സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ ഓവര്‍ടേക്ക് ചെയ്ത് ഇന്ത്യന്‍ ടി20 ടീമിന്റെ പുതിയ ക്യാപ്റ്റനായി സൂര്യകുമാര്‍ യാദവ് വന്നതിനു പിന്നില്‍ സംഭവിച്ചത് എന്തൊക്കെയാണെന്നു ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്തു വിട്ടിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഹാര്‍ദിക്കിന്റെ ടി20 ക്യാപറ്റന്‍സി തെറിച്ചതിനു പിന്നില്‍ ടീമംഗങ്ങള്‍ തന്നെയാണെന്നാണ് വ്യക്തമായിരിക്കുന്നത്. അവര്‍ ഹാര്‍ദിക്കിനെ തള്ളിപ്പറഞ്ഞതാണ് സൂര്യയെ ക്യാപ്റ്റന്‍ സ്ഥാനത്തേക്കു എത്തിച്ചിരിക്കുന്നതെന്നാണ് വ്യക്തമാവുന്നത്.
ടി20 ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കിയ ശേഷം രോഹിത് ശര്‍മ ഈ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചപ്പോള്‍ സ്വാഭാവികമായും വൈസ് ക്യാപ്റ്റന്‍റെ റോളിലുണ്ടായിരുന്ന ഹാര്‍ദിക്കാണ് അടുത്ത സ്ഥിരം ക്യാപ്റ്റനായി വരേണ്ടിയിരുന്നത്. അതു തന്നെയായിരിക്കും തീര്‍ച്ചയായും സംഭവിക്കുകയെന്നും 2026ലെ ടി20 ലോകകപ്പില്‍ ഹാര്‍ദിക്കായിരിക്കും ക്യാപ്റ്റനെന്നും എല്ലാവരും ഉറപ്പിക്കുകയും ചെയ്തിരുന്നു.

പക്ഷെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചാണ് ഇപ്പോള്‍ സൂര്യ നായകനായിരിക്കുന്നത്. ഹാര്‍ദിക്കിനെ വൈസ് ക്യാപ്റ്റന്‍സിയില്‍ നിന്നും നീക്കിയ ബിസിസിഐ പകരം യുവതാരം ശുഭ്മന്‍ ഗില്ലിനും ഈ ചുമതലയും നല്‍കി. ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ കാരണമാണ് സ്ഥിരം ക്യാപ്റ്റനായി ഹാര്‍ദിക്കിനെ നിയമിക്കാതിരുന്നതിനു പിന്നിലെന്നും പുതിയ കോച്ച് ഗൗതം ഗംഭീറിനും താല്‍പ്പര്യം സൂര്യയോടാണെന്നും നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
പക്ഷെ ടീമംഗങ്ങളുടെ ഭാഗത്തു നിന്നും ഹാര്‍ദിക്കിനു വേണ്ടത്ര പിന്തുണ ലഭിക്കാത്തതാണ് അദ്ദേഹത്തിനു ഏറ്റവും വലിയ തിരിച്ചടിയായതെന്നാണ് വ്യക്തമാവുന്നത്. സൂര്യയെ ക്യാപ്റ്റനായി പ്രഖ്യാപിക്കും മുമ്പ് ബിസിസിഐ ഇന്ത്യന്‍ താരങ്ങളില്‍ നിന്നും ഹാര്‍ദിക്കിനെയും സൂര്യയെയും കുറിച്ച് അഭിപ്രായങ്ങള്‍ തേടിയിരുന്നുവെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ടിലുള്ളത്.
ഹാര്‍ദിക്കിനേക്കാള്‍ തങ്ങള്‍ക്കു വിശ്വാസം സൂര്യയെയാണെന്നും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുകയാണ് കൂടുതല്‍ എളുപ്പമെന്നും താരങ്ങള്‍ ബിസിസിഐയെ ധരിപ്പിക്കുകയും ചെയ്തായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതാണ് ഈ റോളിലേക്കു സൂര്യയെ ഫേവറിറ്റാക്കി മാറ്റുകയും ചെയ്തത്. ഹാര്‍ദിക്കിനെ അപേക്ഷിച്ച് കൂടുതല്‍ ശാന്തപ്രകൃതവും ടീമംഗങ്ങളുമായി കൂടുതല്‍ ഇണങ്ങിച്ചേരുകയും ചെയ്യുന്നയാളാണ് സൂര്യ.
കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക എന്നിവരുമായുള്ള ടി20 പരമ്പരകളില്‍ ഹാര്‍ദിക്കിന്റെ അഭാവത്തില്‍ ടീമിനെ നയിച്ചത് സൂര്യയായിരുന്നു. ഈ പരമ്പരയില്‍ അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി ശൈലി താരങ്ങളെ ഏറെ ആകര്‍ഷിക്കുകയും ചെയ്തിരുന്നു. മുന്‍ ക്യാപ്റ്റന്‍ രോഹിത്തുമായി ഏറെ സാമ്യതയുള്ളതാണ് സൂര്യയുടെയും ശൈലിയെന്നു ടീമിലെ പലരും വിശ്വസിക്കുകയും ചെയ്യുന്നു.

കളിക്കാരില്‍ നിന്നുള്ള ഈ പ്രതികരണമാണ് സൂര്യയുടെ നിയമനത്തില്‍ ഏറ്റവുമധികം നിര്‍ണായകമായി മാറിയതെന്നാണ് വ്യക്തമായിരിക്കുന്നത്. പക്ഷെ അദ്ദേഹത്തെ ക്യാപ്റ്റനായി പ്രഖ്യാപിക്കുന്നതിനു വേറെയും ചില തടസങ്ങള്‍ കൂടിയുണ്ടായിരുന്നു. ബിസിസിഐയിലെയും സെലക്ഷന്‍ കമ്മിറ്റിയിലെയും ചില അംഗങ്ങള്‍ ഹാര്‍ദിക് തന്നെയാണ് ക്യാപ്റ്റനായി വരേണ്ടതെന്ന അഭിപ്രായക്കാരായിരുന്നു.
ടീമിനെ മികച്ച രീതിയില്‍ മുന്നോട്ടു കൊണ്ടു പോവാന്‍ സാധിക്കുക ഹാര്‍ദിക്കിനാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. പക്ഷെ കോച്ച് ഗംഭീറും മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറും പുതിയ ക്യാപ്റ്റനായി സൂര്യ തന്നെ മതിയെന്ന അഭിപ്രായക്കാരായിരുന്നു. ഇതോടെയാണ് ബിസിസിഐയും പച്ചക്കൊടി കാണിച്ചതെന്നാണ് വ്യക്തമായിരിക്കുന്നത്.
അതേസമയം, കഴിഞ്ഞ സീസണിലെ ഐപിഎല്ലും ഹാര്‍ദിക്കിന്റെ ഇജേമിനു വലിയ മങ്ങലേല്‍പ്പിച്ചിരുന്നു. ഗുജറാത്ത് ടൈറ്റന്‍സ് വിട്ട് പഴയ തട്ടകമായ മുംബൈ ഇന്ത്യന്‍,സിലേക്കു വരികയും ക്യാപ്റ്റന്‍സി ഏറ്റെടുക്കുകയും ചെയ്ത ശേഷം വലിയ രീതിയിലുള്ള തിരിച്ചടിയാണ് ടീമിനു അകത്തുനിന്നും ആരാധകരുടെ ഭാഗത്തു നിന്നുമെല്ലാം അദ്ദേഹത്തിനു നേരിട്ടത്. മാത്രമല്ല കളിക്കളത്തില്‍ പഴയ ക്യാപ്റ്റനായിരുന്ന രോഹിത്തിനെതിരേയുള്ള ഹാര്‍ദിക്കിന്റെ ചില പെരുമാറ്റവും പലര്‍ക്കും അത്ര രസിച്ചിരുന്നില്ല. മുംബൈ ടീമില്‍ ഹാര്‍ദിക് പലപ്പോഴും ഒറ്റപ്പെടുകയും ചെയ്തിരുന്നു.