IND vs SL: ആരാധകര്‍ ഭയപ്പെട്ടതു സംഭവിച്ചു! ആറു വര്‍ഷത്തിനു ശേഷം കോലിക്കു വന്‍ നാണക്കേട്
ഒടുവില്‍ അതു തന്നെ സംഭവിച്ചു. ശ്രീലങ്കയ്‌ക്കെതിരായ പിങ്ക് ബോള്‍ ടെസ്റ്റിലും മുന്‍ നായകനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലി നിരാശപ്പെടുത്തി. സെഞ്ച്വറിക്കു ശേഷമുള്ള രണ്ടു വര്‍ഷത്തിലേറെയായി നീണ്ട കാത്തിരിപ്പ് അദ്ദേഹം ബെംഗളുരുവില്‍ അവസാനിപ്പിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ അതു നടന്നില്ല. ഫിഫ്റ്റി പോലുമല്ലാതെ രണ്ടിന്നിങ്‌സുകളിലും കോലിക്കു ക്രീസ് വിടേണ്ടി വരികയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 23 റണ്‍സിനു പുറത്തായ കോലി രണ്ടാമിന്നിങ്‌സില്‍ 13 റണ്‍സിനും മടങ്ങുകയായിരുന്നു. സ്പിന്നര്‍മാരായ ധനഞ്ജയ ഡിസില്‍വ, പ്രവീണ്‍ ജയവിക്രമ എന്നിവരാണ് വിക്കറ്റ് നേടിയത്.

ഇതോടെ ടെസ്റ്റില്‍ വിരാട് കോലിയുടെ ബാറ്റിങ് ശരാശരി 50നു താഴേക്കു പതിച്ചിരിക്കുകയാണ്. 49.96 ആണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ടെസ്റ്റ് ശരാശരി. ആറു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ടെസ്റ്റില്‍ കോലിയുടെ ശരാശരി 50ല്‍ താഴേക്കു പോയിരിക്കുന്നത്.
മാത്രമല്ല ഇതോടെ മൂന്നു ഫോര്‍മാറ്റുകളിലും ഫിഫ്റ്റി പ്ലസ് ബാറ്റിങ് ശരാശരിയെന്ന കോലിയുടെ റെക്കോര്‍ഡും തകര്‍ന്നിരിക്കുകയാണ്. ഏകദിനത്തില്‍ 58.07ഉം ടി20യില്‍ 51.5ഉം ആണ് അദ്ദേഹത്തിന്റെ ശരാശരി.

ബെംഗളൂരു ടെസ്റ്റിനു മുമ്പ് 50.36 ആയിരുന്നു വിരാട് കോലിയുടെ ബാറ്റിങ് ശരാശരി. തന്റെ ശരാശരി 50ല്‍ താഴേക്കു പോവാതിരിക്കാന്‍ ഏറ്റവും കുറഞ്ഞത് 42 റണ്‍സെങ്കിലും അദ്ദേഹത്തിനു നേടേണ്ടിയിരുന്നു. ആദ്യ ഇന്നിങ്‌സില്‍ നന്നായി തന്നെ തുടങ്ങാന്‍ കോലിക്കു സാധിച്ചു. പക്ഷെ ടീ ബ്രേക്കിനു തൊട്ടുമുമ്പ് വിക്കറ്റ് നഷ്ടാവുകയായിരുന്നു. പിച്ച് ചെയ്ത ശേഷം താഴ്ന്ന ബോള്‍ കോലിയുടെ പാഡിലേക്കു കയറുകയായിരുന്നു. ബോള്‍ വളരെയധികം താഴേക്കൂടിയാണ് പോയത്. ഈ കാരണത്താല്‍ അതു കണക്ട് ചെയ്യാനും അദ്ദേഹത്തിനായില്ല.

ആദ്യ ഇന്നിങ്‌സിലെ പുറത്താവലിന്റെ റീപ്ലേ പോലെയായിരുന്നു രണ്ടാമിന്നിങ്‌സില്‍ കോലിയുടെ മടക്കം. ഇത്തവണ ബൗളര്‍ മാത്രമാണ് മാറിയത്. പ്രവീണ്‍ ജയവിക്രമയുടെ താഴ്ന്ന ബോള്‍ കോലി പ്രതിരോധിക്കും മുമ്പ് പാഡിലേക്കു വരികയായിരുന്നു. സ്ബധനായി നിന്ന അദ്ദേഹം ചിരിയോടെ തലയാട്ടിയ ശേഷം ഡിആര്‍എസ് പോലുമെടുക്കാതെ ഗ്രൗണ്ട് വിടുകയായിരുന്നു

വിരാട് കോലിയുടെ ബാറ്റിങ് ശരാശരി ആദ്യമായി 50 കടന്നത് കരിയറിലെ 52ാമത്തെ ടെസ്റ്റിലായിരുന്നു. പിന്നീടൊരിക്കലും ഇതു 50നു താഴേക്കു പോവാതിരിക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. പക്ഷെ കരിയറിലെ 101ാമത്തെ ടെസ്റ്റില്‍ കോലിയുടെ ശരാശരി 50നു താഴേക്കു പതിച്ചിരിക്കുകയാണ്.
2015 മുതല്‍ 19 വരെയായിരുന്നു കോലിയുടെ കരിയറിലെ ഏറ്റവും മികച്ച സമയം. 2019ലെ പിങ്ക് ബോള്‍ ടെസ്റ്റിലായിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ അവസാനത്തെ സെഞ്ച്വറി. അതു വരെയുള്ള കോലിയുടെ ശരാശരി 54.97 ആയിരുന്നു. പക്ഷെ പിന്നീടുള്ള ടെസ്റ്റുകളില്‍ ഈ ശരാശരി താഴ്ന്നുകൊണ്ടിരുന്നു. ഇപ്പോള്‍ 49ലുമെത്തിയിരിക്കുകയാണ്.

മുംബൈയില്‍ വച്ച് ഇംഗ്ലണ്ടിനെതിരേ 2016ല്‍ നടന്ന ടെസ്റ്റില്‍ ഡബിള്‍ സെഞ്ച്വറി നേടാന്‍ വിരാട് കോലിക്കായിരുന്നു. 235 റണ്‍സാണ് അന്നു അദ്ദേഹം സ്‌കോര്‍ ചെയ്തത്. ഇതോടെയാണ് ബാറ്റിങ് ശരാശരി 50 കടന്നത്. പിന്നീട് 2019ല്‍ തന്റെ ശരാശരി 55.10ല്‍ വരെയെത്തിക്കാന്‍ കോലിക്കായിരുന്നു. പൂനെയില്‍ വച്ച് സൗത്താഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റില്‍ നേടിയ 254 റണ്‍സാണ് കരിയര്‍ ബെസ്റ്റ് ശരാശരിയില്‍ അദ്ദേഹത്തെ എത്തിച്ചത്. എന്നാല്‍ പിന്നീട് കോലിയുടെ കരിയര്‍ ഗ്രാഫ് താഴേക്കു പതിക്കുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications