പുതിയ കോച്ച് ഗൗതം ഗംഭീറിനു കീഴില്‍ ആദ്യത്തെ അന്താരാഷ്ട്ര പരമ്പരയ്ക്കു തയ്യാറെടുക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ഈ മാസം അവസാനത്തോടെ ആരംഭിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തിലാണ് അദ്ദേഹത്തിനു കീഴില്‍ ടീം ആദ്യം കളിക്കുക. മൂന്നു വീതം ടി20കളും ഏകദിനങ്ങളുമുള്‍പ്പെട്ടതാണ് ഇന്ത്യയുടെ ലങ്കന്‍ പര്യടനം. ഇവയ്ക്കുള്ള ടീമുകളെ അധികം വൈകാതെ പ്രഖ്യാപിക്കുമെന്നാണ് വിവരം.
ടീം സെലക്ഷനുമായി ബന്ധപ്പെട്ട് അജിത് അഗാര്‍ക്കറുമായി ഗംഭീര്‍ ഉടന്‍ ചര്‍ച്ച നടത്തുമെന്നാണ് വിവരം. സ്ഥിരം ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഈ പരമ്പരയില്‍ കളിച്ചേക്കില്ല. പകരം ഹാര്‍ദിക് പാണ്ഡ്യയാവും ടീമിനെ നയിച്ചേക്കുക. ബിസിസിഐയുടെ ബ്ലാക്ക്‌ലിസ്റ്റില്‍ ഉള്‍പ്പെടുകയും വിവാദ നായകരാവുകയും ചെയ്ത താരങ്ങളാണ് മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യരും വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനും. ഇവരില്‍ ഒരാളെ മാത്രമേ ലങ്കയുമായുള്ള ഏകദിന പരമ്പരയില്‍ ഗംഭീര്‍ തിരിച്ചു വിളിക്കുകയുള്ളൂവെന്നാണ് സൂചനകള്‍.

ശ്രേയസാണ് ടീമിലേക്കു മടങ്ങിവന്നേക്കുക. എന്നാല്‍ ഇഷാനെ ടീമിലേക്കു തിരികെയെടുക്കാനുള്ള സാധ്യതകള്‍ കുറവാണ്. ഇതു മലയാളി താരം സഞ്ജു സാംസണിന്റെ പ്രതീക്ഷകളും വര്‍ധിപ്പിച്ചിരിക്കുകയാണ്.
റിഷഭ് പന്തും സഞ്ജുവുമായിരിക്കും ഈ പരമ്പരയില്‍ വിക്കറ്റ് കീപ്പറായി ടീമില്‍ ഇടം നേടിയേക്കുക. അവസാനമായി സിംബാബ്‌വെയ്‌ക്കെതിരേ കളിച്ച ടി20യില്‍ ഫിഫ്റ്റിയുമായി മിന്നിച്ചതോടെ അദ്ദേഹം ടീമിലെത്താനുള്ള സാധ്യതയും വര്‍ധിച്ചിട്ടുണ്ട്. മാത്രമല്ല ഏകദിനത്തില്‍ ബാറ്ററെന്ന നിലയില്‍ മികച്ച റെക്കോര്‍ഡുണ്ടെന്നതും സഞ്ജുവിനു പ്ലസ് പോയിന്റാണ്.
അതേസമയം, ബിസിസിഐയുടെ ആവശ്യം നിരസിച്ച് രഞ്ജി ട്രോഫിയില്‍ കളിക്കാതെ മാറി നിന്നതിന്റെ പേരിലാണ് ശ്രേയസും ഇഷാനും വില്ലന്‍മാരായി മാറിയത്. കഴിഞ്ഞ വര്‍ഷം ഡിസംബറിനു ശേഷം ഇന്ത്യന്‍ ടീമിനു പുറത്താണ് ഇഷാനെങ്കില്‍ ഫെബ്രുവരിക്കു ശേഷം ശ്രേയസും ദേശീയ ടീമിനു വേണ്ടി കളിച്ചിട്ടില്ല. ബിസിസിഐയുടെ പുതിയ മുഖ്യ കരാറില്‍ നിന്നും രണ്ടു പേരും പിന്നീട് പുറത്താക്കപ്പെടുകയും ചെയ്തിരുന്നു.
ശ്രേയസിന്റെ കാര്യത്തില്‍ വലിയൊരു ആശയക്കുഴപ്പം കാരണമാണ് ഇത്തരമൊരു വിവാദമുണ്ടായതെന്നു വ്യക്തമാണ്. പുറംഭാഗത്തു ശസ്ത്രക്രിയ്ക്കു വിധേയനായ ശേഷമാണ് കഴിഞ്ഞ ഏകദിന ലോകകപ്പിലൂടെ അദ്ദേഹം തിരിച്ചെത്തിയത്. ടൂര്‍ണമെന്റി്ല്‍ ശ്രദ്ധേയമായ പ്രകടനം അദ്ദേഹം കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു. ലോകകപ്പിനു ശേഷം വീണ്ടും പുറംഭാഗത്തിനു വേദനയനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് രഞ്ജിയില്‍ കളിക്കാതെ ശ്രേയസ് മാറിനിന്നത്.
പക്ഷെ ഇക്കാര്യം ബിസിസിഐയെ അറിയിക്കുന്നതില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ഭാഗത്തു നിന്നും വീഴ്ച സംഭവിക്കുകയും തുടര്‍ന്ന് രഞ്ജിയില്‍ നിന്നുള്ള പിന്‍മാറ്റം ശ്രേയസിനെ പ്രതിക്കൂട്ടിലാക്കുകയും ചെയ്തു. എങ്കിലും സംഭവം വിവാദമായി മാറിയതോടെ രഞ്ജിയില്‍ മുംബൈയ്ക്കായി താരം കളിക്കുകയും ചെയ്തിരുന്നു. കൂടാതെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ ചാംപ്യന്‍മാരാക്കിയ ക്യാപ്റ്റനുമായി ശ്രേയസ് മാറിയിരുന്നു.

ഐപിഎല്‍ ഫൈനലിനു ശേഷം ബിസിസിഐ സെക്രട്ടറി ജയ് ഷായുമായി സംസരിച്ച ശ്രേയസ് എല്ലാ തെറ്റിദ്ധാരണകളും നീക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ടു തന്നെ ശ്രീലങ്കയുമായി നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ടീമിലേക്കു മടങ്ങിയെത്തുന്നതില്‍ അദ്ദേഹത്തിനു തടസ്സങ്ങളുമില്ല. മാത്രമല്ല കോച്ച് ഗംഭീറുമായുള്ള സൗഹൃദവും ടീമിലേക്കു തിരികെയെത്താന്‍ ശ്രേയസിനെ സഹായിക്കുകയും ചെയ്യും. കളിഞ്ഞ ഐപിഎല്ലില്‍ ശ്രേയസിനു കീഴില്‍ കെകെആര്‍ ചാംപ്യന്‍മാരായപ്പോള്‍ ഉപദേശക സ്ഥാനത്തുണ്ടായിരുന്നത് ഗംഭീറായിരുന്നു.
അതേസമയം, ഇഷാന്റെ കാര്യങ്ങള്‍ കുറേക്കൂടി സങ്കീര്‍ണമാണ്. സൗത്താഫ്രിക്കന്‍ പര്യടനത്തിനിടെയാണ് കഴിഞ്ഞ ഡിസംബറില്‍ ബ്രേക്ക് ആവശ്യപ്പെട്ട് അദ്ദേഹം ടീം വിട്ടത്. ടെസ്റ്റ് പരമ്പരയ്ക്കു തൊട്ടുമുമ്പായിരുന്നു ഇത്. ദേശീയ ടീമിന്റെ ഭാഗമല്ലാത്തതിനാല്‍ നാട്ടിലെത്തിയ ഇഷാന്‍ രഞ്ജിയില്‍ ജാര്‍ഖണ്ഡിനായി കളിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്.
പക്ഷെ താരം ഇതിനു കൂട്ടാക്കിയില്ല. മാത്രമല്ല ആഴ്ചകളോളം ഇഷാന്‍ എവിടെയാണെന്ന കാര്യത്തില്‍ പോലും അവ്യക്തതയും തുടര്‍ന്നു. ഇതിനിടെ ബിസിസിഐയുമായി കരാറുള്ള കളിക്കാര്‍ രഞ്ജിയില്‍ കളിക്കേണ്ടത് നിര്‍ബന്ധമാണെന്നു മുന്‍ കോച്ച് രാഹുല്‍ ദ്രാവിഡ്, ജയ് ഷാ എന്നിവര്‍ ചൂണ്ടിക്കാട്ടിയിട്ടും ഇഷാന്‍ ഇവയെല്ലാം തീര്‍ത്തും അവഗണിക്കുകയായിരുന്നു.