IND vs SL: ഏകദിനത്തില്‍ കിങ് സിറാജ്, ബുംറയെക്കാള്‍ കേമനോ? കണക്കുകള്‍ ഇതാ
കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ ടോസ് നഷ്ടപ്പെട്ട് ഇന്ത്യ ആദ്യം പന്തെറിയുകയാണ്. ഇന്ത്യയുടെ ബൗളര്‍മാര്‍ മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെക്കുന്നത്. സ്‌കോര്‍ബോര്‍ഡില്‍ 7 റണ്‍സുള്ളപ്പോള്‍ അവിഷ്‌ക ഫെര്‍ണാണ്ടോയെ മുഹമ്മദ് സിറാജ് പുറത്താക്കി. ശ്രീലങ്കയ്‌ക്കെതിരേ സിറാജ് തന്റെ ഗംഭീര ബൗളിങ് പ്രകടനം തുടരുകയാണ്. സമീപകാലത്ത് ശ്രീലങ്കന്‍ ടീം ഏറ്റവും ഭയപ്പെടുന്ന ബൗളറാണ് സിറാജെന്ന് പറയാം.
2023ലെ ഏഷ്യാ കപ്പ് ഫൈനലില്‍ 21 റണ്‍സിന് ആറ് വിക്കറ്റ് വീഴ്ത്തി സിറാജ് ശ്രീലങ്കയെ തകര്‍ത്തിരുന്നു. ഈ മത്സരത്തില്‍ വെറും 50 റണ്‍സിനാണ് ശ്രീലങ്ക ഓള്‍ഔട്ടായത്. ഒരോവറില്‍ നാല് വിക്കറ്റ് പ്രകടനമടക്കം നടത്തിയ സിറാജ് ഇന്ന് ഇന്ത്യയുടെ ഏകദിനത്തിലെ ഏറ്റവും വിശ്വസ്തനായ ബൗളറാണ്. ശ്രീലങ്കയ്‌ക്കെതിരായ സിറാജിന്റെ ഏകദിന കണക്കുകളും ഗംഭീരമാണ്. ഇന്നത്തെ മത്സരം കൂട്ടാതെ അഞ്ച് മത്സരമാണ് സിറാജ് ശ്രീലങ്കയ്‌ക്കെതിരേ കളിച്ചിട്ടുള്ളത്. അഞ്ച് മെയ്ഡന്‍ ഓവറുകള്‍ എറിഞ്ഞു. 16 വിക്കറ്റുകളാണ് ഇതിനോടകം വീഴ്ത്തിയത്.
രണ്ട് തവണ നാല് വിക്കറ്റ് പ്രകടനം നടത്തിയ സിറാജ് ഒരു തവണ അഞ്ച് വിക്കറ്റ് പ്രകടനവും നടത്തി. 2023മുതലുള്ള കണക്ക് പരിശോധിക്കുമ്പോള്‍ ഏകദിനത്തില്‍ ആദ്യ 10 ഓവറിനുള്ളില്‍ കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബൗളര്‍ മുഹമ്മദ് സിറാജാണ്. 24 വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. ദില്‍ഷന്‍ മധുശങ്കയാണ് 22 വിക്കറ്റോടെ രണ്ടാം സ്ഥാനത്ത്. ഏകദിനത്തില്‍ ഇന്ത്യക്കായി തുടര്‍ച്ചയായി മികവ് കാട്ടാന്‍ സിറാജിന് സാധിക്കുന്നുണ്ട്.
ടി20യില്‍ ഇന്ത്യയുടെ വജ്രായുധം ബുംറയാണെങ്കില്‍ ടി20യിലത് സിറാജാണെന്ന് പറയാം. മികച്ച ലൈനും പേസും സ്വിങ്ങും ഉപയോഗിച്ച് ആദ്യ ഓവറുകളില്‍ത്തന്നെ വിക്കറ്റ് വീഴ്ത്തി എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാന്‍ സിറാജിന് സാധിക്കുന്നു. ശ്രീലങ്കയ്‌ക്കെതിരേയാണ് സിറാജ് കൂടുതല്‍ തിളങ്ങിയിട്ടുള്ളത്. തുടക്ക കാലത്തെ തല്ലുകൊള്ളി ബൗളറില്‍ നിന്ന് സിറാജ് ഇപ്പോള്‍ ഏവരും ഭയക്കുന്ന ബൗളറായി വളര്‍ന്നുവെന്നതാണ് എടുത്തു പറയേണ്ടത്.

42 ഏകദിനത്തില്‍ നിന്ന് 69 വിക്കറ്റാണ് സിറാജ് വീഴ്ത്തിയത്. ഇക്കോണമി വെറും 5.7 ആണ് എന്നതാണ് എടുത്തു പറയേണ്ടത്. ഒരു തവണയാണ് അദ്ദേഹത്തിന് അഞ്ച് വിക്കറ്റ് പ്രകടനം നടത്താനായത്. ബുംറ 89 ഏകദിനത്തില്‍ നിന്ന് 149 വിക്കറ്റാണ് നേടിയത്. 4.6 ആണ് ഇക്കോണമി. സമീപകാലത്തെ ഫോമില്‍ സിറാജ് ബുംറയെക്കാള്‍ ഒരുപടി മുകളിലാണെന്ന് പറഞ്ഞാലും തെറ്റാകില്ല. എന്നാല്‍ നിര്‍ണ്ണായക ഘട്ടങ്ങളില്‍ ബുംറയുടെ മികവിനോളം നില്‍ക്കാന്‍ മറ്റാര്‍ക്കും സാധിക്കില്ല.
ഇന്ത്യക്കെതിരേ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ശ്രീലങ്കയ്ക്ക് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാനായിട്ടില്ലെന്ന് പറയാം. അവിഷ്‌ക ഫെര്‍ണാണ്ടോയെ (1) മടക്കി മുഹമ്മദ് സിറാജാണ് ശ്രീലങ്കയുടെ തകര്‍ച്ചക്ക് തുടക്കമിട്ടത്. കുശാല്‍ മെന്‍ഡിസിനെ (14) ശിവം ദുബെ എല്‍ബിയില്‍ കുടുക്കി. ഏകദിനത്തിലെ ദുബെയുടെ ആദ്യ വിക്കറ്റാണിത്. സദീര സമരവിക്രമയെ (8) അക്ഷര്‍ പട്ടേല്‍ ശുബ്മാന്‍ ഗില്ലിന്റെ കൈയിലെത്തിച്ചു. നായകന്‍ ചരിത് അസലന്‍ക (14) അല്‍പ്പനേരം പൊരുതിയ ശേഷം മടങ്ങി.
കുല്‍ദീപ് യാദവിന്റെ പന്തില്‍ സ്ലിപ്പില്‍ രോഹിത് ശര്‍മക്ക് അനായാസ ക്യാച്ച് നല്‍കിയാണ് അസലന്‍കയുടെ മടക്കം. അര്‍ധ സെഞ്ച്വറിയോടെ തിളങ്ങിയ പതും നിസങ്കയെ (56) വാഷിങ്ടണ്‍ സുന്ദര്‍ എല്‍ബിയില്‍ കുടുക്കി. ഇതോടെ 101 റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന നിലയിലേക്ക് ശ്രീലങ്ക തകര്‍ന്നു. ജസ്പ്രീത് ബുംറ ഇല്ലാതെയാണ് ഇന്ത്യ ശ്രീലങ്കന്‍ പരമ്പര കളിക്കുന്നത്. ടി20 പരമ്പര തൂത്തുവാരിയതുപോലെ ഏകദിന പരമ്പരയും ഇന്ത്യക്ക് തൂത്തുവാരാനാകുമെന്ന് പ്രതീക്ഷിക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications