്തുണച്ചാണ് ഗംഭീര്‍ സംസാരിച്ചത്. ശ്രീലങ്കന്‍ പരമ്പരക്ക് മുമ്പ് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലും കോലിയേയടക്കം ഗംഭീര്‍ പ്രശംസിച്ചിരുന്നു.
എന്നാല്‍ ഗംഭീറിന് കീഴിലേക്ക് രോഹിത്തും കോലിയും എത്തിയിട്ടില്ല. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമില്‍ കോലിയും രോഹിത്തുമുണ്ട്. രോഹിത്താണ് ഇന്ത്യയെ നയിക്കുന്നത്. നിലവില്‍ ടി20 ലോകകപ്പിന് ശേഷം വിരമിക്കുന്ന ഇരുവരും നേരത്തെ ശ്രീലങ്കന്‍ പരമ്പരക്കുണ്ടാകില്ലെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഇപ്പോള്‍ ഏകദിനം കളിക്കാമെന്ന നിലപാടിലേക്കെത്തുകയായിരുന്നു. ശ്രീലങ്കന്‍ പരമ്പരക്ക് ശേഷം ഗംഭീറിന്റെ നിലപാടുകളും ഇന്ത്യന്‍ ടീമിന്റെ ഭാവിയും വ്യക്തമാവും.
ഹാര്‍ദിക് പാണ്ഡ്യയെ തഴഞ്ഞ് സൂര്യകുമാര്‍ യാദവിനെ ഇന്ത്യ ക്യാപ്റ്റനാക്കിയത് എങ്ങനെ ടീമിനെ ബാധിക്കുമെന്നത് ഈ പരമ്പരയിലൂടെ മനസിലാക്കാനാവും. ഇതിന് ശേഷം ഗംഭീറിന്റെ നീക്കങ്ങള്‍ എങ്ങനെയാവുമെന്നതാണ് കണ്ടറിയേണ്ടത്. എന്തായാലും ഗംഭീര്‍ കോലിയോടും രോഹിത്തിനോടും അനുകൂലമായിത്തന്നെയാവും പ്രതികരിക്കുകയെന്നുറപ്പാണ്. രണ്ട് പേര്‍ക്കും കഴിയുന്നിടത്തോളം കാലം കളിക്കാനുള്ള അവസരം ഗംഭീര്‍ നല്‍കിയേക്കും.
എന്നാല്‍ ഹാര്‍ദിക് പാണ്ഡ്യയുടെ കാര്യത്തില്‍ ഗംഭീര്‍ എടുക്കുന്ന നിലപാടുകളാണ് വിവാദത്തിന് കാരണമാവുന്നത്. ടി20 ലോകകപ്പിലെ വൈസ് ക്യാപ്റ്റനായിരുന്ന ഹാര്‍ദിക്കിനെ ഗംഭീര്‍ പൂര്‍ണ്ണമായും തഴഞ്ഞിരിക്കുകയാണ്. ഇതിനോടകം തന്നെ ഇത് വലിയ ചര്‍ച്ചയായിട്ടുണ്ട്. ശ്രീലങ്കന്‍ പരമ്പരയില്‍ നായകനെന്ന നിലയില്‍ സൂര്യകുമാര്‍ നിരാശപ്പെടുത്തിയാല്‍ ഗംഭീറിനത് വലിയ തിരിച്ചടിയായി മാറുമെന്ന കാര്യം ഉറപ്പാണ്.