പല്ലെക്കെലെ: ഇന്ത്യന്‍ ക്രിക്കറ്റില്‍ ഗൗതം ഗംഭീര്‍- സൂര്യകുമാര്‍ യാദവ് യുഗം വിജയത്തോടെ തന്നെ ആരംഭിച്ചിരിക്കുകയാണ്. ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടി20 പോരാട്ടം 43 റണ്‍സിനാണ് ലോക ചാംപ്യന്‍മാര്‍ കൂടിയായ ഇന്ത്യ ജയിച്ചുകയറിയത്. വിജയമാര്‍ജിന്‍ സൂചിപ്പിക്കുന്നതു പോലെ അത്ര എളുപ്പമായിരുന്നില്ല ഇന്ത്യന്‍ വിജയം. ഒരു ഘട്ടത്തില്‍ പരാജയം മുന്നില്‍ കണ്ട ശേഷമാണ് ഗംഭീരമായി തിരിച്ചുവന്ന സൂര്യയും സംഘവും എന്തുകൊണ്ട് തങ്ങള്‍ ലോക ചാംപ്യന്‍മാരായെന്നു ലോകത്തിനു കാണിച്ചുകൊടുത്തത്. ഈ മല്‍സരത്തില്‍ സൂര്യയുടെ ഗംഭീര ക്യാപ്റ്റന്‍സിയാണ് കളി മാറ്റിയതെന്നു നിസംശയം പറയാം.
സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ അഭാവത്തിലും തന്റെ ബൗളര്‍മാരെ വളരെ നന്നായി ഉപയോഗിക്കാന്‍ അദ്ദേഹത്തിനു സാധിച്ചുവെന്നത് എടുത്തു പറയേണ്ടതാണ്. ഇന്ത്യ നല്‍കിയ 214 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്ക 14ാം ഓവര്‍ വരെയും വിജയപ്രതീക്ഷയിലായിരുന്നു. കാരണം അവര്‍ അപ്പോള്‍ ഒരു വിക്കറ്റിനു 140 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു.

ഒമ്പതു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലങ്കയ്ക്കു അപ്പോള്‍ ജയിക്കാന്‍ 36 ബോൡ 74 റണ്‍സാണ് വേണ്ടിയിരുന്നത്. 20 പ്ലസ് റണ്‍സ് വീതമുള്ള രണ്ടോവറുകള്‍ ലഭിച്ചാല്‍ അവര്‍ക്കു ബോളും റണ്‍സും ആനുപാതികമാക്കാം. വിക്കറ്റുകളും കൈവശമുള്ളത് പ്ലസ് പോയിന്റായിരുന്നു. പക്ഷെ അവിടെ നിന്നാണ് സൂര്യ കളി മാറ്റിയത്.
പേസര്‍മാരെ ലങ്കന്‍ ബാറ്റര്‍മാര്‍ അനായാസം കളിക്കുന്നതായി മനസ്സിലാക്കിയ അദ്ദേഹം സ്ലോ ബൗളര്‍മാരെ ഉപയോഗിച്ചുള്ള തന്ത്രം കൊണ്ടുവരികയായിരുന്നു. 20ാം ഓവറുള്‍പ്പെടെ അവസാനത്തെ ആറോവറില്‍ നാലും അദ്ദേഹം സ്ലോ ബൗളര്‍മാര്‍ക്കാണ് മല്‍കിയത്. ഇതോടെ ലങ്ക തകര്‍ന്നടിയുകയും ചെയ്തു. വെറും 30 റണ്‍സിനിടെയാണ് ഒമ്പതു വിക്കറ്റുകള്‍ കൈവിട്ട ലങ്ക 170 റണ്‍സില്‍ ഓള്‍ഔട്ടായത്.
11 ഓവര്‍ കഴിഞ്ഞപ്പോള്‍ ലങ്ക ഒന്നിനു 106 റണ്‍സെടുത്തിരുന്നു. അടുത്ത ഓവറില്‍ ഹാര്‍ദിക് പാണ്ഡ്യ നല്‍കിയത് 14 റണ്‍സാണ്. ബിഷ്‌നോയ് തൊട്ടുമുമ്പത്തെ ഓവറില്‍ ഏഴു റണ്‍സ് മാത്രമേ നല്‍കിയുള്ളൂവെങ്കിലും അദ്ദേഹത്തിനു അടുത്ത സ്‌പെല്‍ നല്‍കാതെ 13ം ഓവറില്‍ അക്ഷറിനെ സൂര്യ തിരികെ വിളിച്ചു. നേരത്തേ പവര്‍പ്ലേയില്‍ രണ്ടോവറില്‍ വിക്കറ്റില്ലാതെ 18 റണ്‍സാണ് അക്ഷര്‍ വിട്ടുകൊടുത്തത്. പക്ഷെ 13ാം ഓവറില്‍ രണ്ടു ഫോറടക്കം അദ്ദേഹം 11 റണ്‍സ് വഴങ്ങി. എന്നിട്ടും 15ാം ഓവറില്‍ അക്ഷറില്‍ സൂര്യ വിശ്വാസമര്‍പ്പിക്കുകയും ഇതു കളി മാറ്റുകയും ചെയ്തു.

79 റണ്‍സുമായി സെഞ്ച്വറിയിലേക്കു കുതിച്ച പതും നിസങ്കയെ ആദ്യത്തെ ബോളില്‍ അക്ഷര്‍ ബൗള്‍ഡാക്കി. ഇതാണ് കളിയിലെ ടേണിങ് പോയിന്റ്. ഇന്ത്യന്‍ ബൗളര്‍മാരെ ഏറ്റവും കൂളായി നേരിട്ടയാള്‍ നിസങ്കയായിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ വിക്കറ്റ് അവരെ ഞെട്ടിച്ചു. രണ്ടു ഫോറുകള്‍ ഈ ഓവറില്‍ വഴങ്ങിയെങ്കിലും അവസാന ബോളില്‍ മറ്റൊരു വമ്പനടിക്കാരനായ കുശാല്‍ പെരേരയും (20) അക്ഷര്‍ മടക്കി. ഇതോടെ ലങ്ക മൂന്നിന് 149. പിന്നീട് അങ്ങോട്ട് സൂര്യയുടെ ബൗളിങ് റൊട്ടേഷനുകള്‍ ലങ്കയെ വരിഞ്ഞുകെട്ടി.
ബിഷ്‌നോയിയെ അടുത്ത ഓവറില്‍ സൂര്യ തിരികെ വിളിച്ചു. രണ്ടു ഫോറുകള്‍ വഴങ്ങിയെങ്കിലും അവസാന ബോളില്‍ ക്യാപ്റ്റന്‍ ചരിത് ഇസലെന്‍കയെ (0) ബിഷ്‌നോയ് പുറത്താക്കി. അടുത്ത ഓവറില്‍ ആറാമത്തെ ബൗളറായി റിയാന്‍ പരാഗിനെ സൂര്യ കൊണ്ടുവന്നത് മറ്റൊരു മാസ്റ്റര്‍ സ്‌ട്രോക്കായി മാറി. ആറു വിക്കറ്റ് ശേഷിക്കെ ലങ്കയ്ക്കു 24 ബോളില്‍ 56 റണ്‍സാണ് വേണ്ടിയിരുന്നത്.
പക്ഷെ പരാഗിന്റെ ഉജ്ജ്വല ബൗളിങ് ലങ്കയെ തളര്‍ത്തി. ആദ്യ ബോളില്‍ അപകടകാരിയായ ദസുന്‍ ഷനകയെ ഇന്ത്യ റണ്ണൗട്ടാക്കി. നാലാമത്തെ ബോളില്‍ കമിന്ദു മെന്‍ഡിസിനെ പരാഗ് ബൗള്‍ഡാക്കുകയും ചെയ്തു. ഈ ഓവറില്‍ വെറും അഞ്ചു റണ്‍സ് മാത്രമേ ലങ്കയ്ക്കു ലഭിച്ചുള്ളൂ. അടുത്ത ഓവറിലെ ആദ്യ ബോളില്‍ വനിന്ദു ഹസരങ്കയെ അര്‍ഷ്ദീപ് മടക്കിയതോടെ ലങ്ക ഏഴിനു 163ലേക്കു വീണു. ഇതോടെ ഇന്ത്യ വിജയവും ഉറപ്പിക്കുകയായിരുന്നു.